മലയാളത്തിൽ തുടങ്ങി തെലുങ്കിൽ എത്തി ഷെല്ലിയുടെ അഭിനയയാത്ര. ഡിസ്നി പ്ളസ് ഹോട്ട് സ്റ്റാറിൽ സെയ്ത്താൻ എന്ന വെബ് സീരിസിൽ മുഴുനീള കഥാപാത്രമായി എത്തി തെലുങ്ക് അരങ്ങേറ്റം കുറിച്ച ഷെല്ലി യാത്ര 2 വിലും സാന്നിദ്ധ്യം അറിയിച്ചു.തെലുങ്കിൽ ഭഗവൻ ദുഡു ആണ് അടുത്ത റിലീസ്. തമിഴിൽ കാർത്തികേയൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രവും . മലയാളത്തിൽ നാരായണിയുടെ മൂന്ന് ആൺമക്കൾ ആണ് അടുത്ത റിലീസ് .ജിയോ ബേബി പ്രധാന വേഷത്തിൽ എത്തുന്ന സ്വകാര്യം സംഭവ ബഹുലം എന്ന സിനിമയുമായി ഷെല്ലി തിയേറ്രറിലുണ്ട്.സിനിമയിലെ വിശേഷങ്ങളുമായി ഷെല്ലി മനസ് തുറക്കുന്നു.
സ്വകാര്യം സംഭവ ബഹുലത്തിന്റെ ഭാഗമാകണമെന്ന തീരുമാനത്തിന് പിന്നിൽ ?
സംവിധായകൻ നസീർ ബദറുദ്ദീൻ കഥ പറഞ്ഞപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. കുറച്ചു ഭാഗങ്ങളിൽ മാത്രമേ ഞാൻ അവതരിപ്പിക്കുന്ന അമ്പിളി എന്ന കഥാപാത്രം വരുന്നുള്ളൂ. എന്നാൽ ശക്തമായ കഥാപാത്രമാണ്. ഏറെ ഇഷ്ടത്തോടെ ഉൾക്കൊണ്ട്അവതരിപ്പിക്കാൻ സാധിച്ചു. ഒരു മാനസികാരോഗ്യകേന്ദ്രത്തിലെ അറ്റൻഡറാണ് ജിയോ ബേബി സാർ അവതരിപ്പിക്കുന്ന കഥാപാത്രം . അവിടത്തെ നഴ്സാണ് ഞാൻ അവതരിപ്പിക്കുന്ന അമ്പിളി. രണ്ടുപേർക്കും തീവ്രമായ ഇഷ്ടമുണ്ട്. എന്നാൽ അത് അവർ പുറത്ത് കാണിക്കുന്നില്ല. എല്ലാവരുടെയും ജീവിതത്തിൽ ഇത്തരം ആളുകൾ കടന്നു വന്നിട്ടുണ്ടാകാം. വേറിട്ട യാത്ര നടത്തുന്ന സിനിമയാണ് സ്വകാര്യം സംഭവ ബഹുലം.അതിന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചു.
ഷെല്ലിയുടെ കഥാപാത്രങ്ങൾ മിക്കപ്പോഴും സംഘർഷത്തിലൂടെ കടന്നു പോകുന്നു ?
എന്തുകൊണ്ടാണ് അത്തരം കഥാപാത്രങ്ങൾ എന്നെ തേടി വരുന്നതെന്ന് അറിയില്ല. ചിലപ്പോൾ എന്റെ രൂപം അനുയോജ്യമെന്ന് സംവിധായകർക്ക്തോന്നിയതു കൊണ്ടാവാം. എല്ലാവരെയും പോലെ എന്റെ ജീവിതത്തിലും ഉയർച്ചയും താഴ്ചയും സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അത്തരം കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ മനസിലാക്കാനുംതിരിച്ചറിഞ്ഞ് അവതരിപ്പിക്കാനും സാധിക്കുന്നുണ്ട്. ചിലപ്പോൾ ചെയ്യാൻ പറ്റാത്ത സാഹചര്യവും ഉണ്ടാകാറുണ്ട്.
സീരിയലിൽ അഭിനയിക്കുന്നതു കാരണം സിനിമയിൽ നിന്ന് മാറ്റി നിറുത്തുന്ന പ്രവണത ഇപ്പോഴുമുണ്ടോ ?
സീരിയലിൽ അഭിനയിച്ച പകുതി പേരെയും സിനിമയിൽ കണ്ടിട്ടില്ല എന്നത് സത്യമാണ്. എന്നാൽ സീരിയലിലൂടെ വന്ന് പിൽക്കാലത്ത് സിനിമയിൽ തിളങ്ങിയവരുമുണ്ട്. എന്നാൽ ഞാൻ അത്ര സീരിയലുകൾ ഒന്നും ചെയ്തില്ല. ചെയ്ത സീരിയൽ സൂപ്പർ ഹിറ്റായിരുന്നു. സീരിയിലിൽ അഭിനയിക്കുന്നതുകാരണം വിളിക്കാത്തത് സത്യം തന്നെയാണ്. അതേസമയം, എനിക്ക് ഒരു ഭാഗ്യമുണ്ട് . ഞാൻ സീരിയൽ ചെയ്യുന്ന സമയത്ത് തന്നെ അന്യ ഭാഷാ ചിത്രത്തിലേക്ക് വിളി വന്നു. കൂടാതെ മലയാളത്തിൽ സിനിമയും ഡോക്യുമെന്ററിയും ചെയ്തു. അതിനാൽ പരീക്ഷണങ്ങളുടെയൊക്കെ ഭാഗമാകാൻ എന്നിലെ അഭിനേത്രിക്ക് സാധിച്ചുവെന്നാണ് വിശ്വാസം.ഒരിടത്ത് മാത്രമായി എനിക്ക് നിന്ന് പോകേണ്ടി വന്നില്ല. എന്നാൽ എല്ലായിടത്തും ചെറിയതും വലുതുമായ ഇടവേള സംഭവിച്ചു.