sanju-techy

ആലപ്പുഴ: ആവേശം സിനിമാസ്റ്റൈലിൽ കാറിനുള്ളിൽ സ്വീമ്മിംഗ് പൂൾ ഒരുക്കിയ യുട്യൂബർക്കെതിരെ നടപടി. യുട്യൂബർ സഞ്ജു ടെക്കിക്കെതിരെയാണ് ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടിഒ നടപടിയെടുത്തിരിക്കുന്നത്.

യുട്യൂബിൽ 1.6 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആണ് സഞ്ജു ടെക്കിക്കുള്ളത്. സഞ്ജുവും മൂന്ന് സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞയാഴ്‌ചയാണ് അമ്പലപ്പുഴ ദേശീയപാതയോട് ചേർന്നുള്ള റോഡിൽ കാറിൽ സ്വിമ്മിംഗ് പൂൾ തയ്യാറാക്കി യാത്ര ചെയ്തത്. സ്വന്തം ടാറ്റ സഫാരി കാറിന്റെ നടുവിലായി ടാർപോളിൻ ഷീറ്റ് വിരിച്ച് അതിൽ വെള്ളം നിറച്ച് പൂൾ ഒരുക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ലൈവ് ആയിതന്നെ യുട്യൂബിൽ കാണിക്കുകയും ചെയ്തിരുന്നു. മൂന്ന് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ആറായിരത്തിൽ അധികം ലൈക്കുകളും ലഭിച്ചിരുന്നു.

യാത്ര ചെയ്യുന്നതിനിടെ വെള്ളം ലീക്കാവുകയും എഞ്ചിനിൽ ഉൾപ്പെടെ വെള്ളം കയറുകയും ചെയ്തു. സൈഡ് സീറ്റിലെ എയർബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തതിന് പിന്നാലെ യുട്യൂബറും സംഘവും ചേർന്ന് വെള്ളം റോഡിലേയ്ക്ക് ഒഴുക്കി. റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്തു. യുട്യൂബ് ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഉദ്യോഗസ്ഥർ നടപടിയെടുത്തത്. ഇന്നലെ വൈകിട്ടോടെ കാർ കസ്റ്റഡിയിലെടുത്തു. കാർ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കി. സംഭവവുമായി ബന്ധപ്പെട്ട നാലുപേരോട് ഇന്ന് പത്തുമണിയോടെ അമ്പലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഓഫീസിൽ ഹാജരാകാനും നിർദേശിച്ചിരിക്കുകയാണ്. ഇതിനിടെ കാറിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും എംവിഡി ലൈസൻസ് റദ്ദാക്കിയോ എന്നതിനെക്കുറിച്ചും സഞ്ജു ടെക്കി യുട്യൂബിൽ വീഡിയോ പങ്കുവച്ചിട്ടുണ്ട്.