കൊൽക്കത്തയിലെ യുവഭാരതി ക്രീഡാംഗണിൽ ഈ വ്യാഴാഴ്ച കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനു ശേഷം സുനിൽ ഛെത്രി ആ കുപ്പായമൂരും! കഴിഞ്ഞ 19 വർഷമായി ശരീരത്തോട് പറ്റിച്ചേർന്നുകിടന്ന, ഇന്ത്യൻ ഫുട്ബാൾ ടീം കുപ്പായം. 2005ൽ പാകിസ്ഥാനെതിരെ ക്വെറ്റയിൽ ഗോളടിച്ചു തുടങ്ങിയ ഛെത്രിയുടെ വിയർപ്പിന്റെ കഥയാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലെ ഇന്ത്യൻ ഫുട്ബാളിന്റെ ചരിത്രം.
ഇന്ത്യൻ ഫുട്ബാൾ ടീം എന്ന മാൻകൂട്ടത്തിൽ വന്നുപെട്ടുപോയ കൊമ്പനാനയാണ് സുനിൽ ഛെത്രി. തനിക്കൊപ്പം തലയെടുപ്പുള്ളവർ ആരുമില്ലാതെ ഒറ്റപ്പെട്ടുപോയിട്ടും ഒരു യന്ത്രം പോലെ ഗോളടിച്ചുകൂട്ടിക്കൊണ്ടേയിരുന്നു, അയാൾ. പിൻബലം നൽകാൻ പടയാളികളില്ലാത്ത സേനാധിപനായി യുദ്ധങ്ങൾ നയിച്ചു. 39-ാം വയസിൽ സുനിൽ ഛെത്രി അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കുമ്പോൾ ഛെത്രിയുടെ പേരിൽ ഇന്ത്യൻ ഫുട്ബാളിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനും ഇന്ത്യൻ ടീമിനായി കൂടുതൽ മത്സരങ്ങൾ കളിച്ച താരവുമെന്ന നേട്ടം മാത്രമല്ല,കളിക്കളത്തിലുള്ള താരങ്ങളുടെ ആഗോള ഗോൾവേട്ടയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസിക്കും പിന്നിലെ മൂന്നാമൻ എന്ന അപൂർവ റെക്കാഡും സ്വന്തമായുണ്ട്. ഒരു ഇന്ത്യൻ താരത്തിന് ഒരിക്കലും സ്വന്തമാക്കാൻ കഴിയുമെന്ന് ആരും സ്വപ്നം കാണാത്ത റെക്കാഡ്.
ഇന്ത്യയ്ക്കു വേണ്ടി 150 മത്സരങ്ങൾ കളിച്ച ഏക താരമാണ് സുനിൽ ഛെത്രി. നൂറുമത്സരങ്ങൾ ഇന്ത്യയ്ക്കായി തികച്ച താരമായി ഛെത്രിയല്ലാതെ ആരുമില്ല എന്നറിയുമ്പോഴാണ് ഈ നേട്ടത്തിന്റെ മഹത്വം പിടികിട്ടുക. പട്ടികയിൽ രണ്ടാമതുള്ള ബെയ്ചുംഗ് ബൂട്ടിയ ഇന്ത്യയെ പ്രതിനിധീകരിച്ചത് 84 മത്സരങ്ങളിലാണ്; ഐ.എം വിജയൻ 72 മത്സരങ്ങളിലും. നായകനായി മാത്രം ഇവരെക്കാളേറെ മത്സരങ്ങളിൽ സുനിൽ ഛെത്രി കളിച്ചു. വ്യാഴാഴ്ച കുവൈറ്റിനെതിരെ നായക വേഷത്തിൽ ഛെത്രിയുടെ 89-ാം മത്സരമാണ്.
ചുനി ഗോസ്വാമിയും പീറ്റർ തങ്കരാജും ഒളിമ്പ്യൻ ചന്ദ്രശേഖരനും പി.കെ ബാനർജിയും തുളസിദാസ് ബൽറാമും ഒളിമ്പ്യൻ റഹ്മാനുമൊക്കെ ഒന്നിച്ചു കളിച്ച കൂട്ടായ്മയുടെ കാലത്തുനിന്ന് ഇന്ത്യൻ ഫുട്ബാൾ 'വളർന്നത് " ഒറ്റയാന്മാരുടെ കാലത്തേക്കാണ്. വി.പി സത്യൻ, ഐ.എം വിജയൻ, ബെയ്ചുംഗ് ബൂട്ടിയ തുടങ്ങിയ ഒറ്റപ്പെട്ട പ്രതിഭകളുടെ നിഴലിൽ കളത്തിലിറങ്ങുന്ന ആൾക്കൂട്ടമായി ഇന്ത്യൻ ടീം മാറി. ആ നിരയിലെ അവസാന കണ്ണിയാണ് ഛെത്രി. ഏതെങ്കിലും വിദേശ ടീമുകളിലായിരുന്നുവെങ്കിൽ ഇവരൊക്കെയും ലോക ഫുട്ബാളിലെ തന്നെ എണ്ണംപറഞ്ഞ താരങ്ങളായി മാറിയേനെ. ഇന്ത്യൻ ടീമിന്റെ ഫിഫ റാങ്കിംഗ് കുറഞ്ഞുപോയതിന്റെ പേരിൽ മാത്രം ഇംഗ്ളീഷ് ക്ളബിൽ കളിക്കാൻ അവസരം നിഷേധിക്കപ്പെട്ടവനാണ് ഛെത്രി. വലിയ കാടുകളിൽ വേട്ടയാടാൻ അവസരം നിഷേധിക്കപ്പെട്ടെങ്കിലും തനിക്കു കിട്ടിയ വേദികളിൽ നിറഞ്ഞാടിയ ശേഷമാണ് അദ്ദേഹം കുപ്പായമഴിച്ചുവയ്ക്കുന്നത്.
പന്തുരുട്ടിയ
ബാല്യം
1984 ഓഗസ്റ്റ് മൂന്നിന് ആന്ധ്രപ്രദേശിലെ സെക്കന്തരാബാദിൽ ജനനം. നേപ്പാൾ വംശജനായ പിതാവ് കെ.ബി. ഛെത്രി സൈനികനും ഇന്ത്യൻ ആർമി ഫുട്ബാൾ ടീമിൽ അംഗവുമായിരുന്നു. മാതാവ് സുശീല ഛേത്രി. അച്ഛന്റെ പാത പിന്തുടർന്ന് ചെറുപ്പത്തിൽത്തന്നെ സുനിൽ പന്തു തട്ടിത്തുടങ്ങി. 2001–2002 സീസണിൽ ഡൽഹി പ്രീമിയർ ലീഗിൽ കളിച്ചാണ് ഛെത്രിയുടെ ക്ലബ്ബ് കരിയർ തുടക്കം. സിറ്റി ക്ലബ് ഡൽഹിയുടെ താരമായിരുന്നു ഛെത്രി. അടുത്ത സീസണിൽ മോഹൻ ബഗാനിൽ ചേർന്നു. മൂന്ന് സീസണുകൾക്കു ശേഷം ജെ.സി.ടി മിൽസ് ടീമിലെത്തി. പിന്നീട് ഈസ്റ്റ് ബംഗാളിലും ഡെംപോയിലും കളിച്ചു.
2010ലാണ് ഛെത്രി അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ കളിക്കുന്നത്. കൻസസ് സിറ്റിയുടെ താരം. പിന്നീട് പോർച്ചുഗലിലെ ലിഗ പ്രോയിൽ സ്പോർടിംഗ് സി.പിക്കു വേണ്ടിയും കളിച്ചു. 2013 മുതൽ രണ്ടു സീസണുകളിൽ ബംഗളൂരു എഫ്.സിക്കായി ഐ ലീഗിൽ കളിച്ചു. ഇന്ത്യൻ സൂപ്പർ ലീഗ് രൂപീകരിച്ചപ്പോൾ മുംബയ് സിറ്റിയുടെ താരമായി. 2017 മുതൽ ഏഴു സീസണുകളിൽ ബംഗളൂരു എഫ്.സിക്കൊപ്പം തുടരുന്നു. ക്ലബ്ബ് കരിയറിൽ 356 മത്സരങ്ങളിൽ നിന്നായി 155 ഗോളുകൾ ഛെത്രി നേടി. അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിച്ചാലും രണ്ടോ മൂന്നോ സീസണുകളിൽ കൂടി ക്ളബ് കരിയർ തുടരാനാണ് ഛെത്രിയുടെ തീരുമാനം.
ഇന്ത്യൻ
കുപ്പായം
2005ൽ അരങ്ങേറ്റ മത്സരം കളിച്ച ഛെത്രി രാജ്യാന്തര കരിയറിൽ 49 ടീമുകൾക്കെതിരെ ഗോളുകൾ നേടിയിട്ടുണ്ട്. അച്ഛന്റെ നാടായ നേപ്പാളിനെതിരെയാണ് കൂടുതൽ തവണ വല കുലുക്കിയത്. 13 മത്സരങ്ങളിലായി അടിച്ചുകൂട്ടിയത് ഒൻപതു ഗോളുകൾ. 150 അന്താരാഷ്ട്ര മത്സരങ്ങളിൽ 94 ഗോളുകൾ. 128 ഗോളുകളുമായി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാമതും അർജന്റീനയുടെ മെസ്സി 106 ഗോളുകളുമായി രണ്ടാമതും. രാജ്യാന്തര ഫുട്ബാളിൽ കൂടുതൽ ഹാട്രിക്കുകൾ നേടിയ ഇന്ത്യക്കാരനും ഛെത്രിയാണ്- നാലു തവണ. 2023 സാഫ് കപ്പിൽ പാകിസ്ഥാനെതിരെ അവസാന ഹാട്രിക് നേട്ടം.
രാജ്യാന്തര ഫുട്ബാളിൽ 12 ഇന്ത്യക്കാർ ഇതുവരെ ഹാട്രിക് അടിച്ചിട്ടുണ്ട്. എന്നാൽ മൂന്നോ അതിൽ കൂടുതലോ തവണ ഹാട്രിക് അടിച്ച ഏക ഇന്ത്യക്കാരൻ ഛെത്രിയാണ്. 2008ൽ എ.എഫ്.സി കപ്പ് വിജയിച്ച ടീമിൽ അംഗമായിരുന്നു. 2011, 2015, 2021, 2023 വർഷങ്ങളിൽ സാഫ് ചാമ്പ്യൻഷിപ്പും 2007, 2009, 2012 സീസണുകളിൽ നെഹ്റു കപ്പും നേടിയ ടീമുകളിൽ മുൻനിരക്കാരൻ. മൂന്ന് വൻകരകളിൽ ബൂട്ടുകെട്ടിയ ഛെത്രിയുടെ മിക്ക ഗോളുകളും വ്യക്തിഗത മികവിൽനിന്ന് ഉരുത്തിരിഞ്ഞതാണ്. ശരാശരി മികവുപോലും കാണിക്കാത്ത മിഡ്ഫീൽഡിൽ നിന്ന് ഛെത്രിക്ക് ഗോളടിക്കാൻ വലിയ സഹായമൊന്നും ലഭിച്ചിരുന്നില്ല.
അന്താരാഷ്ട്ര തലത്തിൽ അരങ്ങേറിയ 2005 ജൂൺ 12ന് പാകിസ്ഥാനെതിരെ ഗോൾ നേടിയാണ് തുടക്കം. തുടർന്ന് പത്താമത്തെയും ഇരുപത്തഞ്ചാമത്തെയും അൻപതാമത്തെയും എഴുപത്തഞ്ചാമത്തെയും നൂറാമത്തെയും നൂറ്റി ഇരുപത്തഞ്ചാമത്തെയും നൂറ്റിയൻപതാമത്തെയും മത്സരങ്ങളിലെല്ലാം ഛെത്രി ഗോളടിച്ചു!
വിദേശ ക്ളബുകൾ
വിളിച്ച താരം
മൂന്ന് വിദേശ പ്രൊഫഷണൽ ക്ളബുകളാണ് ഛെത്രിയെ തേടിയെത്തിയിട്ടുള്ളത്. 2009ൽ ഇംഗ്ലിഷ് ക്ലബ്ബായ ക്വീൻസ്പാർക്ക് റേഞ്ചേഴ്സുമായി മൂന്നു വർഷത്തെ കരാറിലൊപ്പിടാൻ ചർച്ചയിലൂടെ തീരുമാനമായെങ്കിലും, ബ്രിട്ടീഷ് ഗവൺമെന്റ് ഛെത്രിക്ക് വർക്ക് പെർമിറ്റ് നിഷേധിച്ചു. ഫിഫ ലോക റാങ്കിംഗിൽ 70-നും താഴെയുള്ള യൂറോപ്പിനു പുറത്തുള്ള രാജ്യങ്ങളിലെ കളിക്കാർക്ക് ഇംഗ്ലീഷ് രണ്ടാം ഡിവിഷനിൽ കളിക്കാൻ അനുവാദമില്ലാത്തതായിരുന്നു കാരണം. 2010 മാർച്ചിൽ അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ളബ് കൻസാസ് സിറ്റി വിസാർഡ്സുമായി കരാർ ഒപ്പിട്ടു. എം.എൽ.എസ് ക്ളബിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു ഛെത്രി. കൻസാസിനൊപ്പം പ്രീ സീസൺ മത്സരങ്ങളിൽ കളിക്കുകയും ചെയ്തു.
ഇവാൻസ് വില്ലയ്ക്ക് എതിരായ പ്രീ സീസൺ മത്സരത്തിൽ ഹാട്രിക്ക് നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ പ്രീ സീസൺ സൗഹൃദമത്സരത്തിൽ പകരക്കാരനായി ഇറക്കി. എന്നാൽ എ.എഫ്.സി ഏഷ്യൻ കപ്പിൽ ഇന്ത്യയ്ക്കു വേണ്ടി കളിക്കേണ്ടിവന്നതിനാൽ പിറ്റേന്നുതന്നെ അമേരിക്കയിൽ നിന്ന് മടങ്ങേണ്ടിവന്നു. മേജർ സോക്കർ ലീഗിൽ ഔദ്യോഗികമായി അരങ്ങേറാതെയായിരുന്നു മടക്കം.
2012ൽ പോർച്ചുഗീസ് ക്ളബ് സ്പോർട്ടിംഗ് സി.പിയുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പിട്ടു. അവരുടെ റിസർവ് ടീമിനുവേണ്ടി മൂന്ന് മത്സരങ്ങളിൽ കളിക്കുകയും ചെയ്തു. എന്നാൽ അവസരങ്ങൾ ലഭിക്കാത്തതിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങി.
പകരമില്ലാത്ത
പ്രതിഭ
2005ൽ അരങ്ങേറിയെങ്കിലും ബൂട്ടിയ കളംവിടുന്ന 2011ലാണ് ഛെത്രി തന്റെ കരിയറിലെത്തന്നെ ഏറ്റവും വലിയ ഗോൾവേട്ട നടത്തുന്നത്. 13 ഗോളുകളാണ് ആവർഷം ഛെത്രി അടിച്ചുകൂട്ടിയത്. അതോടെ ബൂട്ടിയ വിരമിച്ചാൽ ആര് ഗോളടിക്കുമെന്ന ഇന്ത്യൻ ഫുട്ബാൾ ആരാധകരുടെ സംശയം തീർന്നു. പിന്നീട് ഇടവേളകളില്ലാതെ ഛെത്രി ഗോളടിച്ചുകൊണ്ടിരുന്നു. അത് 94 ഗോൾ വരെയെത്തി. കഴിഞ്ഞവർഷം 14 കളികളിൽനിന്ന് നേടിയത് ഒമ്പത് ഗോളുകൾ.
ഫുട്ബാൾ താരങ്ങൾ 35 കഴിയുമ്പോൾ 'വിരമിക്കാറായില്ലേ" എന്ന ചോദ്യമാണ് സാധാരണ ഉയരാറ്. എന്നാൽ ഛെത്രി വിരമിക്കുമോ എന്ന ആശങ്കയായിരുന്നു സത്യത്തിൽ ആരാധകരുടെയുള്ളിൽ. കാരണം ഛെത്രി പോയാൽ അത്തരത്തിലൊരു പ്രതിഭയെ പകരം കിട്ടാൻ എത്രകാലമെടുക്കും എന്നറിയില്ലല്ലോ! ഛെത്രിക്ക് ഇനിയും ഇന്ത്യൻ കുപ്പായത്തിൽ കളിക്കാമായിരുന്നു. അന്താരാഷ്ട്ര ഗോൾ സെഞ്ച്വറി തികയ്ക്കാനായി ആറു ഗോളുകൾ കൂടി മതിയായിരുന്നു. എന്നാൽ വ്യക്തിപരമായ നേട്ടങ്ങൾക്കും മുകളിലാണ് പുതിയ താരങ്ങൾക്കു വഴിയൊരുക്കുന്നതെന്നു കരുതി സ്വയം ബൂട്ടഴിക്കാൻ തീരുമാനിച്ചു.
വിരാടിന്റെ
സ്കിപ്പർ
സാധാരണ ക്രിക്കറ്റ് താരങ്ങളും ഫുട്ബാൾ താരങ്ങളും അത്ര അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കാറില്ല. ക്രിക്കറ്റ് താരങ്ങൾക്കു കിട്ടുന്ന അമിതമായ പ്രശസ്തിയും പണവും തങ്ങൾക്കു ലഭിക്കാത്തതിനാൽ അവരുമായി അകലം പാലിക്കാനാണ് മറ്റ് കായിക ഇനങ്ങളിലെ താരങ്ങൾ ശ്രമിക്കുക. എന്നാൽ സുനിൽ ഛെത്രിയുടെ ഏറ്റവും അടുത്ത സുഹൃത്ത് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയാണ്. ഒരേ സമയം ഇന്ത്യയെ ക്രിക്കറ്റിലും ഫുട്ബാളിലും നയിച്ച രണ്ടുപേർ. ക്ളബ് കരിയറിൽ ബാംഗ്ളൂരിലെ ടീമുകളെ പ്രതിനിധീകരിച്ചവർ എന്നതും അടുപ്പത്തിനു കാരണമായി. സ്കിപ്പർ എന്നാണ് ബഹുമാനത്തോടെ ഛെത്രിയെ വിരാട് അഭിസംബോധന ചെയ്യുന്നതും. വിരമിക്കൽ തീരുമാനം പ്രഖ്യാപിക്കും മുൻപേ ഛെത്രി ചർച്ചചെയ്തത് വിരാടിനോടായിരുന്നു.
പ്രണയത്തിലും
സ്ട്രൈക്കർ
പ്രണയത്തിന്റെ കളത്തിലും സ്ട്രൈക്കർ തന്നെയായിരുന്നു സുനിൽ! വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമാണ് 2017ൽ സുനിൽ ഛെത്രിയും സോനം ഭട്ടാചാര്യയും വിവാഹിതരായത്. മുൻ ഇന്ത്യൻ താരം സുബ്രതാ ഭട്ടാചാര്യയുടെ മകളാണ് സോനം. സുനിലിന് ഫുട്ബാളിന്റെ ബാലപാഠങ്ങൾ പറഞ്ഞുകൊടുത്തവരിൽ ഒരാളാണ് സുബ്രത. കഴിഞ്ഞ വർഷമായിരുന്നു മകൻ ധ്രുവിന്റെ പിറവി.