മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. പ്രായം വെറും അക്കം മാത്രമാണെന്ന് പലതവണ തെളിച്ച മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രം 'ടർബോ' ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ ഓടുകയാണ്. വളരെ നല്ല അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകർ പറയുന്നത്. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ടർബോയ്ക്കുണ്ട്.
ഇപ്പോഴിതാ സിനിമയുടെ പ്രെമോഷന്റെ ഭാഗമായി യു എ യിലെ പ്രമുഖ യൂട്യൂബർ ഖാലിദ് അൽ അമേരി എന്നയാളുടെ ചാനലിന് മമ്മുക്ക നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡഡിയയിൽ വെെറലാകുന്നത്. താൻ ആയിരക്കണക്കിന് നടന്മാരിൽ ഒരാൾ മാത്രമാണെന്നും എന്നെ അധിക കാലം ആരും ഓർത്തിരിക്കില്ലെന്നുമാണ് മമ്മൂട്ടി പറയുന്നത്. ഈ ലോകം താങ്കളെ എങ്ങനെ ഓർക്കണമെന്നാണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനായിരുന്നു മമ്മൂട്ടിയുടെ ഈ മറുപടി.
മമ്മൂട്ടിയുടെ വാക്കുകൾ
എത്ര നാൾ അവരെന്നെ ഓർക്കും? ഒരു വർഷം, 10 വർഷം, 15 വർഷം...അത് കഴിഞ്ഞു. ലോകാവസാനം വരെ മനുഷ്യർ ഓർത്തിരിക്കണമെന്ന് നമ്മൾ പ്രതീക്ഷിക്കരുത്. അങ്ങനെ ഒരു അവസാനം ആർക്കുമുണ്ടാവില്ല. മഹാനായ പല ആളുകളെയും വളരെ കുറച്ച് മനുഷ്യരാലാണ് ഓർമ്മിക്കപ്പെടാറുള്ളത്. ഞാൻ ആയിരക്കണക്കിന് നടന്മാരിൽ ഒരാൾ മാത്രമാണ്. അവർക്കെങ്ങനെ ഒരു വർഷത്തിൽ കൂടുതൽ എന്നെ ഓർത്തിരിക്കാൻ സാധിക്കും. അതിൽ എനിക്ക് ഒരു പ്രതീക്ഷയുമില്ല. ഒരിക്കൽ നിങ്ങൾ ഈ ലോകം വിട്ടുപോയാൽ നിങ്ങൾ ഇതിനെക്കുറിച്ച് എങ്ങനെ അറിയും. എല്ലാവരും ആഗ്രഹിക്കുന്നത് ലോകാവസാനം വരെ ഓർമ്മിക്കപ്പെടണമെന്നാണ് എന്നാൽ അത് നടക്കില്ല.
സിനിമ ജീവിതം മടുത്തിട്ടുണ്ടോയെന്നും അവതാരകൻ മമ്മൂട്ടിയോട് ചോദിക്കുന്നുണ്ട്. ഒരിക്കലും ഇല്ലെന്നും തനിക്ക് സിനിമ മടുക്കാറില്ലെന്നുമാണ് താരം അപ്പോൾ മറുപടി പറയുന്നത്. എന്റെ അവസാന ശ്വാസം വരെയും സിനിമ എനിക്ക് മടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.