expats

അബുദാബി: തൊഴിൽ തേടി യുഎഇയിലെത്തുന്ന പ്രവാസികളുടെ പ്രതീക്ഷയും താങ്ങുമാണ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ടിക്കറ്റുകൾ. നറുക്കെടുപ്പിൽ വിജയിച്ച് ഒറ്റദിവസംകൊണ്ട് ജീവിതം മാറിമറിഞ്ഞ നിരവധി പ്രവാസികളുമുണ്ട്. ഏറ്റവും കൂടുതൽ ടിക്കറ്റ് വാങ്ങുന്നത് ഇന്ത്യൻ പൗരൻമാരാണെന്നാണ് ഡ്യൂട്ടി ഫ്രീ സംഘാടകർ പറയുന്നത്. എന്നാൽ ഡ്യൂട്ടി ഫ്രീ ടിക്കറ്റുകൾക്ക് പ്രചാരമേറുന്തോറും ഇത് മുതലാക്കി തട്ടിപ്പ് നടത്തുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. ഇത്തരത്തിലൊരു തട്ടിപ്പിനിരയായിരിക്കുകയാണ് കണ്ണൂർ സ്വദേശിയായ യുവാവ്.

കുറഞ്ഞ നിരക്കിൽ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ടിക്കറ്റ് വാഗ്ദാനത്തിൽ വീണ മലയാളിക്ക് നഷ്ടമായത് പത്ത് ലക്ഷത്തിലേറെ രൂപയാണ് (45,000 ദിർഹം). ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ടിക്കറ്റിന്റെ ആദായ വിൽപന പരസ്യമാണ് കണ്ണൂർ സ്വദേശിയായ യുവാവിനെ കുടുക്കിയത്. രണ്ട് ടിക്കറ്റിന് ഒന്നിന്റെ വില നൽകിയാൽ മതിയെന്നായിരുന്നു വാഗ്ദാനം.

ആനുകൂല്യം കുറഞ്ഞ സമയത്തേയ്ക്ക് മാത്രമാണെന്നും താത്‌പര്യമുണ്ടെങ്കിൽ ഉടൻതന്നെ വാങ്ങണമെന്നും അറിയിച്ചതോടെ യുവാവ് അവർ അയച്ചുകൊടുത്ത വെബ്‌സൈറ്റിന്റെ ലിങ്കിൽ പ്രവേശിച്ച് രണ്ട് ടിക്കറ്റ് വാങ്ങി. തുടർന്ന് ‌ഡെബിറ്റ് കാർഡ് നമ്പറും സിസിവി നമ്പറും ഒടിപിയും ആവശ്യപ്പെട്ടപ്പോൾ അതും നൽകി.

ഏതാനും ദിവസങ്ങൾക്കുശേഷം ലഭിച്ച ബാങ്ക് സ്റ്റേറ്റ്‌മെന്റ് കണ്ടതോടെയാണ് തട്ടിപ്പിനിരയായതായി മനസിലായത്. മൂന്ന് തവണയായി 10,000, 15,000, 20,000 എന്നിങ്ങനെ മൊത്തം 45,000 ദി‌ർഹം അക്കൗണ്ടിൽ നിന്ന് നഷ്ടമായിരുന്നു. മൂന്ന് ഇടപാടുകളും താൻ നടത്തിയതല്ലെന്ന് കാട്ടി ബാങ്കിൽ പരാതി നൽകിയെങ്കിലും അവർ കൈമല‌ർത്തി. ഡെബിറ്റ് കാർഡ്, സിസിവി നമ്പർ, ഒടിപി എന്നിവ നൽകിയതിനാൽ ബാങ്കിന് ഉത്തരവാദിത്തമില്ലെന്നായിരുന്നു മറുപടി.