നാൽപ്പതു വർഷം മുൻപ് 1986 .ഒരു വെള്ളിയാഴ്ച. സിനിമ : അമ്പിളി അമ്മാവൻ. ഞങ്ങൾ പരിചയപ്പെടുത്തുന്ന ബാലതാരം അജയ് കുമാർ. നാൽപ്പതു വർഷത്തിനുശേഷം 2024 മേയ് 31 വെള്ളി. സിനിമ :കുടുംബസ്ത്രീയും കുഞ്ഞാടും. അന്നത്തെ അജയ് കുമാർ ഇന്ന് ഗിന്നസ് പക്രു. ''അമ്പിളി അമ്മാവനുശേഷം ബാലതാരമായി ഒരുപാട് സിനിമകളിൽ അഭിനയിച്ചു. ജോക്കറിലൂടെയാണ് ആദ്യമായി ഹിറ്റ് സിനിമയുടെ ഭാഗമായത്. അങ്ങനെ നോക്കിയാൽ 25 വർഷത്തോട് അടുക്കുന്നു അഭിനയ ജീവിതം. ചെയ്തതിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാനാണ് ഏതൊരു നടനും ക്ഷമയോടെ കാത്തിരിക്കുന്നത്. ഒരുപിടി നല്ല സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്."" ഗിന്നസ് പക്രു മനസ് തുറന്നു.
സിനിമയിലെ നാലു പതിറ്റാണ്ട് യാത്രയിൽ ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ ആരൊക്കെയാണ് ?
മൂന്നാല് സിനിമകൾ ജീവിതത്തിൽ ഒരുപാട് മാറ്റം വരുത്തി . തമിഴിൽ അരങ്ങേറ്റം കുറിച്ച ഡിഷ്യും . ആ സിനിമയിലൂടെ തന്നെ മികച്ച സഹനടനുള്ള തമിഴ്നാട് സർക്കാർ അവാർഡ് നേടി. ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയ അംഗീകാരം. ആ സമയത്ത് തമിഴ് ഒട്ടും അറിയില്ലായിരുന്നു. പിന്നീട് എടുത്ത് പറയേണ്ടത് അത്ഭുത ദ്വീപ് തന്നെയാണ്. അതിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചു. അതുമാത്രമല്ല, ഞാൻ പ്രതീക്ഷിക്കാതെ ഗിന്നസ് ലോക റെക്കാഡിൽ കൊണ്ടുചെന്ന് എത്തിച്ച സിനിമ കൂടിയാണ്. ഇപ്പോഴും സോഷ്യൽ മീഡിയയിലൂടെയും ട്രോളുകളിലൂടെയും ഗജേന്ദ്രൻ രാജാവ് നിറഞ്ഞുനിൽക്കുന്നുണ്ട്. മൈ ബിഗ് ഫാദർ, ഇളയരാജ, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സിനിമകളും വഴിത്തിരിവായി.
ദിലീപേട്ടനൊപ്പം അഭിനയിച്ച ജോക്കർ, മീശ മാധവൻ, കുഞ്ഞിക്കൂനൻ തുടങ്ങിയ ഒരുപാട് സിനിമകളുണ്ട്. ആ ശ്രേണിയിലെ സിനിമകൾ ഇല്ലായിരുന്നെങ്കിൽ വഴിത്തിരിവായ കഥാപാത്രങ്ങൾ എന്നെ തേടി വരില്ലായിരുന്നു. തമിഴിൽ വിജയ് യോടൊപ്പം കാവലൻ, സൂര്യയോടൊപ്പം ഏഴാം അറിവ്, പ്രഭുദേവയോടൊപ്പം ബഗീര എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. എന്നെപോലും അത്ഭുതപ്പെടുത്തിയാണ് പല കഥാപാത്രങ്ങളും എന്നിലേക്ക് വന്നുചേരുന്നത്.ഞാൻ ഇപ്പോഴും കാത്തിരിക്കുന്നതും അത്തരം കഥാപാത്രങ്ങൾക്ക് വേണ്ടിയാണ്.ദൈവത്തോടും പ്രേക്ഷകരോടും മാത്രമല്ല ചെറുതും വലുതുമായ കഥാപാത്രങ്ങൾ തന്ന സംവിധായകരോടും കടപ്പെട്ടിരിക്കുന്നു. ഒരുപാട് നല്ല ഗാനങ്ങളിൽ എനിക്ക് മുഖം കാണിക്കാനും സാധിച്ചു.
മലയാള സിനിമയുടെ ഭാഗ്യ വർഷത്തിൽ എങ്ങനെയായിരിക്കും നടനെന്ന നിലയിൽ യാത്ര ?
കൃത്യമായി വരച്ചിട്ട പദ്ധതിയിലൂടെ സഞ്ചരിക്കുന്ന ആളല്ല ഞാൻ. വരുന്ന പദ്ധതികളെ നല്ല രീതിയിൽ ആലോചിച്ച് തിരഞ്ഞെടുക്കുക, കാര്യങ്ങൾ നൂറ് ശതമാനം ആത്മാർത്ഥമായി ചെയ്യുക എന്നതാണ് എന്റെ നയം. എന്റെ പരിമിതികൾ എനിക്ക് നന്നായി അറിയാം. ആ പരിമിതിയിൽ നിന്ന് പരമാവധി നന്നായി ചെയ്യാൻ ശ്രമിക്കും. അത്ഭുത ദ്വീപ് 2 വിനയൻ സാർ അനൗൺസ് ചെയ്തിട്ടുണ്ട്. അതിന്റെ ചിത്രീകരണം ഈ വർഷം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ആ കഥാപാത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങൾ നൽകാൻ കുറച്ച് തമിഴ് ചിത്രങ്ങളുടെ സംവിധായകർ സമീപിച്ചിട്ടുണ്ട്. അത് ചെയ്യണം. മലയാളത്തിൽ 916 കുഞ്ഞൂട്ടൻ സിനിമയിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നു . ടിനി ടോം വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉടൻ റിലീസ് ഉണ്ട്. മജീഷ്യൻ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.
കുടുംബസ്ത്രീയും കുഞ്ഞാടും സിനിമയിൽ ചിരിപ്പിക്കാനാണോ വരുന്നത് ?
കഥാപാത്രം ഞാൻ തന്നെ ചെയ്യേണ്ടതാണ്. എനിക്ക് മാത്രമേ അത് ചെയ്യാൻ കഴിയൂ എന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകൻ മഹേഷേട്ടൻ സമീപിച്ചത്. വളരെ മനോഹരമായ കഥാപാത്രം. പൂർണമായും ഹ്യുമർ ചിത്രം .ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ കൂട്ടുകാരനായാണ് എത്തുന്നത്. മൈ ബിഗ് ഫാദറിന് ശേഷം വീണ്ടുമൊരു സിനിമയിലേക്ക് ഒരു നല്ല കഥാപാത്രത്തിന് വേണ്ടി മഹേഷേട്ടൻ വിളിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാന സന്തോഷം ഞാൻ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് വർഷങ്ങൾക്ക് ശേഷം കോട്ടയത്ത് നടന്നു എന്നതാണ്. വീട്ടിൽ നിന്ന് ഷൂട്ടിംഗിന് പോകുന്നത് വളരെ സന്തോഷം തന്ന അനുഭവമായിരുന്നു.
കണ്ണ് നനയിക്കുന്ന കഥാപാത്രങ്ങൾ അപൂർവമായി അവതരിപ്പിച്ചപ്പോൾ വെല്ലുവിളി തോന്നിയോ ?
ഒരിക്കലും വെല്ലുവിളിയായി തോന്നിയില്ല. കുറേകാലം പ്രൊഫഷണൽ കഥാപ്രസംഗം അവതരിപ്പിച്ചതിന്റെ ഊർജം എന്തായാലും ഉണ്ടാകും. കഥാപ്രസംഗത്തിൽ എല്ലാ തരം വികാരങ്ങളും ഉണ്ടാകും. എല്ലാ തരം രസങ്ങളും അവതരിപ്പിക്കുന്ന കലയാണത്. അതിന്റെ പിൻബലം മുതൽക്കൂട്ടായി ഉണ്ടെന്നാണ് തോന്നുന്നത്.
ഇനി എപ്പോഴായിരിക്കും സംവിധാനം ?
ഒരു സിനിമ കൂടെ സംവിധാനം ചെയ്യണമെന്ന ആഗ്രഹമുണ്ട്. അതിന്റെ കഥാതന്തു മനസിൽ രൂപപ്പെട്ടു. ഇനി തിരക്കഥ എഴുത്തും മറ്റു ജോലികളും തുടങ്ങേണ്ടതുണ്ട്. ഒഴിവ് സമയം കിട്ടുമ്പോൾ അത് ആരംഭിക്കാനാണ് തീരുമാനം.
രണ്ട് പെണ്മക്കളുടെ അച്ഛനായതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റം ?
ഉത്തരവാദിത്തങ്ങൾ കൂടി . മൂത്ത മകൾ ജനിച്ചപ്പോഴുണ്ടായ ഗൃഹാന്തരീക്ഷത്തിലേക്ക് തിരിച്ചുപോയി എന്നതാണ് മറ്റൊരു കാര്യം. കൂടുതൽ ചെറുപ്പമായതായി തോന്നുന്നു. രണ്ട് മക്കൾക്കൊപ്പം സമയം ചിലവഴിക്കുന്നതും അവരുടെ കളി തമാശകൾ ആസ്വദിക്കുന്നതുമാണ് ഇപ്പോഴത്തെ പ്രധാന വിനോദം. ഒരു വയസ് കഴിഞ്ഞ ചെറിയ മകളുമായി നല്ല നിമിഷങ്ങൾ ആസ്വദിക്കുന്നു. ചോറ്റാനിക്കരയിൽ പുതിയ വീട് നിർമ്മിച്ചു. ആ വീട്ടിലാണ് ഇളയ മകളെ കൊണ്ടുവന്നത്. ജീവിതത്തിൽ ഒരുപാട് സന്തോഷം തരുന്ന സമയത്തിലൂടെ കടന്നുപോകുന്നു.