ഭോപ്പാൽ: കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ യുവാവ് സ്വയം ജീവനൊടുക്കി. മദ്ധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലെ ബോഡൽ കച്ചാർ ഗ്രാമത്തിലാണ് സംഭവം. ബോഡൽ കച്ചാർ സ്വദേശി ദിനേശ് ( 27 ) ആണ് ഉറങ്ങിക്കിടന്ന കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം വീടിന് സമീപമുള്ള മരത്തിൽ തൂങ്ങിമരിച്ചത്.
ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ദിനേശിന്റെ അമ്മ സിയ ബായി, ഭാര്യ വർഷ ബായി, സഹോദരൻ ശ്രാവൺ, ശ്രാവണിന്റെ ഭാര്യ ബരാതോ ബായി, ശ്രാവണിന്റെ മൂന്ന് കുട്ടികൾ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ മാത്രമല്ല, എല്ലാ കുടുംബാംഗങ്ങളെയും കൊലപ്പെടുത്താനായിരുന്നു ദിനേശിന്റെ ലക്ഷ്യം.
എന്നാൽ, എട്ടുപേരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ദിനേശിനെ വീട്ടിലുണ്ടായിരുന്ന മറ്റൊരു സ്‌ത്രീ കണ്ടു. ഇവർ ഇയാളുടെ കയ്യിൽ നിന്നും ആയുധം പിടിച്ചുവാങ്ങാൻ ശ്രമിച്ചു. ശബ്‌ദം കേട്ട് മറ്റ് ബന്ധുക്കളും ഓടിയെത്തി. തുടർന്ന് ഇവരെയും ആക്രമിച്ചശേഷം പ്രതി വീട്ടിൽ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീടിന് സമീപത്തെ മരത്തിൽ ദിനേശിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
എട്ട് ദിവസം മുമ്പായിരുന്നു ദിനേഷിന്റെ വിവാഹം. ഒരുവർഷം മുമ്പ് ഇയാൾ മാനസികാസ്വാസ്ഥ്യത്തിനുള്ള ചികിത്സ തേടിയിരുന്നു. തുടർന്ന് സാധാരണ ജീവിതത്തിലേക്ക് തിരികെവന്നു. എന്നാൽ, വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷം വീണ്ടും മാനസിക പ്രശ്‌നങ്ങൾ ആരംഭിച്ചെന്നുമാണ് ബന്ധുക്കൾ പറയുന്നത്.