തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഉണ്ടായ തീവ്രമഴയിലും കാറ്റിലും ബോർഡിന് കനത്ത നാശനഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏകദേശം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 895 എച്ച്.ടി. പോസ്റ്റുകളും 6230 എല്‍.ടി. പോസ്റ്റുകളും തകര്‍ന്നു. മരങ്ങളും മരച്ചില്ലകളും വീണതിനെത്തുടര്‍ന്ന് 6230 ഇടങ്ങളില്‍ എല്‍.ടി. ലൈനുകളും 895 ഇടങ്ങളില്‍ എച്ച്.ടി. ലൈനുകളും പൊട്ടിവീണു. 185 ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ബോർഡ് അറിയിച്ചു.
കഠിനമായ പ്രതികൂല കാലാവസ്ഥയിലും കെ.എസ്.ഇ.ബി. ജീവനക്കാര്‍ സത്വരമായി വൈദ്യുതിബന്ധം പുന:സ്ഥാപിച്ചു. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിലൊഴികെ സമയബന്ധിതമായിത്തന്നെ വൈദ്യുതി നല്‍കാന്‍ സാധിച്ചിരുന്നു. ഭൂരിഭാഗം പരാതികളും ഇതിനകം പരിഹരിച്ചു കഴിഞ്ഞുവെന്നും വൈദ്യുതി വകുപ്പ് അറിയിച്ചു.
സാധാരണ ഗതിയില്‍ ഏതെങ്കിലും തരത്തില്‍ വൈദ്യുതി തകരാര്‍ സംഭവിക്കുമ്പോള്‍ ഒരു പ്രദേശത്താകെ വൈദ്യുതി വിതരണം നിര്‍വ്വഹിക്കുന്ന 11 കെ.വി. ലൈനുകളുടെയും ട്രാന്‍സ്ഫോര്‍മറുകളുടെയും തകരാറുകള്‍ പരിഹരിക്കുന്നതിനായിരിക്കും മുന്‍ഗണന. തുടര്‍ന്ന് എല്‍.ടി. ലൈനുകളിലെ തകരാറുകള്‍ പരിഹരിക്കും. അതിനുശേഷം മാത്രമാണ് വ്യക്തിഗത പരാതികള്‍ പരിഹരിക്കുക. ഇത് മനസിലാക്കി ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി അഭ്യര്‍ത്ഥിച്ചു.
പുറത്തിറങ്ങുമ്പോൾ വലിയ ജാഗ്രത വേണം
കനത്ത മഴയുടെ സാഹചര്യത്തിൽ ചിലയിടങ്ങളിലെങ്കിലും വൈദ്യുതി വിതരണത്തിൽ തടസം ഉണ്ടാകുന്നുണ്ട്. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ലൈനിൽ വീഴുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഇത്തരം സാഹചര്യത്തിൽ മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാദ്ധ്യതയുമുണ്ട്. പുറത്തിറങ്ങുമ്പോൾ വലിയ ജാഗ്രത വേണം. പൊട്ടിവീണ ലൈനിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്തു പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാൻ അനുവദിക്കുകയുമരുത്.
ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷൻ ഓഫീസിലോ 94 96 01 01 01 എന്ന എമർജൻസി നമ്പരിലോ അറിയിക്കുക. ഓർക്കുക, ഇത് അപകടങ്ങൾ അറിയിക്കാൻ മാത്രമുള്ള എമർജൻസി നമ്പരാണ്.
വൈദ്യുതി സംബന്ധമായ പരാതി അറിയിക്കാനും വിവരങ്ങൾ അറിയാനും സേവനങ്ങൾ നേടാനും 1912 എന്ന ടോൾഫ്രീ കസ്റ്റമര്‍കെയർ നമ്പരിൽ വിളിക്കാവുന്നതാണ്. 94 96 00 1912 എന്ന മൊബൈൽ നമ്പരിൽ വിളിച്ചും വാട്സാപ് സന്ദേശമയച്ചും പരാതി അറിയിക്കാനാകുമെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.