ലക്‌നൗ: ബിജെപി എം.പിയായ ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റെ മകനും സ്ഥാനാർത്ഥിയുമായ കരൺ ഭൂഷൺ സിംഗിന്റെ വാഹനത്തിന് അകമ്പടി പോയ കാർ അപകടത്തിൽ പെട്ടു. അദ്ദേഹത്തിന്റെ എസ്‌യുവി ടൊയോട്ട ഫോർച്യൂണറാണ് ബൈക്കിലിടിച്ചത്. ബൈക്ക് യാത്രികരായ രണ്ട് ചെറുപ്പക്കാർ അപകടത്തിൽ മരിച്ചു. ഗുസ്‌തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷനായ ബ്രിജ് ഭൂഷന്റെ മകൻ കരൺ ഇത്തവണ കൈസർഗഞ്ജ് ലോക്‌സഭ മണ്ഡലത്തിലാണ് മത്സരിക്കുന്നത്.
പൊലീസ് അകമ്പടിയോടെ സഞ്ചരിച്ച കാറാണ് ബൈക്കിലിടിച്ചത് എന്നാണ് സൂചന. ബ്രിജ്‌ഭൂഷന്റെ കുടുംബത്തിന്റെ വകയായുള്ള നന്ദിനി നഗർ എഡ്യുക്കേഷണൽ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് എസ്‌യുവി. റേഹാൻ, ഷഹസാദ് എന്നിവരാണ് ബൈക്കിലുണ്ടായിരുന്നത്. ഇരുവരും സംഭവസ‌്ഥലത്തുതന്നെ മരിച്ചു. പൊലീസ് വാഹന ഡ്രൈവറെ അറസ്റ്റ് ചെ്യു.
അപകടം നടന്നയുടൻ നിരവധി ജനങ്ങൾ പ്രദേശത്ത് ഒത്തുകൂടി. 60 വയസായ ഒരു സ്‌ത്രീയ്‌ക്കും അപകടത്തിൽ പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വാഹനവ്യൂഹത്തോടൊപ്പം കരൺ ഭൂഷൺ സിംഗ് ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. മൃതദേഹങ്ങൾ തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
ബ്രിജ്‌ഭൂഷൺ ശരണിനെതിരെ ദേശീയ ഗുസ്‌തി താരങ്ങളടക്കം ലൈംഗിക ആരോപണം ഉന്നയിച്ചതിനെ തുടർന്ന് ദേശീയ ശ്രദ്ധ നേടിയ വലിയ സമരം തന്നെ നടന്നിരുന്നു. തുടർന്ന് ഗുസ്‌തി ഫെഡറേഷൻ അദ്ധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷൺ ശരണിന് സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റും ബിജെപി നൽകിയില്ല. പകരം മകൻ കരൺ ഭൂഷൺ സിംഗിന് ലോക്‌സഭയിലേക്ക് സീറ്റ് ലഭിച്ചു. ബ്രിജ് ഭൂഷന്റെ മറ്റൊരു മകൻ പ്രതീക് ഭൂഷൺ സിംഗ് നിയമസഭാംഗമാണ്. ഗോണ്ട സീറ്റിൽ നിന്നാണ് അദ്ദേഹം ജയിച്ചത്.