soldiers

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ കുപ്‌വാരയില്‍ പൊലീസ് ഉദ്യോഗസ്ഥരെ സൈനികർ സ്റ്റേഷനില്‍ കയറി മര്‍ദിച്ചതായി പരാതി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സൈനികരുടെ മര്‍ദനമേറ്റ നാല് പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായ റയീസ് ഖാന്‍, ഇംതിയാസ് മാലിക്, കോണ്‍സ്റ്റബിള്‍മാരായ സലീം മുഷ്‌താഖ്, സഹൂര്‍ അഹമ്മദ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ സൗരയിലുള്ള സ്‌കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലെത്തിയ സൈനിക സംഘമാണ് പൊലീസ് സ്റ്റേഷനിൽ കയറി ആക്രമണം നടത്തിയത്. ഇതിന് പിന്നിലെ കാരണമെന്താണെന്ന് പൊലീസോ സൈന്യമോ വെളിപ്പെടുത്തിയിട്ടില്ല. ടെറിട്ടോറിയൽ ആർമിയുടെ ഭാഗമായ സൈനികന്റെ കുപ്‌വാരയിലെ ബത്‌പോരയിലുള്ള വീട്ടിൽ അന്വേഷണത്തിന്റെ ഭാഗമായി നേരത്തേ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതാകാം പ്രകോപനത്തിന് കാരണമെന്നാണ് ഉന്നത വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുറത്തുവന്ന റിപ്പോർട്ട്.