deepika

കഴിഞ്ഞ ദശകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ ഇന്ത്യന്‍ താരം ദീപിക പദുക്കോണ്‍; IMDb പട്ടിക പുറത്ത്

കഴിഞ്ഞ 10 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ ഇന്ത്യന്‍ താരമായി ദീപിക പദുക്കോണ്‍. ലോകമെമ്പാടും 250 ദശലക്ഷം പ്രതിമാസ സന്ദര്‍ശകരുള്ള IMDb യുടെ പേജിനെ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ടിവി, സിനിമ, സെലിബ്രിറ്റികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്ന IMDb കഴിഞ്ഞ 10 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള 100 ഇന്ത്യന്‍ താരങ്ങളുടെ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

2007ല്‍ ഓം ശാന്തി ഓം എന്ന സിനിമയിലൂടെ ഷാരൂഖ് ഖാന്റെ നായികയായി അരങ്ങേറ്റം കുറിച്ച ദീപിക പദുകോണിന് പിന്നീട് തന്റെ സിനിമ കരിയറില്‍ ഒട്ടേറെ ബ്ലോക്ക്ബസ്റ്റര്‍ സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചു. 2017-ല്‍ xXx: Return of Xander Cage എന്ന ചിത്രത്തിലൂടെ വിന്‍ ഡീസലിന്റെ സഹനടിയായി ഹോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ഈ അംഗീകാരം എന്നെ ഏറെ പ്രചോദിപ്പിക്കുന്നു. പ്രേക്ഷകരില്‍ നിന്ന് സ്‌ക്രീനിലും അല്ലാതെയും എനിക്ക് ലഭിക്കുന്ന സ്‌നേഹം സന്തോഷിപ്പിക്കുന്നു - ദീപിക പറഞ്ഞു. ദീപികയുടെ പുതിയ ചിത്രങ്ങളായ കല്‍ക്കി 2898 AD, സിംഗം എഗെയ്ന്‍ എന്നിവ ഈ വര്‍ഷം പ്രേക്ഷകരിലേക്ക് എത്തും.

ഷാരുഖ് ഖാന്‍, ഐശ്വര്യ റായ് ബച്ചന്‍, ആലിയ ഭട്ട് , ഇര്‍ഫാന്‍ ഖാന്‍, അമീര്‍ ഖാന്‍, സുശാന്ത് സിംഗ് രാജ്പുത് തുടങ്ങിയവരാണ് പട്ടികയില്‍ ദീപികയ്ക്ക് ശേഷമുള്ളത്. തെന്നിന്ത്യന്‍ നായിക നയന്‍താരയും പട്ടികയിലെ ആദ്യ ഇരുപതിലുണ്ട്. ഏപ്രില്‍ 2004 മുതല്‍ ഏപ്രില്‍ 2014 വരെയുള്ള ആഴ്ചതോറുമുള്ള റാങ്കിങ് അടിസ്ഥാനമാക്കിയാണ് ലിസ്റ്റ് പുറത്തിറക്കിയിട്ടുള്ളത്.