മലപ്പുറം:പതിനാലുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ഇരട്ട ജീവപര്യന്തവും 38 വർഷം കഠിനതടവും 2.75 ലക്ഷം പിഴയും വിധിച്ച് കോടതി. 42കാരനായ പിതാവാണ് കഴിഞ്ഞ മൂന്ന് വർഷത്തോളമായി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി(ഒന്ന്) ജഡ്ജി എസ് സൂരജാണ് ശിക്ഷ വിധിച്ചത്.
പ്രതിക്ക് പിഴയടക്കായൻ സാധിച്ചില്ലെങ്കിൽ രണ്ടുവർഷവും ഒമ്പത് മാസവും കൂടി അധിക തടവ് അനുഭവിക്കണം. ജീവപര്യന്തം തടവിന് മുൻപേ പ്രതി മറ്റ് തടവുശിക്ഷകൾ അനുഭവിക്കണം. ജീവപര്യന്തം തടവ് എന്നാൽ പ്രതിയുടെ ജീവിതാവസാനം വരെയെന്നാണ്. പ്രതി പിഴ അടച്ചാൽ ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. കൂടാതെ ഇരയ്ക്കുള്ള നഷ്ടപരിഹാര പദ്ധതി പ്രകാരം മതിയായ നഷ്ടപരിഹാരം അനുവദിക്കുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കാളിക്കാവ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശശിധരൻ പിളള, എസ് ഐ ടി. പി മുസ്തഫ,എ എസ് ഐ ചിത്രലേഖ തുടങ്ങിയവരാണ് അന്വേഷണം നടത്തി കുറ്റപ്പത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്‌ന പി പരമേശ്വരത്ത് ഹാജരായി.
അതേസമയം, ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി മാണിക്കിനെയാണ്(18) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. എടയപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന മുർഷിദാബാദ് സ്വദേശികളുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് കാണാതായത്.
പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ഉദ്ദേശത്തോടെ ഇയാൾ കൊണ്ടുപോകുകയായിരുന്നു. ഫോണിലൂടെയും നേരിട്ടും പെൺകുട്ടിയെ പിന്തുടർന്ന് സൗഹൃദം സ്ഥാപിച്ച ശേഷം 26ന് വൈകിട്ടാണ് വീടിനടുത്തുള്ള കടയിൽ പോകുമ്പോൾ നിർബന്ധപൂർവം കൊണ്ടുപോയത്. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിൽ അങ്കമാലിയിലെ അന്യസംസ്ഥാനക്കാർ താമസിക്കുന്ന ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്.
മാതൃസഹോദരിയുടെ ഫോണിലേക്ക് പെൺകുട്ടി വിളിച്ച ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ ഒന്നര മണിക്കൂറിനകം പെൺകുട്ടിയെ കണ്ടെത്താനായത് ആശ്വാസമായി.