'' പുതിയൊരു അദ്ധ്യയനവർഷം ശുഭ പ്രതീക്ഷകളോടെ ആരംഭം കുറിക്കുന്ന ഈ വേളയിൽ, വർഷങ്ങൾക്കു മുമ്പ്,അച്ഛന്റെയോ അമ്മയുടേയോ കൂടെ, അല്ലെങ്കിൽ അവർ ഇരുവരോടുമൊപ്പം, അതുമല്ലെങ്കിൽ അമ്മയെപ്പോലെ സ്നേഹനിധികളായവരോടൊപ്പം ആദ്യമായി വിദ്യാലയത്തിന്റെ പടികയറിയ നാളുകളെപ്പറ്റിയുള്ള ഓർമ്മകൾ ഓരോ മനസിലും ഓടിയെത്തുക സ്വാഭാവികമാണല്ലോ! നിഷ്കളങ്കമായ അത്തരം ഓർമ്മകളോടെ, ആദ്യമായി വിദ്യാലയങ്ങളുടെ പടി കയറാൻ പോകുന്ന നമ്മുടെ കുഞ്ഞോമനകൾക്ക് ജീവിതത്തിൽ സർവ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന ആശംസകളോടെ വളരെ ലളിതമായ ചില കാര്യങ്ങൾ നമ്മുടെ ചിന്തക്ക് വിഷയമാക്കാം!""
പതിവിലേറെ വാത്സല്യം തുളുമ്പുന്നതാണ് പ്രഭാഷകന്റെ ഇന്നത്തെ വാക്കുകൾ എന്നൊരു വിലയിരുത്തലിലായിരുന്നു സദസ്യർ എല്ലാവരും. അധികം പേരും ഓർത്തത്, മറ്റു പല കാര്യങ്ങളിലുമെന്ന പോലെ പ്രഭാഷകന്റെ വ്യത്യസ്ത കാഴ്ചപ്പാടുകളെപ്പറ്റിയായിരുന്നു. എന്നാൽ, സദസ്യരുടെ മനോവ്യാപാരങ്ങൾ മനസിലാക്കിയ പോലെ, ഹൃദ്യമായൊരു പുഞ്ചിരിയോടെ പ്രഭാഷകൻ ഇപ്രകാരം തുടർന്നു: ''കുട്ടികളെ സംബന്ധിക്കുന്ന സർവകാര്യങ്ങളിലും നമ്മുടെ സമീപനം ആത്മാർത്ഥതയുള്ളതായിരിക്കണം. അത്തരം കാര്യങ്ങളിലെങ്കിലും ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ ശ്രമിക്കരുത്. ജനിച്ചപ്പോൾ നമുക്ക് ഇന്നുള്ള തലപ്പൊക്കമുണ്ടായിരുന്നോ? അതായത്, ഇന്ന് ആറടിപ്പൊക്കമുള്ള ഒരാൾക്ക് ജനിച്ചപ്പോൾത്തന്നെ ഇത്രയും ഉയരമുണ്ടായിരുന്നോ? ഇല്ല! അപ്പോൾ നമ്മളെല്ലാവരും ഒരുകാലത്ത് കുഞ്ഞുങ്ങളായിരുന്നു!....
സമൂഹത്തിൽ അത്യുന്നത സ്ഥാനങ്ങൾ വഹിക്കുന്നവർ ഉൾപ്പെടെ എല്ലാവരുടേയും കഥ ഇതുതന്നെയല്ലേ! അപ്പോൾ, കുഞ്ഞുങ്ങളായിരുന്ന നമുക്ക് പറക്കമുറ്റിയെന്ന തോന്നലുണ്ടായപ്പോഴാണ് അതുവരെ ഉണ്ടായിരുന്ന കുട്ടിത്തമെന്ന ഗുണത്തെ ഒഴിവാക്കിയത്. പകരം പക, വിദ്വേഷം, വെറുപ്പ്, വൈരം, അസൂയ, വാശി എന്നിങ്ങനെ നാശത്തിലേക്കുള്ളതെല്ലാം തലയിൽ കയറ്റിയെന്നു മാത്രമല്ല, അതൊക്കെ കുഞ്ഞുമക്കൾ കൂടി കണ്ടും, കേട്ടും പഠിക്കുന്നതിനുള്ള സാഹചര്യങ്ങളും ഒരുക്കിക്കൊടുത്തു! ഇത് ഒരാളുടെയോ ഒരു പ്രത്യേക നാടിന്റെയോ മാത്രം കഥയല്ലല്ലോ! ബഹുഭൂരിപക്ഷവും ഇങ്ങനെയായിപ്പോയില്ലേ? അപ്പോൾ, നമ്മുടെ കുഞ്ഞോമനകൾ ആരെ വിശ്വസിക്കും! സ്വന്തം വീടുകളിൽപ്പോലും സുരക്ഷിതരല്ലാത്ത കുട്ടികളുള്ള ഒരു കാലഘട്ടത്തിൽ കാപട്യങ്ങളിലൂടെയും കള്ളത്തരങ്ങളിലൂടെയും വിജയക്കൊടി പാറിക്കാൻ വെമ്പൽ കൊള്ളുന്ന ലോകം കുഞ്ഞുങ്ങളോട് നീതി കാണിക്കുമോ? ഈ തിരിച്ചറിവാണ് കുട്ടികളുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഉണ്ടാകേണ്ടത്.
ഓരോ അദ്ധ്യാപകനും ആദ്യം താൻ പഠിപ്പിക്കേണ്ട കുട്ടിയെ പഠിക്കട്ടെ! അതിനുശേഷം തീരുമാനിക്കാം, ഏതു നിലവാരത്തിലെ പാഠങ്ങളാണ് ആ കുട്ടിക്ക് ചേരുകയെന്നും, എപ്രകാരം ആ കുട്ടിയെ പഠിപ്പിക്കാമെന്നും! മാമരമായി മാറണമെങ്കിൽ മണ്ണിൽത്തന്നെ നടണമെന്നും, ബോൺസായി മതിയെങ്കിൽ പൂച്ചട്ടി മതിയാകുമെന്നുമുള്ള സത്യം തിരിച്ചറിയുക! എന്നിട്ട് തീരുമാനമെടുക്കുക, എങ്ങനെ വേണമെന്ന്! ഇത്തരം തീരുമാനങ്ങളെടുക്കുമ്പോൾ ഒരു ചെറിയ- വലിയ കാര്യം കൂടി അവരുടെ ജീവിതകാലം മുഴുവൻ ഓർത്തുവയ്ക്കണമെന്ന് പറയാൻ മറക്കരുത്. സാമൂഹിക പ്രതിബദ്ധതയില്ലാത്ത ആളുകൾ സംവിധാനത്തിലെ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നു എന്നതുകൊണ്ട് സമൂഹത്തിനും സാധാരണക്കാർക്കും യാതൊരു പ്രയോജനവും ഉണ്ടാകില്ല എന്ന ലോകസത്യം!""കണ്ണിമവെട്ടാതെ തന്നെ കേട്ടിരുന്ന സദസ്യരെ നോക്കി നിറഞ്ഞ ചിരിയോടെ പ്രഭാഷകൻ പറഞ്ഞു നിർത്തി.