കോട്ടയം: നീണ്ട ഇടവേളയ്ക്ക് ശേഷം റബർ വില കിലോയ്ക്ക് 190 ലേയ്ക്കെത്തി. അന്താരാഷ്ട്ര റബർ വില കിലോയ്ക്ക് 200 രൂപ കടന്നതിന് പിന്നാലെയാണ് ആഭ്യന്തര വിലയും കുതിപ്പ്.
ബാങ്കോക്കിൽ ആർ.എസ്.എസ് ഫോർ 204 ൽ എത്തി. റബർബോർഡ് വില ഫോറിന് ഈ സീസണിലെ ഉയർന്ന വിലയായ 188ൽ എത്തി.
ഏറെക്കാലത്തിന് ശേഷമാണ് ആഭ്യന്തര വില 180പിന്നിട്ട് 190ലോട്ട് അടുക്കുന്നത്. അന്താരാഷ്ട്ര വില ഉയരുകയും ആഭ്യന്തര ഉത്പാദനം കുറഞ്ഞ് ഡിമാൻഡ് കൂടുന്ന സാഹചര്യത്തിൽ ആഭ്യന്തര വിപണിയും വൈകാതെ 200 തൊടുമെന്നാണ് വിലയിരുത്തൽ.
മേയ് ആദ്യം അന്താരാഷ്ട്ര വില 183 വരെ താഴ്ന്നിരുന്നു. സമീപ ദിവസങ്ങളിലാണ് 204ൽ എത്തിയത്. മലേഷ്യ .ചൈന ഉത്പാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണം. വിപണിയിൽ നിന്നു വിട്ടു നിന്ന് ആഭ്യന്തര വില ഉയരാതിരിക്കാൻ ടയർലോബികൾ ശ്രമം തുടങ്ങിയിട്ടുണ്ട്.
മഴയത്തു ടാപ്പിംഗ് ആരംഭിക്കാൻ കഴിയുന്നില്ല. വില ഉയർന്നതിന്റെ പ്രയോജനം സാധാരണ കർഷകർക്ക് ലഭിക്കില്ല. ഷീറ്റ്സ്റ്റോക്ക് ചെയ്ത വൻകിടക്കാർക്കാണ് നേട്ടം.
ചെലവ് തന്നെ വില്ലൻ
കാടുവെട്ടും റെയിൻഗാർഡിംഗും വളപ്രയോഗവും നടത്തുന്നതിന്റെ ചെലവ് കൂടിയതിനാൽ ടാപ്പിംഗ് നടത്താതെ ഉത്പാദനം കുറയാനാണ് സാദ്ധ്യത. റെയിൻ ഗാർഡിംഗ് ഒരു മരത്തിന് 35-40 രൂപയാകും. ഒരേക്കറിന് 4000 രൂപ സബ് സിഡി നൽകുമെന്ന റബർ ബോർഡ് പ്രഖ്യാപനം നടപ്പായിട്ടില്ല. ഒരേക്കർ കാടുവെട്ടിത്തെളിക്കാൻ പതിനായിരം രൂപയിലേറെ ചെലവ് വരും. വളമിടീലും മറ്റു ചെലവുകളും നോക്കിയാൽ ടാപ്പിംഗിന് മുമ്പ് അരലക്ഷം രൂപയോളം ചെലവ് വരും. ഷീറ്റ് വില 180 കടന്നാലും മെച്ചമില്ലെന്നാണ് സാധാരണ കർഷകർ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം 80-90 ദിവസം മാത്രമാണ് ടാപ്പിംഗിന് ലഭിക്കുക.
180 കടന്നത് വിനയായി
സംസ്ഥാന സർക്കാർ വില സ്ഥിരതാ പദ്ധതിയിൽ കിലോയ്ക്ക് 180 രൂ പ ആക്കി ഉയർത്തിയെങ്കിലും ആഭ്യന്തരവില 180 കടന്നതോടെ ഇതിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കില്ല. സബ് സിഡി കൊടുക്കേണ്ടെന്ന നേട്ടം സർക്കാരിനുമായി. വില കുറഞ്ഞുനിന്ന സമയത്തെ സബ് സിഡി തുകയിൽ കോടികളുടെ കുടിശിക കർഷകർക്കു സർക്കാർ കൊടുക്കാനുമുണ്ട്.
ടാപ്പിംഗ് ഇല്ല, വിപണിയിൽ റബറുമില്ല
കാടുവെട്ടും റെയിൻഗാർഡിംഗും വളപ്രയോഗവും നടത്തുന്നതിന്റെ ചെലവ് കൂടിയതിനാൽ റബർ മേഖലയിൽ ടാപ്പിംഗ് ഇല്ലാത്ത അവസ്ഥയാണ്.
...............................................................................................
# മഴക്കാലത്ത് റെയിൻ ഗാർഡ് ഘടിപ്പിച്ച് ടാപ്പിംഗ് ആരംഭിക്കാത്തതിനാൽ
സാധാരണ കർഷകർക്ക് റബർ വില ഉയരുന്നതിന്റെ പ്രയോജനമില്ല.
നൈനാൻ തോമസ്, റബർ കർഷകൻ