കണ്ണൂര്‍: 13 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ കരുണാകരന്‍ ഒമാനിലെ തന്റെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. അന്ന് മുതല്‍ എല്ലാ മാസവും മുടങ്ങാതെ തന്റെ അക്കൗണ്ടില്‍ ശമ്പളം എത്താറുണ്ടെന്നാണ് കരുണാകരന്‍ പറയുന്നത്. ഒമാനിലെ തൊഴിലുടമയായ ഡോക്ടര്‍ സാലിം അബ്ദുള്ള അല്‍ ഹറമിയാണ് ഈ പതിവ് തുടരുന്നത്.
ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറലായ ഡോക്ടര്‍ സാലിം അബ്ദുള്ളയുടെ വീട്ടിലെ ജോലിക്കാരനായിരുന്നു കരുണാകരന്‍. 27 വര്‍ഷം ഇവിടെ ജോലി ചെയ്തു. നാട്ടിലേക്ക് മടങ്ങുമ്പോള്‍ തന്റെ വരുമാനം ഇല്ലാതായി എന്ന ആശങ്കയുണ്ടായിരുന്നു കരുണാകരന്. എന്നാല്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ സ്വന്തമായി എന്തെങ്കിലും തുടങ്ങണം എന്ന് നിര്‍ദേശിച്ച് പണം നല്‍കിയാണ് വിട്ടത്.
എന്നാല്‍ അവിടെയും അവസാനിച്ചിരുന്നില്ല സാലിം അബ്ദുള്ളയുടെ സ്‌നേഹം. തൊട്ടടുത്ത മാസം മുതല്‍ 4000, 5000 എന്ന കണക്കില്‍ തുക അയക്കുമായിരുന്നുവെന്നാണ് കരുണാകരന്‍ പറയുന്നത്. പിന്നീട് മക്കളുടെ വിവാഹ സമയത്തും തന്റെ പഴയ തൊഴിലുടമയുടെ സഹായമെത്തി. ഒരു മുതിര്‍ന്ന സഹോദരന്റെയോ അച്ഛന്റെയോ ഒക്കെ സ്‌നേഹമാണ് അദ്ദേഹം തന്നോട് കാണിക്കുന്നത്- കരുണാകരന്‍ പറഞ്ഞു.
മലയാളികളോട് പൊതുവിലും ഒപ്പം തന്റെ വീട്ടിലെ അടുത്ത വ്യക്തിയായ കരുണാകരനോട് പ്രത്യേകിച്ച് സ്‌നേഹമുണ്ടായിരുന്നു ഡോക്ടര്‍ക്കും കുടുംബത്തിനും. കരുണാകരന്‍ വളരെ നല്ല വ്യക്തിയാണെന്നും തനിക്കും തന്റെ കുടുംബത്തിനും അദ്ദേഹത്തെ വലിയ ഇഷ്ടമാണെന്നും ഡോക്ടര്‍ പറയുന്നു. ഒപ്പം കേരളം സന്ദര്‍ശിക്കണമെന്ന ആഗ്രഹവും അദ്ദേഹം വെളിപ്പെടുത്തി.
തന്റെ തൊഴിലുടമയുടെ ഒമാനിലെ ആ പഴയ വീട്ടിലേക്ക് ഒരിക്കല്‍ക്കൂടി പോകണമെന്ന് തനിക്കും ആഗ്രഹമുണ്ടെന്നാണ് കരുണാകരനും പറയുന്നത്.