കൊൽക്കത്ത : ബംഗ്ലാദേശ് എം.പി അൻവാറുൾ അസീം അനാറിന്റെ കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്. കൊലപാതകം നടന്ന ഫ്ലാറ്റിലെ സെപ്ടിക് ടാങ്കിൽ നിന്ന് നാലു കിലോ തൂക്കംവരുന്ന മനുഷ്യമാംസം കണ്ടെത്തി. ഇത് എം.പിയുടേതായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹാവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാനാണ് പൊലീസിന്റെ നീക്കം,
കേസിൽ കശാപ്പുകാരനും ബംഗ്ലാദേശ് സ്വദേശിയുമായ ജിഹാദ് ഹവീൽദാറിനെ കൊൽക്കത്ത പൊലീസിന്റെ സി.ഐ.ഡി വിഭാഗം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു, കൊലപാതകത്തിന് ശേഷം അസീം അനാറിന്റെ ശരീരത്തിൽ നിന്ന് തൊലി നീക്കുകയും തുടർന്ന് മൃതദേഹം വെട്ടിനുറുക്കുകയും ചെയ്തതായാണ് പ്രതികൾ മൊഴി നൽകിയത്. ഫ്ലാറ്റിലെ ടോയ്‌ലെറ്റ് വഴി ഒഴുക്കിക്കളഞ്ഞ മൃതദേഹാവശിഷ്ടങ്ങളാണ് സെപ്ടിക് ടാങ്കിൽ നിന്ന് കണ്ടെടുത്തതാണെന്നാണ് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ ദിവസം ധാക്കയിൽ നിന്നെത്തിയ അന്വേഷണ സംഘം തലവൻ മുഹമ്മദ് ഹാറൂൺ റഷീദിന്റെ നേതൃത്വത്തിൽ കശാപ്പുകാരൻ ജിഹാദ് ഹവൽദാറിനെ ചോദ്യം ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റിലും സമീപത്തെ കനാലിലും പരിശോധന നടത്താൻ മുഹമ്മദ് ഹാറൂൺ നിർദ്ദേശം നൽകിയത്. എന്നാൽ കനാലിൽ നിന്ന് സംശയാസ്‌പദമായ ഒന്നും കണ്ടെത്താനായില്ല. കേസിൽ ഷിലാസ്‌തി റഹ്മാൻ, അമാനുള്ള അമാൻ, ഫൈസൽ അലി എന്നിവരാണ് ഇതുവരെ ബംഗ്ലാദേശിൽ പിടിയിലായത്.
എം.പിയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതായി കരുതുന്ന അക്തറുസ്മാൻ ബംഗ്ലാദേശ് വംശജനായ യു.എസ് പൗരനാണ്. ഇയാളുടെ കൊൽക്കത്ത ന്യൂടൗൺ ഏരിയയിലുള്ള വാടകവീട്ടിലാണ് എം.പി കൊല്ലപ്പെട്ടത്. അൻവാറുൾ കൊല്ലപ്പെടുമ്പോൾ ശിലാസ്തിയും കൊൽക്കത്തയിൽ ഉണ്ടായിരുന്നു. ഇവർ മേയ് 15നാണ് ധാക്കയിലേക്ക് മടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. വാടകകൊലയാളിയ്ക്കൊപ്പമാണ് ഇവർ മടങ്ങിയതെന്നും റിപ്പോർട്ടുണ്ട്. അൻവാറുൽ അസിമിനെ ബംഗ്ലാദേശിൽ നിന്ന് കൊൽക്കത്തയിലെത്തിക്കാൻ ശിലാസ്തിയെ ഉപയോഗിച്ച് ഹണിട്രാപ്പ് നടത്തുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന. ഫ്ലാറ്റിൽ നിന്ന് ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും രണ്ട് വലിയ പെട്ടികളുമായി മടങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. .
അൻവറുള്ളിനെ വധിക്കാൻ അഞ്ച് കോടി രൂപയുടെ ക്വട്ടേഷനാണ് അക്തറുസ്‌മാൻ കൊലയാളികൾക്ക് നൽകിയത്. കൊല്ലപ്പെട്ട എംപിയുടെ അടുത്ത സുഹൃത്തായിരുന്നു അക്തറുസ്‌മാൻ. ഇവർ ചേർന്ന് സ്വർണക്കടത്ത് നടത്തിയിരുന്നതായി ചില ബംഗ്ലാദേശ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അവാമി ലീഗ് പാർട്ടിയംഗമാണ് കൊല്ലപ്പെട്ട അൻവറുൾ അസിം അനാർ. മേയ് 13 മുതലാണ് കൊൽക്കത്തയിൽ നിന്ന് അൻവറുള്ളിനെ കാണാതായത്. ഇദ്ദേഹം കൊല്ലപ്പെട്ടുവെന്ന വാർത്ത ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്‌മാൻ ഖാൻ ആണ് പുറത്തുവിട്ടത്.