hardik-pandya

മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപനായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ രണ്ടാം കപില്‍ ദേവ് എന്നാണ് കരിയറിന്റെ തുടക്കത്തില്‍ വിശേഷിപ്പിച്ചിരുന്നത്. ഒരു ഘട്ടം വരെ ഈ വിശേഷണത്തോട് നീതി പുലര്‍ത്തുന്നതായിരുന്നു താരത്തിന്റെ കളത്തിലെ പ്രകടനം. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ എന്ന പദവിയിലേക്ക് പാണ്ഡ്യ വളരെ എളുപ്പത്തിലും എതിരാളികളില്ലാതെയുമാണ് നടന്ന് കയറിയത്. തന്റെ ആദ്യ ഐപിഎല്‍ ടീമായ മുംബയ് ഇന്ത്യന്‍സ് വിട്ട് ഗുജറാത്ത് ടൈറ്റന്‍സിലെത്തിയതും അവരെ ജേതാക്കളും റണ്ണറപ്പുകളുമാക്കിയപ്പോള്‍ രോഹിത് ശര്‍മ്മയ്ക്ക് ശേഷം അടുത്ത നായകന്‍ എന്ന പദവിയും താരം ഏറെക്കുറേ ഉറപ്പിച്ചിരുന്നു. എന്നാല്‍ കളത്തിലും വ്യക്തിജീവിതത്തിലും സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുകയാണ് താരമിപ്പോള്‍.

ഭാര്യ നതാഷ സ്റ്റാന്‍കോവിച്ചുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. സെര്‍ബിയക്കാരിയായ നതാഷയുമൊത്തുള്ള ഹാര്‍ദിക്കിന്റെ വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷം മാത്രമാണ് പിന്നിട്ടത്. ഇരുവരും തമ്മില്‍ പിരിഞ്ഞുകഴിഞ്ഞുവെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് വയസ്സുകാരനായ അഗസ്ത്യാ പാണ്ഡ്യ എന്ന ഒരു മകനുണ്ട് ഇരുവര്‍ക്കും. എന്നാല്‍ വിവാഹമോചനത്തെക്കുറിച്ച് ഹാര്‍ദിക് പാണ്ഡ്യയോ നതാഷ സ്റ്റാന്‍കോവിച്ചോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നതാണ് യഥാര്‍ത്ഥ വസ്തുത. അടുത്തിടെ നതാഷയെ മുന്‍ കാമുകനൊപ്പം വീണ്ടും ഡേറ്റ് ചെയ്യുന്നത് കണ്ടുവെന്നതരത്തില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വിവാഹമോചന വാര്‍ത്തകളുടെ വിശ്വാസ്യത കൂട്ടിയിട്ടുണ്ട്.

വിവാഹ ബന്ധം വേര്‍പ്പെടുത്തിയെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സ്വത്തിന്റെ 70 ശതമാനം നതാഷയ്ക്ക് നല്‍കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 2019ല്‍ ഒരു നൈറ്റ് ക്ലബ്ബില്‍ വച്ചാണ് ഹാര്‍ദിക് പാണ്ഡ്യയും നതഷ സ്റ്റാന്‍കോവിച്ചും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. അധികം വൈകാതെ ഇരുവരും ഒരു ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാകുകയും ചെയ്തു. ഔദ്യോഗികമായി 2020ല്‍ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ നതാഷ ഹാര്‍ദിക്കിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്നു. വളരെ ലളിതമായി ഹിന്ദു- ക്രൈസ്തവ ആചാരപ്രകാരം ഇരുവരുടേയും വിവാഹം പിന്നീട് നടക്കുകയും ചെയ്തു. വിവാഹത്തിന് തൊട്ട് പിന്നാലെയാണ് കുഞ്ഞ് ജനിച്ചതും. 2023ല്‍ ഇരുവരും ആഡംബരമായി വിവാഹം വീണ്ടും നടത്തുകയും ചെയ്തു.

ഈയടുത്ത് നതാഷ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പേരില്‍നിന്ന് പാണ്ഡ്യ എന്ന പേര് ഒഴിവാക്കിയതാണ് എല്ലാത്തിനും തുടക്കം. ഐ.പി.എല്‍ മത്സരവേദികളില്‍ നതാഷയെ കാണാതിരുന്നതോടെ അവര്‍ തമ്മില്‍ പിരിഞ്ഞുവെന്ന് ആരാധകര്‍ ഉറപ്പിച്ചു. ഇരുവരും സോഷ്യല്‍മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നില്ലെന്നതും തെളിവായി ആളുകള്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല പാണ്ഡ്യയ്ക്കൊപ്പമുള്ള പഴയ പോസ്റ്റുകള്‍ നതാഷ ഒഴിവാക്കിയിട്ടുമുണ്ട്. പാണ്ഡ്യയോ നതാഷയോ അവരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലോ സ്റ്റോറികളിലോ പങ്കാളിയെ ടാഗ് ചെയ്യുകയോ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നില്ല എന്നും പരാതിയുണ്ട്. നതാഷ സ്റ്റാന്‍കോവിച്ച് പാണ്ഡ്യാ എന്നായിരുന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈലിന് ഇപ്പോള്‍ പേര് നതാഷ സ്റ്റാന്‍കോവിച് എന്നുമാത്രമാണ്.

മാര്‍ച്ച് നാലിനായിരുന്നു നടാഷയുടെ ജന്മദിനം. ആ ദിവസം ഹാര്‍ദിക് ഒന്നും തന്നെ പോസ്റ്റ് ചെയ്തിരുന്നില്ല. ഹാര്‍ദിക്കുമായുള്ള എല്ലാ പോസ്റ്റുകളും നടാഷ നീക്കം ചെയ്തിരിക്കുന്നു. മകന്‍ അഗസ്ത്യ കൂടെയുള്ള ഒരു ചിത്രമേ അവര്‍ ഒന്നിച്ചുള്ളതായി അവശേഷിക്കുന്നുള്ളൂ. ഐപിഎല്‍ ടീം മുംബയ് ഇന്ത്യന്‍സ് നായകനായി ഹാര്‍ദിക് പാണ്ഡ്യ രോഹിത് ശര്‍മ്മയുടെ പകരക്കാരനായത് മുതല്‍ ആരാധകരും താരത്തെ കൈവിട്ടു. രോഹിത്തിന്റെ ആരാധകരുടെ രോഷം ഹോം ഗ്രൗണ്ടില്‍ പോലും നേരിടേണ്ടി വന്ന സീസണില്‍ നായകനായ ടീം അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചെയ്തപ്പോള്‍ ഇന്ത്യന്‍ ടീമിലേക്കുള്ള താരത്തിന്റെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടു.

നായകനെന്ന നിലയിലോ താരമെന്ന നിലയില്‍ ബാറ്റ് കൊണ്ടോ ബോള്‍ കൊണ്ടോ നിര്‍ണായകമായ ഒരു സംഭാവനയും ഹാര്‍ദിക്കില്‍ നിന്ന് മുംബയ് ഇന്ത്യന്‍സിന് ലഭിച്ചില്ല. എന്നിട്ടും താരത്തെ ടി20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുകയും രോഹിത്തിന് കീഴില്‍ വൈസ് ക്യാപ്റ്റനായി അവരോധിക്കുകയും ചെയ്തിട്ടുണ്ട്. വ്യക്തിജീവിതത്തിലെ തിരിച്ചടികളാണ് കളത്തിലെ താരത്തിന്റെ പ്രകടനത്തേയും ബാധിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. ലോകകപ്പില്‍ താരം മോശം പ്രകടനം ആവര്‍ത്തിച്ചാല്‍ ഒരുപക്ഷേ ഇന്ത്യന്‍ ടീമിലെ സ്ഥാനം തന്നെ എന്നെന്നേക്കുമായി നഷ്ടമാകാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് തന്നെ താരത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്.