തിരുവനന്തപുരം: കേരളത്തിന് മൂന്നാമതൊരു വന്ദേഭാരത് അനുവദിച്ചപ്പോള്‍ പരിഗണിച്ചത് ഏറ്റവും അധികം മലയാളി യാത്രക്കാരെ കിട്ടുന്ന കൊച്ചി - ബംഗളൂരു റൂട്ടിലേക്കാണ്. എന്നാല്‍ പിന്നീട് ഈ ട്രെയിന്‍ സര്‍വീസുമായി റെയില്‍വേ മുന്നോട്ട് പോയില്ല. സ്വകാര്യ ബസ് ലോബിയുടെ ഇടപെടലാണ് പിന്നിലെന്നതരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. യാത്രക്കാരുടെ എണ്ണം കണക്കാക്കുമ്പോള്‍ നിലവിലെ ട്രെയിന്‍, ബസ് സൗകര്യങ്ങള്‍ പര്യാപ്തമല്ല. കേരളത്തില്‍ നിന്ന് നിരവധി യാത്രക്കാരുണ്ടെന്ന സാഹചര്യം മുതലാക്കാന്‍ രംഗത്ത് വരികയാണ് കര്‍ണാടക ആര്‍ടിസി.
മലയാളി യാത്രക്കാരെ ലക്ഷ്യമിട്ട് രണ്ട് ആഡംബര ബസ് സര്‍വീസുകളാണ് കര്‍ണാടക കേരളത്തിലേക്ക് ആരംഭിക്കാനൊരുങ്ങുന്നത്. ഇതിനായി പരിഗണിക്കുന്ന റൂട്ടാകട്ടെ കേരളത്തില്‍ നിന്ന് ഏറ്റവും തിരക്കുള്ള കൊച്ചി - കോഴിക്കോട് - ബംഗളൂരു ആണ്. കര്‍ണാടകയുടെ ഈ നീക്കത്തില്‍ ഏറ്റവും വലിയ തിരിച്ചടിയുണ്ടാകാന്‍ പോകുന്നത് കെഎസ്ആര്‍ടിസിക്കാണ്. തിരക്കുള്ള ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തണമെന്ന ആവശ്യം യാത്രക്കാര്‍ കാലങ്ങളായി ഉന്നയിച്ചിട്ടും ഒരു ഇടപെടലും ഉണ്ടായിട്ടില്ല.
കേരളത്തിന്റേയും കെഎസ്ആര്‍ടിസിയുടേയും ഭാഗത്ത് നിന്ന് യാത്രക്കാര്‍ക്ക് അനുകൂല പ്രതികരണമുണ്ടാകുന്നില്ലെന്ന സാഹചര്യം മുതലാക്കാന്‍ ഒരുങ്ങിയാണ് കര്‍ണാടക ആര്‍ടിസിയുടെ നീക്കം. കെഎസ്ആര്‍ടിസി നടത്തുന്ന കോഴിക്കോട് ബംഗളൂരു സര്‍വീസുകള്‍ എല്ലാം ലാഭത്തിലാണ്. സൂപ്പര്‍ ഫാസ്റ്റ് മുതല്‍ മള്‍ട്ടി ആക്‌സില്‍ ബസ് വരെ ഇവയില്‍പ്പെടും. ഏറ്റവും ഒടുവിലായി നവകേരള സദസിന് ഉപയോഗിച്ച ബസും ഇപ്പോള്‍ ഗരുഡ പ്രീമിയമായി ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്. 1,250 രൂപയാണ് ഈ ബസിലെ ടിക്കറ്റ് നിരക്ക്.
കൊച്ചിയില്‍ നിന്നും ബംഗളൂരുവിലേക്കും സ്ഥിരമായി യാത്രചെയ്യുന്ന യാത്രക്കാരുടെ തിരക്ക് എല്ലാ ദിവസവും ഉണ്ട്. വാരാന്ത്യങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ തിരക്ക് കൂടിയാകുമ്പോള്‍ റൂട്ടിലെ സര്‍വീസ് ക്ലിക്കാകുമെന്ന് ഉറപ്പാണ്. കല്‍പ്പറ്റയില്‍ നിന്ന് മൈസൂര്‍ - ബംഗളൂരു എക്‌സ്പ്രസ് വേ വഴി യാത്ര ചെയ്താല്‍ സമയം ലാഭിക്കാം എന്ന അനുകൂല സാഹചര്യവുമുണ്ട്. ഈ സാഹചര്യമെല്ലാം പരിഗണിച്ചാണ് രണ്ട് സ്ലീപ്പര്‍ എ.സി ബസുകള്‍ നിരത്തിലിറക്കാന്‍ കര്‍ണാടക ഒരുങ്ങുന്നത്.