shain-nigam

നടന്‍ ഷെയ്ന്‍ നിഗം സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രവും അതിന് നല്‍കിയ തലക്കെട്ടും വൈറലാകുന്നു. തലയില്‍ കഫിയ ധരിച്ച ചിത്രത്തിന് 'സുഡാപ്പി ഫ്രം ഇന്ത്യ' എന്ന തലക്കെട്ടാണ് താരം നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ ആരാധകരും വിമര്‍ശകരും ഒരുപോലെ ഏറ്റെടുത്തുകഴിഞ്ഞു. രാഷ്ട്രീയ വിഷയത്തിലും ഒപ്പം സാമൂഹ്യ വിഷയങ്ങളിലും തന്റെ അഭിപ്രായം തുറന്ന് പറയുന്ന വ്യക്തിയാണ് ഷെയ്ന്‍.

കഴിഞ്ഞ ദിവസം എല്ലാ കണ്ണുകളും റഫയിലേക്ക് എന്ന ഷെയ്ന്‍ നിഗത്തിന്റെ പോസ്റ്റും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ കഫിയ ധരിച്ചുള്ള ചിത്രത്തേയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്ത് വരുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ഉണ്ണി മുകുന്ദനെ കുറിച്ച് ഷെയ്ന്‍ പറഞ്ഞ ചില കാര്യങ്ങള്‍ അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണത്തിന് കാരണമായിരുന്നു.

ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിലെ ഷെയ്‌നിന്റെ നായിക മഹിമ നമ്പ്യാര്‍, നടന്‍ ബാബുരാജ് എന്നിവരും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. മലയാളത്തില്‍ ഇപ്പോള്‍ ഷെയ്ന്‍ - മഹിമ ജോഡിക്ക് ആരാധകര്‍ ഉള്ളത് പോലെ തന്നെ മഹിമ - ഉണ്ണി മുകുന്ദന്‍ ജോഡിക്കും ആരാധകരുണ്ടെന്നായിരുന്നു അവതാരക പറഞ്ഞത്. താന്‍ ഇതില്‍ മഹിമ - ഉണ്ണി ജോഡിയുടെ ആരാധികയാണെന്നും അവതാരക പറഞ്ഞിരുന്നു. ഇതിന് ഷെയ്ന്‍ നല്‍കിയ മറുപടിയാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

താനും മഹിമ നമ്പ്യാര്‍ - ഉണ്ണി മുകുമ്പന്‍ ജോഡിയുടെ ആരാധകനാണെന്ന് പറഞ്ഞ ശേഷം മഹിമ -ഉംഫി (ഉണ്ണി മുകുന്ദന്‍ ഫാന്‍സ് ഇന്ത്യ) എന്ന് കൂടി ഷെയ്ന്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ഉണ്ണി മുകുന്ദന്‍ അനുകൂലികള്‍ ഷെയ്ന്‍ നിഗത്തെ വ്യക്തിപരമായി സമൂഹമാദ്ധ്യമങ്ങളില്‍ ആക്രമിക്കാന്‍ തുടങ്ങിയത്. ഇത് വിവാദമായതോടെ തന്റെ വാക്കുകളില്‍ വ്യക്തവരുത്തി ഷെയ്ന്‍ ഷെയ്ന്‍ മുന്നോട്ടുവന്നിരുന്നു. മതവിദ്വേഷത്തിന് അവസരം കാത്തുനിന്നവര്‍ക്ക് എന്റെ വാക്കുകള്‍ അവസരമായി എന്ന ഒറ്റക്കാരണം കൊണ്ടാണ് വിശദീകരണം നല്‍കുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതികരണം.