തിരുവനന്തപുരം: ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജൂണിൽ ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. പരിഷ്‌കരിച്ച സ്‌കൂൾ പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമിന്റെയും വിതരണോദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അക്കാഡമിക് നിലവാരം ഉറപ്പുവരുത്താനുള്ള എല്ലാ പ്രവർത്തനങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നുണ്ടാകും.
പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒന്നാം ക്ലാസിലെ പാഠപുസ്തകം കോട്ടൺഹിൽ എൽ.പി സ്‌കൂൾ വിദ്യാർത്ഥികളായ ഗണേഷും ശിവന്യയും ചേർന്ന് ഏറ്റുവാങ്ങി. സൗജന്യ കൈത്തറി യൂണിഫോമിന്റെ വിതരണോദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു. കോട്ടൺഹിൽ, പാങ്ങോട്, അമ്പലത്തറ ഗവ.എൽ.പി.എസ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾ യൂണിഫോം സ്വീകരിച്ചു. പത്തുലക്ഷം കുട്ടികൾക്കായി 30,75,000 മീറ്റർ തുണിയാണ് വേണ്ടത്. ഒരു കുട്ടിക്ക് നൽകുന്നത് രണ്ട് ജോഡി യൂണിഫോം.
പ്രവേശനോത്സവ
ഗാനം പുറത്തിറക്കി
സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവ ഗാനം പുറത്തിറക്കി.
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. തുടക്കമുത്സവം, പഠിപ്പൊരുത്സവം...എന്നു തുടങ്ങുന്ന ഗാനം രചിച്ചത് ബി.കെ. ഹരിനാരായണൻ. സംഗീത സംവിധാനം ബിജിബാൽ. ലോല, ദയ ബിജിബാൽ, നന്ദിനി സുധീഷ് എന്നിവരാണ് ആലാപനം.
പ്ലസ് വൺ: തിരുത്തൽ നാളെ വരെ
പ്ലസ് വൺ അപേക്ഷയിൽ പിശകുകളുണ്ടെങ്കിൽ നാളെ വൈകിട്ട് 5വരെ തിരുത്താനവസരം. അപേക്ഷയിൽ സ്കൂൾ, ഓപ്ഷനുകൾ, സംവരണ വിവരങ്ങൾ, ജാതി, അപേക്ഷകന്റെ താലൂക്ക്, അഡ്രസ്, കലാ-കായിക മേളയിലെ പങ്കാളിത്തം തുടങ്ങിയവയിലെ പിശകുകളാണ് ഇപ്പോൾ തിരുത്താവുന്നത്. അതേസമയം, അടിസ്ഥാന വിവരങ്ങളായ പത്താം ക്ലാസ് സ്കീം, രജിസ്റ്റർ നമ്പർ, ജനനതിയതി, കാൻഡിഡേറ്റ് ലോഗിന് നൽകിയ മൊബൈൽ നമ്പർ എന്നിവയിൽ മാറ്റം വരുത്താനാകില്ല. തിരുത്തിയതിന് ശേഷം ഫൈനൽ കൺഫർമേഷൻ ബട്ടൺ ക്ലിക്ക് ചെയ്യണം. ട്രയൽ അലോട്ട്മെന്റ് ഇന്നലെ www.admission.dge.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ജൂൺ 5നാണ് ആദ്യ അലോട്ട്മെന്റ്.