d

ന്യൂഡൽഹി : ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച എയർ ടു സർഫസ് ആന്റി റേഡിയേഷൻ സൂപ്പർ സോണിക് മിസൈലായ രുദ്രം -2 വിന്റെ വിക്ഷേപണം വിജയം. നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന റഷ്യയുടെ കെ.എച്ച് -31 ആന്റി റേഡിയേഷൻ മിസൈലുകൾക്ക് പകരമായാകും രുദ്രം മിസൈലുകൾ ഇനി ഉപയോഗിക്കുന്നത്.

നാലു വർഷങ്ങൾക്ക് മുൻപാണ് രുദ്രം മിസൈലിന്റെ ആദ്യപതിപ്പായ രുദ്രം 1 പരീക്ഷിച്ചത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷനാണ് (ഡി.ആർ.ഡി.ഒ)​ മിസൈൽ വികസിപ്പിച്ചത്. ശത്രുക്കളുടെ നിരീക്ഷണ റഡാറുകളെയും വ്യോമപ്രതിരോധ സംവിധാനങ്ങളെയും തകർക്കുന്നതിന് വേണ്ടി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആന്റി റേഡിയേഷൻ മിസൈലാണ് രുദ്രം. വിവിധ ഉയരങ്ങളിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന രുദ്രം മിസൈലുകൾക്ക് 100 കിലോമീറ്ററിലേറെ ദൂരത്ത് നിന്ന് ശത്രുക്കളുടെ റഡാറുകളിൽ നിന്നുള്ള സിഗ്നലുകളും റേഡിയോ ഫ്രീക്വൻസികളും പിടിച്ചെടുക്കാനാകും.

ഇന്ത്യൻ നേവിക്ക് വേണ്ടി ഫ്രാൻസിൽ നിന്ന് 26 റഫാൽ - മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങുന്ന കരാറിനെ പറ്റി ഇരുരാജ്യങ്ങളും ചർച്ച തുടങ്ങുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കരാർ ചർച്ചാ സമിതിയുമായി (സി.എൻ.സി) കൂടിയാലോചനയ്‌ക്ക് ഫ്രഞ്ച് സർക്കാർ, യുദ്ധവിമാന നിർമ്മാതാക്കളായ ദസോ ഏവിയേഷൻ, ആയുധസംവിധാനങ്ങൾ സംയോജിപ്പിക്കുന്ന തേൽസ് എന്നിവയുടെ പ്രതിനിധികൾ നാളെ ഡൽഹിയിലെത്തും. പ്രതിരോധ മന്ത്രാലയത്തിന്റെ അക്വിസിഷൻ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നേവി പ്രതിനിധികളാണ് സി.എൻ.സിയിൽ ഉള്ളത്.

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ ഭീഷണി നേരിടാൻ റഫാൽ ഇടപാട് വേഗത്തിലാക്കുകയാണ്. വിമാനവാഹിനികളായ ഐ.എൻ.എസ് വിക്രമാദിത്യ, ഐ.എൻ.എസ് വിക്രാന്ത് എന്നിവയിൽ റഫാൽ വിമാനങ്ങൾ വിന്യസിക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സുരക്ഷാസമിതിയുടെ അംഗീകാരത്തോടെ ഇരു രാജ്യങ്ങളും കരാറിൽ ഒപ്പിടും. 26 റഫാൽ മറൈൻ യുദ്ധവിമാനങ്ങൾക്കും മൂന്ന് സ്‌കോർപിയോൺ ക്ളാസ് അന്തർവാഹിനികൾക്കുമുള്ള ഇടപാടിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡി.എ.സി) ജൂലായിൽ അംഗീകാരം നൽകിയിരുന്നു.

ഇന്ത്യ സ്വന്തമായി നിർമ്മിക്കുന്ന ഇരട്ട എൻജിൻ വിമാനം യാഥാർത്ഥ്യമാകാൻ പത്തു വർഷമെങ്കിലുമെടുക്കും. ഈ സാഹചര്യത്തിലാണ് മറൈൻ റഫാൽ വിമാനങ്ങൾ വാങ്ങുന്നത്. വ്യോമസേനയ്‌ക്ക് 36 റഫാൽ വിമാനങ്ങൾ നേരത്തേ വാങ്ങിയിരുന്നു.