food

വെള്ളറട: ഭക്ഷ്യസുരക്ഷ ഒരു പ്രശ്‌നമായി തുടരുമ്പോഴും അതിര്‍ത്തിഗ്രാമങ്ങളില്‍ പരിശോധന പേരിനുപോലുമില്ല. ഇവിടെ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളുടെ വില്പന സജീവമെന്നാണ് പരാതി. ബന്ധപ്പെട്ടവര്‍ പരിശോധന നടത്താതായതോടെ പഴകിയ ഭക്ഷണങ്ങള്‍ വരെ തോന്നിയപോലെ വില്പനനടത്താമെന്ന അവസ്ഥയാണ്. ഒപ്പം അതിര്‍ത്തിക്കപ്പുറത്തുനിന്നും മായം ചേര്‍ന്നതും ഗുണനിലവാരം ഇല്ലാത്തതുമായ ഉത്പന്നങ്ങള്‍ വരെ ഇവിടെ എത്തുന്നുണ്ട്. ഇതിന്റെ ഗുണനിലവാരം പോലും ആരും പരിശോധിക്കുന്നില്ലെന്നാണ് പരാതി. ഇത്തരം വ്യാപാരികള്‍ക്ക് ഉത്പന്നങ്ങള്‍ വില കുറച്ച് നല്‍കുന്നതിനാലാണ് ഏറെപ്പേരും ഇത്തരം ഉത്പന്നങ്ങള്‍ വില്പന നടത്തുന്നത്.

പഴകിയ മത്സ്യങ്ങള്‍ വില്പനയ്ക്ക്

രാസവസ്തുക്കള്‍ക്കൊണ്ട് ദിവസങ്ങളോളവും മാസങ്ങളോളവും പഴക്കമുള്ള മത്സ്യങ്ങളാണ് വെള്ളറടയിലെ പ്രധാന മത്സ്യമാര്‍ക്കറ്റില്‍ എത്തുന്നത്. ചീഞ്ഞതും ദുര്‍ഗന്ധം വമിക്കുന്നതുമായ മത്സ്യങ്ങള്‍ വില്പന നടത്തിയിട്ടും പരിശോധന നടത്താന്‍ ആരും ഇവിടെയെത്താറില്ല. വിലക്കുറവായതിനാല്‍ സമീപത്തെ ചില ഹോട്ടലുകള്‍ പ്രധാനമായും ഇത്തരം മീനുകളാണ് വാങ്ങുന്നതെന്നും പരാതി ഉയരുന്നുണ്ട്.

സര്‍വം മായം

തമിഴ്‌നാട്ടില്‍ നിന്നും വ്യാപകമായി എത്തുന്ന പാല്‍ ഉത്പന്നങ്ങളുടെയും വിവിധതരത്തിലുള്ള ശീതള പാനീയങ്ങളുടെയും അച്ചാറുകളുടെയും ഗുണനിലവാരം ആര്‍ക്കും അറിയില്ല. കൊഴുപ്പ് കൂടിയ ഇത്തരം പാലുകളാണ് ചില ഹോട്ടലുകാര്‍ ചോദിച്ച് വാങ്ങുന്നത്. ഒപ്പം കശാപ്പിന് എത്തിക്കുന്ന കന്നുകാലികള്‍ക്ക് രോഗബാധ ഉണ്ടോയെന്നുപോലും ആരും നോക്കാറില്ല.

തിരിഞ്ഞുനോക്കാതെ...

മുന്‍ കാലങ്ങളില്‍ ആരോഗ്യവകുപ്പ് കാര്യമായ പരിശോധനകള്‍ നടത്തിയിരുന്നു. ഭക്ഷ്യസുരക്ഷാനിയമം നിലവില്‍ വന്നതോടെ പരിശോധനയുടെ ഉത്തരവാദിത്വം ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനായി. എന്നാല്‍ ഭക്ഷ്യസുരക്ഷാവിഭാഗം മലയോര പ്രദേശങ്ങളെ പൂര്‍ണമായും ഒഴിവാക്കിയ അവസ്ഥയാണ്.