narendramodi

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കൊഴിഞ്ഞ് ധ്യാനം ഇരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കന്യാകുമാരിയിൽ എത്തും. ഉച്ചയ്ക്ക് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം ഹെലികോപ്റ്ററിലാണ് കന്യാകുമാരിയിലേക്ക് പോകുന്നത്. കന്യാകുമാരി ദേവിക്ഷേത്രത്തിൽ ദർശനം നടത്തിയതിനുശേഷം വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കും.

വരുന്ന മൂന്ന് ദിവസങ്ങളിലായി 45 മണിക്കൂറാണ് ധ്യാനം. ശേഷം അടുത്തമാസം ഒന്നാം തീയതി പ്രധാനമന്ത്രി തിരികെ ഡൽഹിയിലേക്ക് മടങ്ങും. നരേന്ദ്രമോദിയുടെ സന്ദർശനത്തെ തുടർന്ന് കന്യാകുമാരിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിവേകാനന്ദപ്പാറയിലും സഞ്ചാരികളുടെ യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. 2000ഓളം പൊലീസുകാരെ കന്യാകുമാരിയിൽ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി വിന്ന്യസിച്ചിരിക്കുന്നത്. കന്യാകുമാരി ഗസ്റ്റ് ഹൗസിൽ ഉൾപ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഹെലികോപ്റ്ററിന്റെ ട്രയൽ റണ്ണടക്കം നടത്തിയിരുന്നു.

2019ൽ അവസാനഘട്ട തിരഞ്ഞെടുപ്പ് ദിവസം 17 മണിക്കൂർ നരേന്ദ്രമോദി കേദർനാഥിലെ രുദ്രാ ഗുഹയിലും ധ്യാനമിരുന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ അവസാനഘട്ടത്തിൽ അദ്ദേഹം ധ്യാനമിരുന്ന ദൃശ്യങ്ങൾ ബിജെപിക്ക് വലിയ ഊർജം പകർന്നിരുന്നു. ആ പിൻബലത്തിലാണ് വീണ്ടും ധ്യാനമിരിക്കാൻ നരേന്ദ്രമോദി തീരുമാനിച്ചത്. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിനായുളള പരസ്യ പ്രചാരണം ഇന്ന് സമാപിക്കും. 57 മണ്ഡലങ്ങളിലാണ് ജൂൺ ഒന്നിന് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. പഞ്ചാബിലെയും ഹിമാചൽ പ്രദേശിലെയും മുഴുവൻ മണ്ഡലങ്ങളും ചണ്ഡിഗഡ് സീറ്റും ഈ ഘട്ടത്തിൽ വിധിയെഴുതും.