police-academy

തൃശൂർ: രാമവർമപുരം പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഉദ്യോഗസ്ഥനെതിരെ നടപടി. കമാൻഡന്റ് പ്രേമനെയാണ് അക്കാദമി ഡയറക്ടർ എ.ഡി.ജി.പി പി വിജയൻ സസ്‌പെൻഡ് ചെയ്തത്. വനിതാ ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് കൈമാറിയത്.

ഉദ്യോഗസ്ഥയുടെ പരാതി കൈമാറിയതനുസരിച്ച് വിയ്യൂർ പൊലീസും പ്രേമനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം പുറത്തുവന്നതോടെ അന്വേഷണം അതിവേഗം ആരംഭിക്കുകയായിരുന്നു. ഉദ്യോഗസ്ഥനിൽ നിന്നും ഈ മാസം 18നും 22നുമാണ് അതിക്രമം നേരിട്ടതെന്നാണ് പരാതി. അക്കാദമിയിൽ തുടരാനാകില്ലെന്നും മാനസികമായി ഏറെ പ്രയാസത്തിലാണെന്നും ഉദ്യോഗസ്ഥ ഡയറക്ടറെ നേരിട്ട് പരാതിയായി അറിയിച്ചിരുന്നു. പ്രേമനെതിരെ കടുത്ത നടപടി വേണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.

പരാതി പുറത്തുവന്നതിന് പിന്നാലെ ചുമതലകളിൽ നിന്ന് മാറ്റി നിർത്തിയ ഉദ്യോഗസ്ഥനെതിരെ നടപടികളിലേക്ക് കടക്കാൻ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയായിരുന്നു. റിപ്പോർട്ട് രണ്ട് ദിവസത്തിനകം നൽകണമെന്നായി ആഭ്യന്തര പരാതി പരിഹാര സമിതിയോട് നിർദ്ദേശിച്ചിരുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ഉദ്യോഗസ്ഥ പ്രേമനെതിരെ ലൈംഗികാതിക്രമ പരാതിയുമായി രംഗത്തുവന്നത്. ചില രേഖകൾ പ്രിന്റെടുക്കാൻ ഉണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥൻ പരാതിക്കാരിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഓഫീസിലെത്തിയ തന്നെ ഉദ്യോഗസ്ഥൻ കടന്നുപിടിച്ചെന്നും ലൈംഗികാതിക്രമത്തിന് മുതിർന്നെന്നുമാണ് പരാതിയിലുളളത്. ഇത് തടഞ്ഞതിനുശേഷം പരാതിക്കാരി ഓഫീസിൽ നിന്നിറങ്ങി പോകുകയായിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലും സമാന സാഹചര്യമാണ് ഉണ്ടായതെന്നും പരാതിയിൽ പറയുന്നു.