gold

ന്യൂഡൽഹി: സ്വർണക്കടത്തുകേസിൽ കോൺഗ്രസ് എംപി ശശി തരൂരിന്റെ പി എ ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ. പി എ ശിവകുമാർ പ്രസാദാണ് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടുകൂടിയായിരുന്നു സംഭവം. ഇയാളുടെ കൈവശത്തുനിന്നും 500 ഗ്രാം സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ദുബായിൽ നിന്നുവന്ന യാത്രക്കാരനിൽ നിന്നും വിമാനത്താവളത്തിൽ സ്വർണം വാങ്ങാനെത്തിയതായിരുന്നു ശിവകുമാർ.

സംഭവത്തിൽ പ്രതികരണവുമായി ശശി തരൂരും രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രതികരണം. ശിവകുമാർ തന്റെ പഴയ സ്റ്റാഫായിരുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ശിവകുമാറിന് ഡയാലിസിസ് ചെയ്യുന്നതുകൊണ്ടും മാനുഷിക പരിഗണനയുടെ പേരിലും പാർട്ട് ടൈം സ്റ്റാഫാക്കി നിലനിർത്തിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയന്നും അന്വേഷണ സംഘത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ശശി തരൂർ കുറിച്ചു.

അതേസമയം, സംഭവത്തിൽ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചിട്ടുണ്ട്. സ്വർണക്കടത്തിൽ ആദ്യം കേരള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അറസ്​റ്റിലായെന്നും ഇപ്പോൾ കോൺഗ്രസ് എംപിയുടെ സഹായി അറസ്​റ്റിലായെന്നും അദ്ദേഹം പ്രതികരിച്ചു. സ്വർണക്കടത്തിലും ഇന്ത്യാ സഖ്യ നേതാക്കൾ പങ്കാളികളെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.