ഈ കുറിപ്പ് വളരെ വൈകാരികമാണ്. ബഹുഭാഷാ പണ്ഡിതൻ, വൈജ്ഞാനിക സാഹിത്യകാരൻ, അദ്ധ്യാപകൻ തുടങ്ങിയ നിലകളിലുള്ള ഡോ. വെള്ളായണി അർജ്ജുനനോട് നീതി പുലർത്തുവാൻ ഈ ഓർമ്മക്കുറിപ്പിന് കഴിഞ്ഞിട്ടില്ല. ഒരു മകളുടെ (മക്കളുടെ) ഓർമ്മകളും നഷ്ടങ്ങളുമാണ് പ്രധാനമായും ഈ കുറിപ്പിലെന്നു പറയട്ടെ.
ഈ മുറിയിൽ അച്ഛന്റെ ഒരു ഫോട്ടോയുണ്ട്. ദിവസവും അച്ഛന്റെ മുന്നിൽ വന്നു നിന്ന് 'ഇന്ന് നോക്കിക്കോളണേ" എന്നു പറയുമ്പോൾ മനസ് വല്ലാതെ വിങ്ങാറുണ്ട്. അച്ഛൻ ഇല്ല എന്ന ഓർമ്മപോലും ഞങ്ങൾ, മക്കളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും. കൂടെയുണ്ട് എന്നു തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അനാരോഗ്യവും വാർദ്ധക്യവും ശരീരത്തെ കീഴടക്കുമ്പോഴും മനസിന് യൗവനത്തിന്റെ കരുത്താണെന്ന് അച്ഛൻ പറയുമായിരുന്നു. ആ കരുത്ത് ഞങ്ങളിലേക്ക് പകർന്നു തരികയും ചെയ്യുമായിരുന്നു.
'എന്തിനാ ഇത്രയേറെ ഡിഗ്രികൾ" എന്ന് ഒരിക്കൽ ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു, 'അതെനിക്ക് ലക്ഷ്യബോധം തന്നു"വെന്ന്. അറിവിനു വേണ്ടിയുള്ള പ്രയാണമായിരുന്നു ആ ജീവിതം. അറിയുന്നതിനോടൊപ്പം കൃത്യമായ ലക്ഷ്യത്തോടെയുള്ള വിജ്ഞാനസമ്പാദനം ധാരാളം ഡിഗ്രികൾ നേടുന്നതിന് സഹായിച്ചു. പ്രബുദ്ധമായ ഒരു സമൂഹത്തിൽ വിദ്യാഭ്യാസയോഗ്യത മാനിക്കപ്പെടുമെന്ന് ഞങ്ങളെ ബോദ്ധ്യപ്പെടുത്തുകയും, അതുകൊണ്ട് മക്കളെല്ലാവരും വിദ്യാഭ്യാസയോഗ്യത നേടുകയും മെച്ചപ്പെട്ട ജീവിതനിലവാരം നിലനിർത്തുകയും ചെയ്യണമെന്ന കാര്യത്തിൽ അദ്ദേഹം നിഷ്‌കർഷ പുലർത്തിയിരുന്നു.
ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് വായനാശീലത്തെപ്പറ്റി ഒരു പ്രസംഗം ചെയ്യണമായിരുന്നു. അച്ഛൻ പഠിപ്പിച്ചു തന്നു. ഒരു വരി മറക്കാനാവില്ല: 'വിദ്യാവിഹീന: പശു." മൃഗതുല്യയാവാൻ ഇഷ്ടമില്ലാത്തതുകൊണ്ടുതന്നെ വായിക്കുകയും പഠിക്കുകയും ചെയ്തു. വീട്ടിൽ സാമാന്യം വലിയ ലൈബ്രറിയുണ്ട്. 'സ്വർണം വാങ്ങരുത്, പുസ്തകം വാങ്ങണം" എന്നാണ് ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്. ചെറിയ ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങ"ളും 'ഇന്ത്യയെ കണ്ടെത്ത"ലും 'ഭാഷാഭൂഷണ"വും 'വൃത്തമഞ്ജരി"യുമെല്ലാം ഞങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി. ദിവസങ്ങളെടുത്ത് 'മൂലധനം" മനസിലാക്കിത്തന്നു.
ലൈബ്രറിയിലെ എല്ലാ പുസ്തകങ്ങളും ഓരോന്നുമിരിക്കുന്ന സ്ഥലവും എന്റെ ചേച്ചിക്കും എനിക്കും ഹൃദിസ്ഥമായിരുന്നു. അവയെല്ലാം വായിക്കാൻ കഴിഞ്ഞിട്ടില്ല എന്ന കുറ്റബോധം ഇപ്പോഴുമുണ്ട്. വീട്ടിലുള്ളപ്പോൾ ലൈബ്രറിയും വായനമുറിയുമായിരുന്നു അച്ഛന്റെ ലോകം. പലപ്പോഴും ഞങ്ങളും ഒപ്പം കാണും. രാത്രി രണ്ടു മണിവരെ ആ മുറിയിൽ വെളിച്ചം കാണും. സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിച്ചതിനുശേഷം അച്ഛൻ രാത്രിയിൽ എരിച്ചുതീർത്ത എണ്ണയെല്ലാം കേരളീയർക്ക് വിജ്ഞാനത്തിന്റെ ദീപം തെളിക്കാനുള്ളതായിരുന്നു.
എഴുത്തും വായനയും ഒരേ ഗതിയിൽ മുന്നോട്ടു കൊണ്ടുപോകാനായിരുന്നു ആഗ്രഹമെങ്കിലും ഔദ്യോഗിക കൃത്യനിർവഹണം പലപ്പോഴും എഴുത്തിന് വിഘാതമായി. ചെറുപ്പത്തിലെ ഊർജസ്വലമായ എഴുത്ത് അനുസ്യൂതം തുടർന്നത് ഉദ്യോഗത്തിൽ നിന്ന് വിരമിച്ചതിനു ശേഷമാണ്. ജീവിതസായാഹ്നത്തിൽ ഒരു തപസ്യപോലെ, പാതി നിർത്തിവച്ചിരുന്ന പുസ്തകങ്ങളെല്ലാം പൂർത്തിയാക്കി പ്രകാശനം നടത്തി. ആത്മകഥയുടെ ഒന്നാം വാല്യവും ചിതറിക്കിടന്ന പല ലേഖനങ്ങളുടെ സമാഹരണവും പൂർത്തിയാക്കി. ഒരു നിമിഷംപോലും കളയാതെ, അക്ഷരങ്ങൾക്കിടയിൽ മാത്രം ജീവിതസായുജ്യം കണ്ടെത്തിയ അച്ഛൻ ഞങ്ങൾക്കെന്നും അദ്ഭുതവും പ്രചോദനവുമായിരുന്നു.
'ഒഴുക്കിനെതിരെ" അച്ഛന്റെ ആത്മകഥയാണ്. പക്ഷേ അത് മറ്റനേകം പേരുടെ ജീവചരിത്രം കൂടിയാണ്. ജീവിതയാത്രയിൽ കണ്ടുമുട്ടിയ, തേടിച്ചെന്ന മുഖങ്ങളെയെല്ലാം വായനക്കാർക്കും കൂടെ പരിചയപ്പെടുത്തുന്ന ഒരാത്മകഥയാണത്. മലയാളത്തിലെയും ഹിന്ദിയിലെയും മറ്റു ഭാഷകളിലെയും വിവിധ സാഹിത്യകാരന്മാരും സാഹിത്യകാരികളും മറ്റു പ്രഗത്ഭരും അച്ഛന്റെ ആത്മകഥയിൽ നിറഞ്ഞു നിൽക്കുന്നു. അതുകൊണ്ടു തന്നെ അത് ബൃഹത്തായ ഒരു ജീവചരിത്ര സഞ്ചയം കൂടിയാണ്.
കുട്ടിക്കാലത്ത് ചില ദിവസങ്ങളിൽ, അന്ന് എം.പി ആയിരുന്ന നെട്ടൂർ പി. ദാമോദരന്റെ പച്ച ഫിയറ്റ്കാർ വീട്ടിൽ സ്ഥിരമായി വരുന്നതും അദ്ദേഹവും അച്ഛനും അല്പം ധൃതിയോടെയും ചിട്ടയോടെയും തയ്യാറെടുത്ത് എവിടെയോ പോകുന്നതും കണ്ടിരുന്നു. സർവകലാശാലകളിലെ അദ്ധ്യാപക നിയമനത്തിന് സംവരണം ഏർപ്പെടുത്തുവാനുള്ള ഒരു ശ്രമമായിരുന്നു അതെന്ന് പിന്നീട് പറഞ്ഞു. ആ ശ്രമം വിജയിക്കുകയും ചെയ്തു. അഭ്യസ്തവിദ്യരെങ്കിലും ഉന്നതവിദ്യാഭ്യാസ തൊഴിൽ മേഖലയിൽ അദൃശ്യരായിരുന്ന സമുദായങ്ങളെ ദൃശ്യരാക്കുവാനുള്ള ശ്രമമായിരുന്നു അത്. ഇത്തരം പ്രവർത്തനങ്ങൾ ചില്ലറ ശത്രുക്കളെയൊന്നുമല്ല അദ്ദേഹത്തിന് ഉണ്ടാക്കിയിട്ടുള്ളത്!
വെള്ളായണിക്കാർ നിരന്തരം പറയുമായിരുന്നു, അവരുടെ കുട്ടികൾക്ക് ഇംഗ്ലീഷ് പഠിക്കാൻ ഒരു സ്‌കൂൾ വേണമെന്ന്. അതു മാനിച്ച് സർക്കാർ അംഗീകാരത്തോടെ സ്വന്തം സ്ഥലത്തുതന്നെ ഒരു ചെറിയ സ്‌കൂൾ തുടങ്ങി. പിന്നീട് മറ്റു ഭാഗങ്ങളിലും അത്തരം സ്‌കൂളുകൾ തുടങ്ങുകയും നാട്ടിൻപുറത്തെ കുട്ടികൾക്ക് മെച്ചപ്പെട്ട ഇംഗ്ലീഷ് വിദ്യാഭ്യാസം കൊടുക്കുവാൻ ശ്രമിക്കുകയും ചെയ്തു. ഇതോടൊപ്പം തന്നെ മുതിർന്നവർക്കും കുട്ടികൾക്കും വേണ്ട സാംസ്‌കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു. അവധിദിവസങ്ങളിൽ വീട്ടിൽ വിവിധ മേഖലകളിലെ പ്രഗത്ഭർ വരികയും നാട്ടിലെ കുട്ടികളും യുവാക്കളുമായി സംവദിക്കുകയും ചെയ്യുമായിരുന്നു.
അച്ഛനെയും അമ്മയെയും രണ്ടായി കാണാൻ വളരെ ബുദ്ധിമുട്ടായിരുന്നു. രണ്ടുപേരും പരസ്പരം വളർത്തുകയായിരുന്നു എന്നു പറയുന്നതാവും ശരി. അച്ഛന്റെ ഒരോ ചുവടുവയ്പിലും അമ്മയുടെ ശ്രദ്ധാപൂർമായ പരിചരണവും പിന്തുണയുമുണ്ടായിരുന്നു. മറിച്ച് അമ്മ ചോദ്യം ചെയ്യപ്പെടാത്ത രാജ്ഞിയായിരുന്നു. കുടുംബഭരണം മുഴുവൻ അമ്മ ഏറ്റെടുത്തിരുന്നതുകൊണ്ട് അച്ഛന് പഠിക്കാനും വായിക്കാനും എഴുതാനുമെല്ലാം ആവോളം സമയം ലഭിച്ചു. ഞങ്ങൾക്ക് അദ്ദേഹം വളരെ കുറച്ചുമാത്രം ശകാരിക്കുന്ന, ഒരിക്കലും തല്ലാത്ത അച്ഛനായിരുന്നു. പുസ്തകങ്ങൾ, വായന, എഴുത്ത്, സൗഹൃദങ്ങൾ... എല്ലാം അച്ഛൻ പ്രോത്സാഹിപ്പിച്ചിരുന്നു.
ആയാസരഹിതമായ പഠനം ഞങ്ങൾ ആസ്വദിച്ചിരുന്നു. എല്ലാവർക്കും സ്വാതന്ത്ര്യവും ആവോളം നൽകി. ജീവിതത്തിൽ ഞങ്ങൾ ഏറ്റവും ആസ്വദിച്ചിട്ടുള്ളതും അച്ഛനും അമ്മയും ഒപ്പമുള്ള കുടുംബജീവിതമാണ്. എന്റെ അനിയത്തി സഞ്ചാരപ്രിയയായിരുന്നു. സ്‌കൂളിലെ ഒരു വിനോദയാത്ര പോലും അവൾ മുടക്കാറില്ല. അമ്മ അഥവാ അനുവദിക്കാതിരുന്നാൽ രാത്രി വൈകി അച്ഛന്റെ അടുത്തുചെന്ന് കിന്നാരം പറഞ്ഞ് അവൾ അനുവാദം നേടിയിരുന്നു. കുട്ടികളെ ഒരിക്കലും നിരുത്സാഹപ്പെടുത്താത്ത, സങ്കടപ്പെടുത്താത്ത ഒരച്ഛൻ!
ഔദ്യോഗിക ജീവിതത്തിൽ തിരിച്ചടികൾ നേരിട്ടപ്പോഴും വ്യക്തിപരമായി നഷ്ടങ്ങളും ദുഃഖങ്ങളും ഉണ്ടായപ്പോഴും അചഞ്ചലനായി നേരിട്ട അച്ഛൻ ഞങ്ങളുടെ ആത്മവിശ്വാസത്തിന്റെ തുരുത്തായിരുന്നു. എൺപതു വയസ് പിന്നിട്ടപ്പോൾ മൂന്നാമത്തെ ഡി.ലിറ്റ് നേടി അച്ഛൻ ഞങ്ങളെ വെല്ലുവിളിച്ചു. രാജ്യം പദ്മശ്രീ നൽകി ആദരിച്ചപ്പോൾ ആനന്ദത്തോടൊപ്പംതന്നെ രാജ്യത്തിനുവേണ്ടി ജീവിക്കുവാനുള്ള ആഹ്വാനവും നൽകി. അച്ഛൻ ധാരാളം അവാർഡുകൾ വാരിക്കൂട്ടിയപ്പോൾ ഞങ്ങൾ അഭിമാനിച്ചു. അപ്പോൾ അച്ഛൻ പറഞ്ഞു 'നിങ്ങൾ എന്റെ പിൻഗാമികളാകണം." കഠിനാദ്ധ്വാനം, ദൃഢചിത്തത, പാണ്ഡിത്യം, മനുഷ്യസ്‌നേഹം, സഹജീവിസ്‌നേഹം എന്നിവ കൊണ്ടെല്ലാം അച്ഛൻ ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു.
വേർപാടിന്റെ ഈ ഒന്നാം വാർഷികം ഞങ്ങൾക്ക് ഒരേസമയം ദുഃഖവും ധൈര്യവും തരുന്നു. എന്തൊക്കെ ചെയ്യാനുണ്ടെന്നുള്ളതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം. ഈ നഷ്ടത്തോട് പൊരുത്തപ്പെടാൻ ഇനിയും തയ്യാറായിട്ടില്ലെങ്കിലും ഞങ്ങളുടെ മനസ് കർത്തവ്യബദ്ധമാണ്. അച്ഛന്റെ സന്തത സഹചാരിയായിരുന്ന എന്റെ പ്രിയ സഹോദരൻ വേരറ്റ ആൽമരം പോലെ ഉലഞ്ഞുപോയിരിക്കുന്നു. ഇനിയൊരിക്കലും ആ കൈകൾ ഞങ്ങളെ തലോടുകയില്ല, ആ വാക്കുകൾ ഞങ്ങൾക്ക് കരുത്തും സാന്ത്വനവുമേകുകയില്ല എന്ന സത്യം പഞ്ചാഗ്നിയിലെന്നപോലെ ഞങ്ങളെ പൊള്ളിക്കുന്നു. പക്ഷേ ആ അദൃശ്യ സാന്നിദ്ധ്യം ഞങ്ങളെ മുന്നോട്ടു നയിക്കുന്നു.
(ഡോ. വെള്ളായണി അർജ്ജുനന്റെ മകളായ ഡോ. സുപ്രിയ സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡറക്ടറാണ്)