ന്യൂഡൽഹി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ശിവകുമാർ പ്രസാദ് തന്റെ മുൻ സ്റ്റാഫാണെന്ന് ശശി തരൂർ എം പി. എക്സ് പേജിലൂടെയാണ് അദ്ദേഹം സംഭവത്തിൽ പ്രതികരണം അറിയിച്ചത്. 72കാരനും വൃക്കരോഗിയുമായ ശിവകുമാറിനെ താൽക്കാലികമായി തന്റെ സ്റ്റാഫായി തുടരാൻ അനുവദിച്ചിരുന്നു. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും ശശി തരൂർ വ്യക്തമാക്കി.
'ധർമശാലയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വിവരം അറിയുന്നത്. വിമാനത്താവളത്തിൽ പിടിയിലായവരിൽ എന്റെ മുൻ സ്റ്റാഫും ഇപ്പോൾ താൽക്കാലികമായി എന്റെ സ്റ്റാഫായി തുടരുന്ന ആളും ഉണ്ടെന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. 72കാരനും വൃക്കരോഗിയുമായ അദ്ദേഹത്തെ മനുഷിക പരിഗണന വച്ചാണ് വിരമിച്ചിട്ടും താൽക്കാലിക സ്റ്റാഫായി നിലനിർത്തിയത്. തെറ്റായ പ്രവൃത്തിയെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. ആവശ്യമായ എന്ത് നടപടിയും അധികാരികൾക്ക് സ്വീകരിക്കാം. അധികൃതർക്ക് എന്റെ പൂർണ പിന്തുണയുണ്ടാകും. നിയമം നിയമത്തിന്റെ വഴിക്ക് പോകും', ശശി തരൂർ എക്സിൽ കുറിച്ചു.
While I am in Dharamshala for campaigning purposes, I was shocked to hear of an incident involving a former member of my staff who has been rendering part-time service to me in terms of airport facilitation assistance. He is a 72 year old retiree undergoing frequent dialysis and…
— Shashi Tharoor (@ShashiTharoor) May 30, 2024
സ്വർണക്കടത്തിൽ കേസിൽ ഇന്നലെയാണ് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശിവകുമാർ പ്രസാദ് അടക്കം രണ്ട് പേർ അറസ്റ്റിലായത്. ഇയാളുടെ കൈവശത്തുനിന്നും 500 ഗ്രാം സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ദുബായിൽ നിന്നുവന്ന യാത്രക്കാരനിൽ നിന്നും വിമാനത്താവളത്തിൽ സ്വർണം വാങ്ങാനെത്തിയതായിരുന്നു ശിവകുമാർ. ഇയാൾ ശശി തരൂരിന്റെ പിഎയാണെന്ന് പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശശി തരൂർ തന്നെ പ്രതികരണവുമായി രംഗത്തെത്തിയത്. ശശി തരൂരിന്റെ ഔദ്യോഗിക സ്റ്റാഫുകളുടെ പട്ടികയിൽ ഇയാളുടെ പേരില്ലെന്നാണ് വിവരം. ഡൽഹിയിലെ വീട് കേന്ദ്രീകരിച്ചാണ ശിവകുമാർ താൽക്കാലിക ജോലി ചെയ്തിരുന്നത്.
അതേസമയം, സംഭവത്തിൽ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചിട്ടുണ്ട്. സ്വർണക്കടത്തിൽ ആദ്യം കേരള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായെന്നും ഇപ്പോൾ കോൺഗ്രസ് എംപിയുടെ സഹായി അറസ്റ്റിലായെന്നും അദ്ദേഹം പ്രതികരിച്ചു. സ്വർണക്കടത്തിലും ഇന്ത്യാ സഖ്യ നേതാക്കൾ പങ്കാളികളെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.