raid

തൃശൂർ‌: നഗരത്തിൽ പ്രോട്ടീൻ വിൽക്കുന്ന കടയിൽ നടത്തിയ റെയ്‌ഡിൽ പിടിച്ചെടുത്തത് ലൈസൻസില്ലാത്ത മരുന്നുകളുടെ വൻ ശേഖരം. ബിപി കൂട്ടാൻ ഡോക്ടറുടെ അനുമതിയോടെ മാത്രം ഉപയോഗിക്കേണ്ട 'ടെർമിവ് എ' എന്ന ഇൻജക്ഷനുള്ള മരുന്നാണ് ഇവർ കൂടുതലും വിറ്റിരുന്നത്. 210 ആംപ്യൂൾ ടെർമിവ് ആണ് ഇവിടെ നിന്ന് പിടിച്ചെടുത്തത് ജിമ്മിലെത്തുന്നവർക്ക് ശാരീരിക ക്ഷമത വർദ്ധിപ്പിക്കാനുള്ള കുത്തിവയ്‌പ്പെന്ന നിലയിലാണ് ഇവ വിറ്റിരുന്നതെന്നാണ് ഡ്രഗ്‌സ് കൺട്രോൾ അധികൃതർ പറയുന്നത്. പരാതിയെ തുടർന്ന് പൊലീസും ഡ്രഗ്‌സ് കൺട്രോൾ അധികൃതരും ചേർന്നാണ് റെയ്ഡ് നടത്തിയത്.

ജിമ്മിലെത്തുന്നവർക്ക് അനധികൃതമായി വിറ്റിരുന്ന സ്റ്റിറോയ്‌ഡ് ഉൾപ്പടെയുള്ള മരുന്നുകളുടെ വൻ ശേഖരവും ഇവിടെനിന്ന് പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ട്. സ്ഥാപനത്തിന്റെ ഉടമയുടെ വീട്ടിൽ നടത്തിയ പരിശോധനയിലും അനധികൃത മരുന്നുകളുടെ ശേഖരം കണ്ടെത്തിയെന്നാണ് പൊലീസ് നൽകുന്ന സൂചന. ഉപയോഗിച്ചാൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് ഈ മരുന്നുകൾ എന്നാണ് അധികൃതർ പറയുന്നത്. റെയ്ഡ് നടന്ന സ്ഥാപനത്തിനെതിരെ നേരത്തേയും ആരോപണങ്ങൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ജിമ്മിൽ പോകുന്നവർ ഡോക്ടറുടെ നിർദ്ദേശമില്ലാതെ വ്യാപകമായി പ്രോട്ടീൻ പൗഡറുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് ഡോക്ടർമാർ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രോട്ടീൻ പൗഡർ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ പറഞ്ഞുകൊണ്ടുള്ള ഡോ. സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചർച്ചയായിരുന്നു.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

7000 രൂപയെ!

ഇന്നലെ കടന്നുവന്ന രോഗിയുടെ അച്ഛൻറെ പ്രസ്താവന!

അദ്ദേഹം അല്പം അഭിമാനത്തോടെ പ്രഖ്യാപിച്ചു.

മകൻ ജിമ്മനാണ് ;ഇന്നലെ കൂടി ഞാൻ വാങ്ങിക്കൊടുത്തതേയുള്ളൂ 7000 രൂപയുടെ പ്രോട്ടീൻ പൗഡർ!

ഞാനൊന്നുമറിയാത്ത പോലെ എത്ര പ്രോട്ടീൻ പൗഡറുണ്ടെന്ന് ചോദിച്ചു.

"ഒരു ഹോർലിക്സ് കുപ്പിയുടെ അത്രയും."

7000 രൂപയ്ക്ക്.

അതും തലച്ചോർ മുതൽ കിഡ്നി വരെ കാർന്നു തിന്നുന്ന ഘടകങ്ങൾ അടങ്ങിയ പ്രോട്ടീൻ പൗഡർ.

ജിം ട്രെയിനർ ,ഏതാണ്ട്, പത്താന്തരവും ഗുസ്തിയും നൽകിയ ഉപദേശം സ്വീകരിച്ചത് ഡെന്റൽ കോളേജ് വിദ്യാർത്ഥി.

എങ്ങനുണ്ട്.

ഈ പ്രോട്ടീനാദി ഘടകത്തിലും ചൂർണ്ണത്തിലും അടങ്ങിയിരിക്കുന്നത്,

ഇച്ചിരി

പ്രോട്ടീനും

ഇച്ചിരി

ഹെവി മെറ്റൽസും

ഇച്ചിരി

പഞ്ചസാരയും !

അങ്ങനെ കൊല്ലാക്കൊലയ്ക്ക് കൊടുക്കുന്ന പല സാധനങ്ങളുമുണ്ടെന്ന് നിരവധി പഠനങ്ങൾ പറയുന്നു!

ഈ 7000 രൂപയുടെ ചൂർണം വാങ്ങുന്നതിന് പകരം വീട്ടിലെ അടുക്കള, അല്ലെങ്കിൽ തീൻ മേശയിൽ പോയി നോക്കൂ.

ഇതിൻറെ രണ്ട് ശതമാനം വിലയിൽ പ്രോട്ടീൻ ചുറ്റുമുണ്ട്.

അത്,

മുട്ടയിൽ

ചിക്കനിൽ

മീനിൽ

പയറിൽ

കപ്പലണ്ടിയിൽ

ക്യാഷ്യുനട്ടിൽ

പാലിൽ

അങ്ങനെ പലതിലും.!

അതൊന്നും വേണ്ടാന്ന് വച്ചാണ് ആയിരം കോടിയുടെ പരസ്യം ചെയ്യുന്ന പ്രോട്ടീനാദി ചൂർണം ജിമ്മിലെ ഒരു മണിക്കൂർ വർക്ക് ഔട്ടിനു ശേഷം തട്ടി വിടുന്നത്.

അവരുടെ ഗംഭീര ലേബലിൽ കാണുന്നതല്ല പലതിലെയും ഘടകങ്ങളെന്ന് വ്യക്തമായ തെളിവുകൾ.

ഈ പ്രോട്ടീനാധി ചൂർണ്ണം കഴിച്ച്

കിഡ്നി ഫംഗ്ഷൻ മാറിപ്പോകുന്ന

ഹെവി മെറ്റൽ ടോക്സിസിറ്റി വരുന്ന

ഡയബറ്റിസ് കൂടുന്ന ധാരാളം പേരെ ദിവസവും ഡോക്ടർമാർ കാണുന്നുണ്ട്.

ആ ചൂർണമെടുത്ത് കുപ്പത്തൊട്ടിയിലേറിയൂ.

പകരം

വീട്ടിലെ മുട്ടയും

വീട്ടിലെ പയറും

വീട്ടിലെ ചിക്കനും

വീട്ടിലെ മീനും

കഴിക്കൂ.

അച്ഛൻറെ 7000 ,പോക്കറ്റിലിരിക്കട്ടെ!

ഡോ സുൽഫി നൂഹു.