കൊവിഡിന് ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ പേർ കേട്ടതും ശീലിച്ചതും വർക്ക് ഫ്രം ഹോം എന്ന വാക്കായിരിക്കും. വലിയ സാദ്ധ്യതകൾക്കപ്പുറം തൊഴിൽ എടുക്കുന്നവരുടെ മാനസിക, ശാരീരിക ആരോഗ്യത്തിന് വർക്ക് ഫ്രം ഹോം പദ്ധതി മികച്ചതാണെന്നാണ് ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടിയുടെ അഭിപ്രായം.
കൂടുതൽ ആളുകൾക്ക്, കൂടുതൽ സമയം, ഫ്ലെക്സിബിൾ ആയി തൊഴിൽ ചെയ്യാം. രാജ്യത്തിൻറെ അതിർത്തികളും വിസ പരിധികളും നോക്കാതെ പണിയെടുക്കാം, തൊഴിലും വ്യക്തിജീവിതവും തമ്മിൽ കൂടുതൽ ബാലൻസ് ഉണ്ടാക്കാം എന്നുള്ള എത്രയോ സാദ്ധ്യതകൾ ആണ് വർക്ക് ഫ്രം ഹോമിൽ ഉള്ളതെന്ന് തുമ്മാരുകുടി അഭിപ്രായപ്പെടുന്നു.
''വർക്ക് ഫ്രം കേരള
കൊവിഡിനും മുൻപ് വർക്ക് ഫ്രം ഹോം ഒക്കെ നമ്മുടെ വൊക്കാബുലറിയുടെ ഭാഗം ആകുന്നതിന് മുൻപ് ഞാൻ കേരളത്തിൽ നിന്നും ഒരു വർഷം ജോലിയെടുത്തിട്ടുണ്ട്. അന്നത് എല്ലാവർക്കും അത്ഭുതം ആയിരുന്നു. യു എന്നിൽ ആദ്യമായിട്ടാണ് അങ്ങനെ ഒരു വർക്ക് ഫ്രം ഹോം അനുവദിച്ചത്. എൻ്റെ വ്യക്തിപരമായ സാഹചര്യങ്ങളാൽ അനുമതി നൽകിയെങ്കിലും യു എന്നിന് അകത്തും പുറത്തും ഇത് ഫലപ്രദം ആകുമോ എന്ന സംശയവും ഉണ്ടായിരുന്നു. പക്ഷെ നല്ല ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ ജനീവയിൽ ഇരുന്നു ചെയ്യേണ്ട ജോലികൾ ലോകത്തെവിടെ ഇരുന്നും ചെയ്യാമെന്ന് എനിക്ക് മനസ്സിലായി.
കേരളം, കൊച്ചി പ്രത്യേകിച്ചും വർക്ക് അന്താരാഷ്ട്ര തലത്തിൽ ജോലി ചെയ്യുന്നവർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഏറ്റവും സൗകര്യമുള്ള സ്ഥലങ്ങളിൽ ഒന്നാണ്.
വളരെ നല്ല ഇന്റർനെറ്റ് കണക്ഷൻ
കൊച്ചിയിൽ നിന്നും ദിവസേന ദുബായിലേക്കും സിംഗപ്പൂരിലേക്കും വിമാനം ഉണ്ട്. അവിടെ നിന്നും ലോകത്തെവിടേക്കും വ്യാപകമായ എയർ ട്രാൻസ്‌പോർട്ട് നെറ്റ്‌വർക്ക് ഉണ്ട്. ഇരുപത്തി നാലുമണിക്കൂറിനുള്ളിൽ ലോകത്ത് മിക്കവാറും സ്ഥലങ്ങളിൽ നമുക്ക് കൊച്ചിയിൽ നിന്നും എത്താൻ സാധിക്കും. കൂടുതൽ വിദൂരമായ സ്ഥലങ്ങളിൽ (പസിഫിക് ദ്വീപുകളോ ദക്ഷിണ അമേരിക്കയിലോ ഒക്കെ) ജനീവയിൽ നിന്നും പോകുന്നതിലും നല്ല കണക്ടിവിറ്റിയും ഉണ്ട്.
ഇതൊക്കെ കൊണ്ട് ഒരു വർഷം കൊച്ചിയിൽ നിന്നും ജോലി ചെയ്തിട്ടും ജോലിയുടെ കാര്യത്തിൽ ഒരു കുറവും ഉണ്ടായില്ല. യു എന്നിലെ രീതി അനുസരിച്ച് താമസിക്കുന്ന നഗരത്തിനനുസരിച്ചാണ് ശമ്പളം, അതുകൊണ്ട് ശമ്പളമിനത്തിൽ സ്ഥാപനത്തിന് പതിനായിരക്കണക്കിന് ഡോളർ ലാഭം ഉണ്ടായി. കൊച്ചിയിൽ നിന്നും ഉള്ള വിമാന ചാർജ്ജുകൾ കുറവായതിനാൽ ഏറെ ലാഭം അങ്ങനെയും.
രണ്ടായിരത്തി പത്തൊമ്പതിൽ, കൊവിഡിന് മുൻപ് തന്നെ, യു എന്നിൽ വർക്ക് ഫ്രം ഹോം പോളിസി ഉണ്ടാക്കി. ആഴ്ചയിൽ മൂന്നു ദിവസം വേണമെങ്കിൽ വീട്ടിൽ നിന്നും ജോലി ചെയ്യാമെന്നും വർഷത്തിൽ ആറുമാസം വരെ സാധാരണ ജോലി സ്ഥലത്തു നിന്നും മാറി എവിടെയും ജോലി ചെയ്യാമെന്നും വകുപ്പുകൾ വന്നു. എന്റെ അനുഭവങ്ങൾ ഈ നയ രൂപീകരണത്തിന് ഏറെ സഹായിച്ചിരുന്നു.
എന്നിട്ടും കൊവിഡ് വരുന്നത് വരെ യു എന്നിൽ അധികം വർക്ക് ഫ്രം ഹോം കേസുകൾ ഉണ്ടായില്ല.
കൊവിഡ് യു എന്നിൽ മാത്രമല്ല ലോകത്തെവിടെയും വർക്ക് ഫ്രം ഹോം സാധാരണമാക്കി. പക്ഷെ കൊവിഡ് കഴിഞ്ഞതോടെ ലോകം തിരിച്ചു ഓഫീസിലേക്ക് പോകുന്ന കാഴ്ചയാണ് ലോകത്തെവിടെയും കണ്ടത്.
വാസ്തവത്തിൽ വർക്ക് ഫ്രം ഹോം വലിയൊരു സാദ്ധ്യതയാണ്. കൂടുതൽ ആളുകൾക്ക്, കൂടുതൽ സമയം, ഫ്ലെക്സിബിൾ ആയി തൊഴിൽ ചെയ്യാം. രാജ്യത്തിൻറെ അതിർത്തികളും വിസ പരിധികളും നോക്കാതെ പണിയെടുക്കാം, തൊഴിലും വ്യക്തിജീവിതവും തമ്മിൽ കൂടുതൽ ബാലൻസ് ഉണ്ടാക്കാം എന്നുള്ള എത്രയോ സാദ്ധ്യതകൾ ആണ് വർക്ക് ഫ്രം ഹോമിൽ ഉള്ളത്.
ഈ മാസം മുതൽ സെപ്റ്റംബർ വരെ മാസത്തിൽ പത്തു ദിവസം കേരളത്തിൽ നിന്നും ജോലിയെടുക്കാം എന്ന് തീരുമാനിച്ചത് അങ്ങനെയാണ്. റിട്ടയർ ആയി കേരളത്തിലേക്ക് മടങ്ങുന്നതിന് മുൻപ് നാട്ടിലെ ആളുകളുമായി വീണ്ടും റീകണക്ട് ചെയ്യുക എന്നും നാട്ടിലെ രീതികളുമായി പൊരുത്തപ്പെടുക എന്നുമുള്ള ലക്ഷ്യങ്ങൾ കൂടി ഇതിനുണ്ട്.
മുഴുവൻ സമയം ഒറ്റക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുക എന്നത് അല്പം ബോറൻ പരിപാടിയാണ്. വൈകീട്ട് നടക്കാൻ പോവുക, രഞ്ജന്റെ ചായക്കടയിൽ പോയി കടുപ്പത്തിൽ ഉള്ള ചായയും പരിപ്പുവടയും കഴിക്കുക എന്നിങ്ങനെ ഒക്കെ ചെയ്ത് ഒരു തരത്തിൽ അഡ്ജസ്റ്റ് ചെയ്യുക ആയിരുന്നു.
അപ്പോഴാണ് സുഹൃത്ത് Lakshmi Menon അവർ വീടിനടുത്ത് പുതിയതായി നിർമ്മിച്ച The Place എന്ന ഓഫീസിൽ നിന്നും ഒരു ദിവസം ജോലി ചെയ്യാനായി ക്ഷണിച്ചത്. ബാംഗളൂരിൽ ഉള്ള ഒരു സ്ഥാപനത്തിന് വേണ്ടി എറണാകുളത്ത് നിന്നും ജോലി ചെയ്യുന്ന Sudheer Mohan നും വരാമെന്ന് പറഞ്ഞതോടെ ഒരു ദിവസം അവിടെ കോ വർക്കിങ്ങ് ചെയ്യാമെന്ന് തീരുമാനിച്ചു.
അരയങ്കാവ് എന്ന ഗ്രാമത്തിലാണ് The Place. തികച്ചും ഗ്രാമീണമായ അന്തരീക്ഷമാണ്. മുറ്റത് തന്നെ നിറയെ മാങ്ങ പഴുത്തു കിടക്കുന്ന നാട്ടുമാവ്, ചുറ്റും ഹരിതാഭയും പച്ചപ്പും. പക്ഷെ അതിനൊക്കെ നടുവിൽ വളരെ നല്ല ഇന്റർനെറ്റ് സ്പീഡ്. മീറ്റിംഗുകൾ എടുക്കണമെങ്കിൽ റൂമിൽ ഉള്ള മറ്റുളളവർക്ക് ബുദ്ധിമുട്ടുണ്ടാകാതെ പുറത്തിരുന്നു ചെയ്യാം. ഉച്ചക്ക് നാടൻ ഭക്ഷണം. വൈകീട്ട് ഓഫീസ് സമയം കഴിഞ്ഞപ്പോൾ നാട്ടുകാരുമായി സൗഹൃദ സംഭാഷണം.
എത്ര പ്രൊഡക്ടീവ് ആയ ദിവസം, എത്ര സന്തോഷം നിറഞ്ഞ ദിവസം. Best of both worlds !
ഇരുപത് ലക്ഷം മലയാളികൾ ആണ് കേരളത്തിന് പുറത്തുള്ളത്. അതിൽ പത്തു ശതമാനം ആളുകൾക്കെങ്കിലും വർക്ക് ഫ്രം ഹോം ചെയ്യാനുള്ള സാദ്ധ്യത ഉണ്ട്. ഒരു വർഷത്തിൽ രണ്ടു മാസമെങ്കിലും ഈ സാദ്ധ്യത ഉപയോഗപ്പെടുത്തുന്നത് നമ്മുടെ മാനസിക ആരോഗ്യത്തിനും സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യത്തിനും ഏറെ നല്ലതാണ്.
റിമോട്ട് വർക്കിന് വേണ്ടി യു എ ഇ യിൽ ഒരു വകുപ്പും മന്ത്രിയും ഉള്ള കാര്യം ഞാൻ ഇന്നലെ പറഞ്ഞിരുന്നല്ലോ. ലോകത്തെ പല രാജ്യങ്ങളും ഇപ്പോൾ റിമോട്ട് വർക്ക് വിസ തന്നെ നൽകുന്നുണ്ട്. ഇന്ത്യയിലും ഇത് വരും. അപ്പോഴേക്കും റിമോട്ട് വർക്കിനും, കോ വർക്കിനും ഒക്കെയുള്ള സംവിധാനങ്ങൾ ഒക്കെ നമ്മുടെ ഓരോ ഗ്രാമത്തിലും നഗരത്തിലും എത്തണം.
മാറ്റം സാധ്യമാണ്
മുരളി തുമ്മാരുകുടി''