raj-sampath-kumar

ഹൈദരാബാദ്: എൻ എസ് യു ദേശീയ നേതാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എൻ എസ് യു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെയാണ് ആന്ധ്രയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആന്ധ്രയിലെ ധർമ്മാവരത്തിന് സമീപത്തായുള്ള തടാകത്തിന്റെ കരയിലാണ് മൃതദേഹം കണ്ടെത്തിയത്.

കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിയാണ് രാജ് സമ്പത്ത് കുമാർ. ദേഹമാസകലം പരിക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭൂമിയിടപാടും വ്യക്തിവൈരാഗ്യവും മൂലം കൊലപ്പെടുത്തിയതെന്നാണ് സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കെ എസ് യു ജന്മദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ന് കേരളത്തിൽ എത്താനിരുന്നതാണ് രാജ് സമ്പത്ത് കുമാർ.

നെയ്യാർ ഡാമിൽ കൂട്ടത്തല്ല് നടന്ന കെ എസ് യു ക്യാമ്പിൽ രാജ് സമ്പത്ത് കുമാറും പങ്കെടുത്തിരുന്നു. കെ എസ് യു സംസ്ഥാന നേതൃത്വം നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച തെക്കൻ മേഖലാ പഠന ശിബിരത്തിലാണ് പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ലുണ്ടായത്. ത്രിദിന ക്യാമ്പിന്റെ രണ്ടാംദിവസം അർദ്ധരാത്രിയിൽ ഡി ജെ പാർട്ടിക്കിടെയാണ് ഗ്രൂപ്പു തിരിഞ്ഞ് തമ്മിലടിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനാല ചില്ലുകൾ അടിച്ചു തകർത്തു. പാറശ്ശാല നിയോജകമണ്ഡലം പ്രസിഡന്റ് സുജിത്ത്, നെടുമങ്ങാട് മണ്ഡലം ഭാരവാഹി അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു. സംഘടനാകാര്യങ്ങൾ കൈമാറാനുള്ള വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ അവകാശത്തെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിനിടയാക്കിയതെന്നാണ് വിവരം.