കൊച്ചി: എക്സാലോജിക് സി.എം.ആർ.എൽ പണമിടപാട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് സി.എം.ആർ.എൽ 1.72 കോടി രൂപ നൽകിയെന്നാണ് കമ്പനിയിലെ മൈനോരിറ്റി ഷെയർഹോൾഡറായ ഷോൺ ജോർജ് ഹർജിയിൽ പറഞ്ഞിരുന്നത്.
എസ്.എഫ്.ഐ.ഒ അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ, ആവശ്യങ്ങൾ പ്രസക്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ടി.ആർ. രവി ഹർജി തീർപ്പാക്കിയത്. അന്വേഷണം പൂർത്തിയായ ശേഷവും പരാതി അവശേഷിക്കുന്നുണ്ടെങ്കിൽ ഹർജിക്കാരന് കോടതിയെ സമീപിക്കാം.
അതേസമയം, സി.എം.ആർ.എല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാടിൽ തങ്ങൾക്കെതിരെയും എസ്.എഫ്.ഐ.ഒ അന്വേഷണം നടത്തുന്നതിനെ ചോദ്യം ചെയ്ത് കേരള വ്യവസായ വികസന കോർപറേഷൻ നൽകിയ ഹർജി ഹൈക്കോടതി ജൂലായ് 15 ന് പരിഗണിക്കാൻ മാറ്റി.
എക്സാലോജിക് കൺസൾട്ടിംഗിന്റെ യു.എ.ഇയിലെ ബാങ്ക് അക്കൗണ്ട് വഴി കനേഡിയൻ കമ്പനി എസ്.എൻ.സി ലാവ്ലിൻ, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്നിവയിൽനിന്ന് വൻതുക അമേരിക്കയിലെ ബാങ്കുകളിലെ വിവിധ അക്കൗണ്ടുകളിലേക്ക് പോയതായി വിശ്വസനീയ വിവരം ലഭിച്ചെന്നു ചൂണ്ടിക്കാട്ടി ഷോൺ ജോർജ് ഉപഹർജിയും നൽകിയിരുന്നു.