farming

കടുത്ത ചൂടിൽ മലയാളികൾ ആശ്വാസം കണ്ടെത്തിയത് പഴവർഗങ്ങളിലൂടെയാണ്. ഇപ്പോൾ കേരളത്തിൽ മഴയെത്തിയെങ്കിലും മാസങ്ങൾക്ക് മുൻപ് കടുത്ത ചൂടായിരുന്നു. ഡൽഹിയിലും ഇപ്പോൾ ഉഷ്ണതരംഗമാണ്. കടുത്ത ചൂടിൽ നിർജലീകരണം തടയാനായി വെളളം നന്നായി കുടിക്കാനും പഴവർഗങ്ങൾ കഴിക്കാനും വിദഗ്ദ്ധർ ഉപദേശം നൽകിയിരുന്നു. അതോടെ വിപണികളിൽ പഴവർഗത്തിന്റെ കച്ചവടം പൊടിപൊടിച്ചു.


കേരളത്തിലാകട്ടെ ഇപ്പോഴും മാമ്പഴത്തിന്റെ കച്ചവടമാണ് കൂടുതൽ നടക്കുന്നത്. മഴക്കാലത്തും മാമ്പഴത്തിന്റെ വിപണിക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ല. സാധാരണ ഒരു കിലോഗ്രാം മാമ്പഴത്തിന് കച്ചവടക്കാർ വിലയിടുന്നത് 100 മുതൽ 200 രൂപ വരെയാണ്. എന്നാൽ വിപണിയിൽ കിലോഗ്രാമിന് രണ്ടര ലക്ഷം രൂപ വരെ വിലമതിക്കുന്ന മാങ്ങയും ഉണ്ട്.

ജന്മദേശം ജപ്പാനായ മിയാസാക്കി എന്ന ഇനത്തിലുളള മാങ്ങയ്ക്കാണ് വിപണിയിൽ പൊന്നുവില കൊടുക്കേണ്ടി വരുന്നത്. ജപ്പാനിലാണ് ഇതിന്റെ ഉത്ഭവമെങ്കിലും ഇന്ത്യൻ നിലങ്ങളിലും ഇത് വിളയിച്ചെടുക്കാറുണ്ട്. രാജ്പൂരിലും സിലിഗുരിയിലും നടന്ന മാമ്പഴ മേളയിൽ മിയാസാക്കി വേറിട്ടുനിന്നിരുന്നു. നാഷണൽ ഹോർട്ടികർച്ചർ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 1500ൽപരം തരം മാങ്ങകൾ ഉൽപ്പാദിപ്പിക്കാറുണ്ട്. പക്ഷെ മിയാസാക്കി ചെറിയ അളവിൽ മാത്രമേ കൃഷി ചെയ്യുന്നുളളൂ.

miyazaki

മിയാസാക്കിയുടെ ഉത്ഭവം
1980കളിൽ ജപ്പാനിലെ ക്യൂഷു പ്രവിശ്യയിലെ മിയാസാക്കി നഗരത്തിലാണ് ആദ്യമായി ഇത് വിളയിച്ചെടുത്തത്. കർഷകരുടെ സഹായത്തോടെ മിയാസാക്കി യൂണിവേഴ്സി​റ്റിയിലെ കുറച്ച് ഗവേഷകരാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചത്. പക്ഷെ ചില റിപ്പോർട്ടുകൾ അനുസരിച്ച് മിയാസാക്കി വിഭാഗത്തിൽപ്പെട്ട മാവ് 1870 മുതലേ ജപ്പാനിലുണ്ടെന്നാണ് പറയുന്നത്.

മിയാസാക്കി നഗരത്തിലെ മണ്ണിലും കാലാവസ്ഥയിലും വളരാൻ പ്രാപ്തിയുളള ഈ വിളയെ പഴയ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലാണ് ഗവേഷകർ വിളയിച്ചെടുത്തത്. ആയുസ് കൂടുതലുളള ഈ മാവിൽ വിളയുന്ന ഫലവും രുചികരമാണ്. ജപ്പാനിൽ ഇതിന് മ​റ്റൊരു പേരു കൂടിയുണ്ട്. തായ്‌യോ നോ ടമാഗോ (മുട്ടയുടെ ആകൃതിയും സൂര്യന്റെ തിളക്കവുമുളള ഫലം). സാധാരണ ഏപ്രിലിനും ഓഗസ്​റ്റ് മാസത്തിനുമിടയിലാണ് മിയാസാക്കി വിളവെടുക്കാറുളളത്. മിയാസാക്കിയുടെ നിറം പർപ്പിളാണ്. ഇത് പഴുക്കുമ്പോൾ ചുവന്ന നിറമായി കാണപ്പെടും.

farmer

മൂല്യത്തിന് കാരണം

ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തതനുസരിച്ച് മിയാസാക്കി ഇർവിൻ മാങ്ങയുടെ ഇനത്തിൽ നിന്നാണ് വിളയിച്ചെടുക്കുന്നത്. അതുകൊണ്ടുത്തന്നെ ഇത് ആപ്പിൾ മാങ്ങയെന്നും അറിയപ്പെടുന്നുണ്ട്. വിദഗ്ദ്ധർ പറയുന്നതിനുസരിച്ച് മിയാസാക്കി വിളയിച്ചെടുക്കാൻ സ്വീകരിക്കുന്ന സാങ്കേതികവിദ്യ വളരെ ചിലവേറിയതാണ്. അതിനാലാണ് ഈ പഴത്തിന് കൂടുതൽ വില നൽകേണ്ടി വരുന്നത്.

ചൂടുളള കാലാവസ്ഥയിലും വളക്കൂറുളള മണ്ണിലും ശുദ്ധജലത്തിന്റെ സഹായത്തോടെയുമാണ് മിയാസാക്കി വളരാറുളളത്. ഈ ഫലത്തിന് മ​റ്റുളള ഇനം മാങ്ങകളെക്കാൾ രുചിയും മധുരവും ഉളളതാണെന്നാണ് ജാസ്ലോക്ക് ആശുപത്രിയിലെ ന്യൂട്രീഷനായ ഭവിഷാ ഖുമാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജപ്പാൻ സർക്കാരും മിയാസാക്കിയുടെ കൃഷിയുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുളള നിബന്ധനകൾ കർഷകരോട് പുറപ്പെടുവിച്ചിട്ടുണ്ട്. മിയാസാക്കി വിപണികളിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നതിന് മുൻപ് അതിന്റെ ഗുണനിലവാരം ഉറപ്പായും പരിശോധിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

350 ഗ്രാം ഭാരവും നല്ല മധുരവുമുളള അധികം കറകളിലാത്ത തൊലിയുളള മിയാസാക്കി മാങ്ങകൾക്കാണ് വിപണിയിൽ മികച്ച വില ലഭിക്കാറുളളത്. 2019ൽ പുറത്തുവന്ന കണക്കുകൾ പ്രകാരം രണ്ട് മികച്ച നിലവാരത്തിലുളള മാമ്പഴത്തിന് 50,000 യെൻ (3,34,845 രൂപ) ആണ്.

money

ഇന്ത്യയിൽ വിളയിച്ചെടുക്കുന്ന രീതി

ആദ്യകാലങ്ങളിൽ ഒഡീഷ, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ മിയാസാക്കി മാമ്പഴം വിളയിച്ചെടുത്തിരുന്നു. അവിടത്തെ കർഷകർ ജപ്പാനിൽ നിന്നും മിയാസാക്കിയുടെ തൈകൾ ഇറക്കുമതി ചെയ്താണ് കൃഷി ചെയ്തിരുന്നത്. പക്ഷെ അമിത വില ഒരു പ്രശ്നമായിരുന്നു. മാത്രമല്ല മാമ്പഴത്തിന്റെ വില കാരണം അധികം ആരും വാങ്ങിയിരുന്നില്ല.

ആദ്യസമയങ്ങളിൽ നാടൻ മിയാസാക്കിക്ക് ഒരു കിലോഗ്രാമിന് 10,000 രൂപയായിരുന്നു വില. എന്നാൽ മഹാരാഷ്ട്ര,ആന്ധ്രാപ്രദേശ്,തെലങ്കാന എന്നിവിടങ്ങളിലും മിയാസാക്കി വിളയിച്ചെടുക്കാൻ ആരംഭിച്ചു. ഇത് വിളയിച്ചെടുക്കാൻ ചില പ്രത്യേക കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഗുണമേന്മയുളള തൈകൾ തിരഞ്ഞെടുക്കലാണ് പ്രധാനപ്പെട്ട കാര്യം.


നിരവധി പോഷകഗുണങ്ങളുളള ഒരു ഫലവർഗമാണ് മിയാസാക്കി. വൈ​റ്റമിൻ സി,വെ​റ്റമിൻ എ, നിരവധി ധാതുക്കളും ഇതിലടങ്ങിയിരിക്കുന്നു. മികച്ച പ്രതിരോധശേഷിക്കും ചർമ്മസംരക്ഷണത്തിനും കാഴ്ചശക്തിക്കും മിയാസാക്കി മാമ്പഴം കഴിക്കുന്നത് ഉത്തമമാണ്.