germany

വിദേശത്ത് തൊഴിൽ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധിപേരാണ് കേരളത്തിലുള്ളത്. ഇത്തരക്കാർ മനസിൽ കണ്ടിരുന്ന പല രാജ്യത്തും ഇന്ന് തൊഴിൽ വിസയുമായി ബന്ധപ്പെട്ട് നിയമങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉദ്യോഗാർത്ഥികൾക്ക് വൻ അവസരങ്ങളുമായി എത്തിയിരിക്കുകയാണ് മറ്റൊരു രാജ്യം.

തൊഴിൽ വിസയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്തിയ ജർമനിയാണ് ആ രാജ്യം. എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി (ഐടി), ഹെൽത്ത് കെയർ എന്നീ മേഖലകളിലാണ് തൊഴിലവസരങ്ങളുള്ളത്. ജർമനിയിലെ ചില മേഖലകളിൽ കടുത്ത തൊഴിലാളി ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇത് മറികടക്കാനാണ് വിസ നിയമങ്ങളിൽ മാറ്റം വരുത്തിയത്. ഏകദേശം നാല് ലക്ഷത്തോളം തൊഴിലാളികളെയാണ് രാജ്യം തേടുന്നത്.

ഓപ്പ‌ർച്യൂനിറ്റി കാർഡ്

2024 ജൂൺ ഒന്ന് മുതലാണ് ജർമനിയിൽ പുതിയ വിസ നിയമം പ്രാബല്യത്തിലാകുന്നത്. ഇതനുസരിച്ച് അവിടെ ജോലി തേടിയെത്തുന്ന യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിലെ പൗരന്മാർക്ക് ഒരു വർഷത്തോളം താമസിക്കാം. ഇതിനായി 'ഓപ്പർച്യൂനിറ്റി കാർഡ്' നൽകുന്നതാണ്.

ഈ കാർഡ് ലഭിക്കുന്നതിനായി, നിങ്ങൾക്ക് കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്തെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദം ഉണ്ടായിരിക്കണം. ജർമൻ അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടിയിരിക്കണം. കൂടാതെ, അപേക്ഷകർ ഒരു വർഷത്തേക്ക് ജർമ്മനിയിൽ താമസിക്കുന്നതിന് ആവശ്യമായ പണമോ പാർട്ട് ടൈം ജോലിയിൽ നിന്നുള്ള വരുമാനമോ കാണിക്കണം, ഇത് 12,000 യൂറോയിൽ (പത്ത് ലക്ഷം രൂപ) കൂടുതലായിരിക്കണം.

ഈ പെർമിറ്റ് പരമാവധി മൂന്ന് വർഷം വരെ നീട്ടി നൽകുന്നതാണ്. കൂടാതെ ആഴ്ചയിൽ 20 മണിക്കൂർ വരെ പാർട്ട്‌ടൈം ജോലിയും ചെയ്യാവുന്നതാണ്. ഇതിലൂടെ തൊഴിൽ ലഭിക്കുന്നതുവരെ ഉദ്യോഗാർത്ഥികൾക്ക് വരുമാനം ലഭിക്കുന്നതാണ്. മാത്രമല്ല, സ്‌കിൽഡ് ഇമിഗ്രേഷൻ നിയമത്തിലൂടെ വിദേശ യോഗ്യതകൾ അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളും ജർമനി കാര്യക്ഷമമാക്കിയിട്ടുണ്ട്. ജർമനിയിൽ ജോലിക്ക് വേണ്ട യോഗ്യത നേടുന്നതുവരെ ഇവർക്ക്, ആറ് മാസത്തെ റസിഡന്റ് പെർമിറ്റ് അനുവദിക്കും. യോഗ്യത നേടുന്നതിന് അപേക്ഷക‌ർ, എ2 അല്ലെങ്കിൽ അതിന് മുകളിലുള്ള തലത്തിൽ ജർമൻ ഭാഷാ പ്രാവീണ്യം നേടിയിരിക്കണം.

മാത്രമല്ല, തൊഴിലാളികൾക്ക് അവരുടെ പങ്കാളിയെയോ കുട്ടികളെയോ ജർമനിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നിയമവും ലഘൂകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി താമസ സ്ഥലവുമായി ബന്ധപ്പെട്ട രേഖകളും ജർമൻ സർക്കാരിന് നൽകേണ്ട ആവശ്യം വരുന്നില്ല.