കോഴിക്കോട്: ഇടിമിന്നലേറ്റ് ഏഴുപേർക്ക് പരിക്ക്. കോഴിക്കോട് സൗത്ത് കടപ്പുറത്താണ് സംഭവം. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. മത്സ്യത്തൊഴിലാളികൾക്കാണ് മിന്നലേറ്റത്. വള്ളം അടുപ്പിക്കുകയും മീൻപിടിത്തവുമായി ബന്ധപ്പെട്ട മറ്റ് ജോലികളിലും ഏർപ്പെട്ടിരിക്കുകയായിരുന്നു ഇവർ.
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പ്രദേശവാസികളായ അഷ്‌റഫ്, അനിൽ, ഷെരീഫ്, മനാഫ്, സുബൈർ, സലീം, അബ്‌ദുൾ ലത്തീഫ് എന്നിവർക്കാണ് മിന്നലേറ്റത്. ഇവരെ ഉടൻതന്നെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് ഇന്ന് കാര്യമായി മഴ പെയ്‌തിരുന്നില്ലെങ്കിലും ഉച്ചയ്‌ക്ക് പലയിടത്തും ശക്തമായ മിന്നലുണ്ടായിരുന്നു.
കൊല്ലത്ത് ഇടിമിന്നലേറ്റ് സെക്യൂരിറ്റി ജീവനരക്കാരൻ മരിച്ചു
കൊല്ലം കിഴക്കേകല്ലട ഓണമ്പലത്ത് കശുവണ്ടി ഫാക്‌ടറിയിലെ സെക്യൂരിറ്റിയായ അടൂർ മണ്ണടി സ്വദേശി തുളസീധരൻപിള്ള ( 65 )ആണ് മിന്നലേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 3.45 ഓടെ ഓണമ്പലം സെന്റ് മേരീസ് കാഷ്യൂ ഫാക്‌ടറിയിൽ നിന്നും ചായ കുടിക്കാൻ പുറത്തിറങ്ങിയതായിരുന്നു തുളസീധരൻ പിള്ള. ഇതിനിടെയാണ് ശക്തമായ മിന്നലേറ്റത്. കിഴക്കേ കല്ലടയിൽ കശുവണ്ടി ഫാക്‌ടറി ജീവനക്കാരിക്കും ഇടിമിന്നലേറ്റു. മുട്ടം സ്വദേശിനി പ്രസന്നകുമാരി ( 54 ) ക്കാണ് പരിക്കേറ്റത്. ഇവരെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലയിലാകെ ശക്തമായ ഇടിമിന്നലുണ്ടായിരുന്നു. പലയിടത്തും കനത്ത വെള്ളക്കെട്ടും ഉണ്ടായി.