തിരുവനന്തപുരം: 36 വർഷങ്ങൾക്കുള്ളിൽ കേരളത്തിന്റെ നല്ലൊരുഭാഗവും വെള്ളത്തിനടിയിലാകുമെന്ന് നിർമ്മാണ വിദഗ്‌ദ്ധനായ പത്മശ്രീ ജി. ശങ്കർ. അതിനുദാഹരണമാണ് ഇപ്പോൾ ചെറിയ മഴ വരുമ്പോൾ പോലും എറണാകുളത്തേയും തിരുവനന്തപുരത്തേയും പല പ്രദേശങ്ങളും വെള്ളത്തിനടിയിലാകുന്നതെന്ന് അദ്ദേഹം പറയുന്നു. നമുക്ക് ലഭിക്കുന്ന ഭൂമിയുടെ പ്രകൃതിക്ക് അനുസരിച്ച് അവിടെ വീട് പണിയുകയാണ് വേണ്ടത്. പാറ പൊട്ടിക്കുന്നതിന്റെയും, മണൽ വാരുന്നതിന്റെയുമെല്ലാം പ്രകമ്പനങ്ങൾ ദുരന്തങ്ങളുടെ ആക്കം കൂട്ടുകയാണെന്ന് ശങ്കർ മുന്നറിയിപ്പ് നൽകി.
''2014ൽ സുനാമി വന്നപ്പോഴാണ് കേരളത്തിലെ ഭൂമി അത്ര സുരക്ഷിതമല്ലെന്ന് ആദ്യം തിരിച്ചറിഞ്ഞത്. 2018ലെ വെള്ളപ്പൊക്കം മുതൽ എല്ലാ വർഷവും നമ്മൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം പ്രതിസ്ഥാനത്ത് മറ്റൊന്ന് കൂടിയുണ്ട്. ഭീമൻ മണ്ണ് മാന്തി യന്ത്രങ്ങൾ. കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുസരിച്ചാണ് ഇത്രയും നാൾ കെട്ടിടങ്ങൾ നിർമ്മിച്ചുകൊണ്ടിരുന്നത്. നാല് പതിറ്റാണ്ടായി ഇതിന് മാറ്റം വന്നിരിക്കുന്നു. ജെസിബികൾ കേരളത്തിന്റെ നെഞ്ച് പറിക്കുകയാണ്. മലകളും വയലുകളും നികത്തി മൈതാനങ്ങളാക്കി. ഇതെല്ലാം പ്രകൃതി വിരുദ്ധമാണ്.
നമുക്ക് ലഭിക്കുന്ന ഭൂമിയുടെ പ്രകൃതിക്ക് അനുസരിച്ച് അവിടെ വീട് പണിയുകയാണ് വേണ്ടത്. പാറ പൊട്ടിക്കുന്നതിന്റെയും, മണൽ വാരുന്നതിന്റെയുമെല്ലാം പ്രകമ്പനങ്ങൾ ദുരന്തങ്ങളുടെ ആക്കം കൂട്ടുകയാണ്. എല്ലാ നദികളും മലിനമായി കൊണ്ടിരിക്കുകയാണ്. 36 വർഷങ്ങൾക്കുള്ളിൽ കേരളത്തിന്റെ നല്ലൊരുഭാഗവും വെള്ളത്തിനടിയിലാകും. അതിനുദാഹരണമാണ് ഇപ്പോൾ ചെറിയ മഴ വരുമ്പോൾ പോലും എറണാകുളത്തേയും തിരുവനന്തപുരത്തേയും പല പ്രദേശങ്ങളും വെള്ളത്തിനടിയിലാകുന്നത്.
വെള്ളത്തിന് ഒഴുകാനുള്ള സ്ഥലം കൊടുക്കണം. അത് എവിടെ അടയ‌്ക്കുന്നുവോ അവിടം ദുരന്തത്തിന് സാക്ഷ്യം വഹിക്കും. മഴക്കാലത്തിന് മുമ്പ് കോർപ്പറേഷൻ ഓടകളിൽ അടിഞ്ഞുകൂടുന്ന പ്ളാസ്‌റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാറുണ്ട്. പക്ഷേ അതെല്ലാം ഓടയ‌്‌ക്ക് ചുറ്റുംതന്നെയാണ് എടുത്ത് വയ‌്ക്കാറ്. ഇത് വീണ്ടും മഴയിൽ തിരികെ വീഴും. അങ്ങനെ സംഭവിക്കരുത്.
ജലസാക്ഷരത മലയാളികൾ പഠിക്കേണ്ട കാലഘട്ടം അതിക്രമിച്ചു കഴിഞ്ഞു. നടപ്പാതകൾ ഇല്ലാതാക്കി കൊണ്ടുള്ള റോഡ് വികസനം നടത്തരുത്''. - ജി. ശങ്കറിന്റെ വാക്കുകൾ.