കൊല്ലം: എഴുകോൺ കരീപ്രയിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ കാമുകിയെ കഴുത്തു ഞെരിച്ചു കൊന്നുവെന്ന കേസിലെ പ്രതിയെ വെറുതെവിട്ടു. എഴുകോൺ വിദ്യാഭവനിൽ ബിനു വിദ്യാധരനെയാണ് വെറുതെവിട്ടത്. ജില്ലാ അഡിഷണൽ സെഷൻസ് കോടതി-4 ജഡ്ജി സുഭാഷ് ആണ് വിധി പറഞ്ഞത്. 2018 ഫെബ്രുവരി പുലർച്ചെ ഒരു മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. കാമുകിയുടെ വീട്ടിലെത്തി ബിനു സാമ്പത്തിക പ്രശ്നങ്ങളുടെ പേരിലുണ്ടായ തർക്കങ്ങളെ തുടർന്ന് കാമുകിയെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവും മക്കളും അടക്കം കേസിൽ സാക്ഷികളായിരുന്നു. എന്നാൽ സാക്ഷിമൊഴികളും തെളിവുകളും തമ്മിലുള്ള വൈരുദ്ധ്യം പ്രോസിക്യൂഷന് തിരിച്ചടിയായി. പ്രതിക്ക് വേണ്ടി അഭിഭാഷകരായ എസ്.ആർ. രാഹുൽ, അഞ്ജലി ബാലചന്ദ്രൻ, കെവിൻ രാജ്, അരുൺ എന്നിവർ ഹാജരായി.