തലയോലപ്പറമ്പ് : ലോൺ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്നും പണം തട്ടിയ കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. കോഴിക്കോട് ഫറൂഖ് കൈതോലിപ്പാടം വീട്ടിൽ ഫസൽ റഹ്മാൻ (25), തോട്ടുപ്പാടം വീട്ടിൽ മുഹമ്മദ് ഫായിസ് (27) എന്നിവരെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കരിപ്പാടം സ്വദേശിയായ വീട്ടമ്മയ്ക്ക് വാട്സാപ്പിൽ ഫൈനാൻസ് കമ്പനിയുടെ പേരിൽ മാർച്ച് മാസത്തിൽ മെസേജ് വരികയും തുടർന്ന് വീട്ടമ്മ 50,000 രൂപ വായ്പയ്ക്ക് അപേക്ഷിക്കുകയായിരുന്നു. 10 ശതമാനം തുക ഗ്യാരണ്ടിയായി അടയ്ക്കണമെന്നും പറഞ്ഞ് വീട്ടമ്മയിൽ നിന്നും 5000 രൂപയും, തുടർന്ന് കൊടുത്ത അക്കൗണ്ട് നമ്പർ തെറ്റാണെന്ന് വിശ്വസിപ്പിച്ച് 20,000 രൂപയും ഉൾപ്പെടെ പലതവണകളിലായി 45,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ലോൺ ലഭിക്കാതെ വരികയും പണം നഷ്ടപ്പെടുകയും ചെയ്തതിനെ തുടർന്ന് വീട്ടമ്മ പൊലീസിൽ പരാതി നൽകി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വീട്ടമ്മയുടെ പണം യുവാക്കളുടെ അക്കൗണ്ടിൽ ചെന്നതായും, പണം പിൻവലിച്ചതായും കണ്ടെത്തി.