crime

മൂവാറ്റുപുഴ: പുത്തൻകുരിശ് നാല് സെന്റ് കോളനി കൊലപാതക കേസിൽ പ്രതി വടക്കനേട് ഷൺമുഖന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും. മൂവാറ്റുപുഴ അഡി.ഡിസ്ട്രിക്ട് സെഷൻസ് കോടതി ജഡ്ജി ടോമി വർഗീസിന്റേതാണ് വിധി. പിഴ തുക മരണപ്പെട്ട സുരേഷിന്റെ മാതാപിതാക്കൾക്ക് നൽകണം.

പിഴ തുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. 2019 മാർച്ച് 24ന് രാത്രി 7.30 നാണ് സംഭവം. പീച്ചിങ്ങച്ചിറ നാല് സെന്റ് കോളനിയിലേക്കുള്ള വഴിയിൽ വച്ച് വെള്ളുമനക്കുഴി കരോട്ട് വീട്ടിൽ തങ്കപ്പൻ മകൻ ബഡാഭായി എന്ന് വിളിക്കുന്ന സുരേഷ് (28)നെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

കൊല്ലപ്പെട്ട സുരേഷിന്റെ മാതൃസഹോദരി പുത്രിയുടെ ഭർത്താവും അയൽവാസിയുമാണ് ഷൺമുഖൻ. കേസിൽ 21 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്.ജ്യോതികുമാർ ഹാജരായി.