തളിപ്പറമ്പ്: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയവർ മറ്റൊരു കേസിൽ കണ്ണൂർ പൊലീസിന്റെ പിടിയിലായ രണ്ടംഗ സംഘമാണെന്ന് തെളിഞ്ഞു. കുഞ്ഞിപ്പള്ളി കെ.വി.ഹൗസിലെ കെ.നിയാസുദീൻ എന്ന മസിൽ നിയാസ് (40), ചാലക്കുന്നിലെ ജസി നിവാസിലെ കെ.അജേഷ് എന്ന കുറുക്കുൻ അജേഷ് (33) എന്നിവരാണ് കവർച്ച നടത്തിയതെന്നാണ് തെളിഞ്ഞത്.

ധർമ്മശാല അഞ്ചാംപീടിക റൂട്ടിൽ ചിത്ര സ്റ്റോപ്പിന് മുന്നിലെ കുന്നിൽ ശശിധരന്റെ വീട് കുത്തിത്തുറന്ന് പത്തര പവന്റെ സ്വർണാഭരണങ്ങളും 15,000 രൂപയും കവർന്നിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ ശശിധരനും കുടുംബവും വീട് പൂട്ടി മൂകാംബിക ക്ഷേത്ര ദർശനത്തിന് പോയതായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം ഞായറാഴ്‌ച രാത്രിയോടെയാണ് ഇവർ മടങ്ങിയെത്തിയപ്പോഴാണ് വീട്ടിൽ കവർച്ച നടന്നത് കണ്ടത്. ടെറസിലെ വാതിൽ പൂട്ട് പൊളിച്ചാണ് കവർച്ചക്കാർ അകത്ത് കയറിയത്.

വിയ്യൂരിലെ അതീവ സുരക്ഷ ജയിലിൽ നിന്ന് കഴിഞ്ഞ മാർച്ചിലാണ് മസിൽ നിയാസ് ഇറങ്ങിയത്. നിരവധി കേസിൽ പ്രതിയായ അജേഷ് ഒമ്പത് മാസം മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. ഇവരിൽ നിന്ന് രണ്ട് ഇരുചക്ര വാഹനങ്ങളും എട്ട് പവൻ സ്വർണാഭരണങ്ങളും പിടികൂടിയിരുന്നു. കഴിഞ്ഞ 21ന് രാത്രി കീഴ്‌തളിയിലെ അപ്പാർട്ട്മെന്ററിൽ നിന്ന് കവർന്ന ബുള്ളറ്റും ബേബി മെമ്മോറിയൽ ആശുപത്രി മാനേജർ കോട്ടയം നെല്ലൂർ സ്വദേശി രോഹിൻ രാജിന്റെ ബുള്ളറ്റുമാണ് ഇവയെന്ന് അന്നുതന്നെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ സ്വർണാഭരണ ങ്ങൾ ആരുടെതെന്ന് ഇവർ വെളിപ്പെടുത്തിയിട്ടില്ല.

ഇതിനിടയിൽ ഇരുവരെയും ടൗൺ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ജയിലിൽ കഴിയുന്ന ഇരുവരെയും ടൗൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്‌തു. വ്യാഴാഴ്ച രാത്രി തന്നെ ഇവർ ശശിധരന്റെ വീട്ടിൽ കവർച്ച നടത്തിയതായാണ് വിവരം. കസ്റ്റഡിയിലുള്ള സ്വർണ്ണം വീട്ടുകാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള നടപടികൾ തളിപ്പറമ്പ് പൊലീസ് ഉടനെ സ്വീകരിക്കും.