f

ബംഗളൂരു: ലൈംഗികാതിക്രമക്കേസിലെ പ്രതിയും ഹാസൻ എം.പിയുമായ പ്രജ്വൽ രേവണ്ണ ജർമ്മനിയിൽ നിന്ന് ഇന്ത്യയിലെക്ക് തിരിച്ചതായി റിപ്പോർട്ട്.

പ്രജ്വൽ എത്തിയാലുടൻ കസ്റ്റഡിയിലെടുക്കാൻ എസ്.ഐ.ടി സന്നാഹങ്ങൾ ഒരുക്കി.

ലുഫ്‌താൻസ വിമാനത്തിൽ ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽ എത്തുമെന്നാണ് കരുതുന്നത്. കാലാവസ്ഥ മോശമായതിനാൽ 31 മിനിട്ട് വൈകിയേക്കും. വിമാനത്താവളത്തിൽ നിന്ന് തന്നെ കസ്റ്റഡിയിലെടുക്കാനാണ് നീക്കം. പ്രജ്വൽ കബളിപ്പിക്കാൻ സാദ്ധ്യതയുള്ളതിനാൽ അന്വേഷണ സംഘം ജാഗ്രതയിലാണ്. ലുഫ്താൻസയിൽ അല്ലാതെ മറ്റേതെങ്കിലും വിമാനത്തിൽ വരാനും മറ്റേതെങ്കിലും വിമാനത്താവളങ്ങളിൽ ഇറങ്ങാനും സാദ്ധ്യത കണ്ട് എവിടെ എത്തിയാലും അറസ്റ്ര് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു.

ബ്ലൂ കോർണർ നോട്ടീസ് ഉള്ളതിനാൽ ഏത് വിമാനത്താവളത്തിൽ എത്തിയാലും അധികൃതർ പൊലീസിനെ അറിയിക്കണം.

പ്രജ്വൽ പുറത്തുവിട്ട വിമാന ടിക്കറ്റ് വ്യാജമാണെന്നും അന്വേഷണ സംഘത്തെ കബളിപ്പിക്കുകയാണെന്നും ലുഫ്താൻസയുടെ ചെക്ക് ഇൻ വൈബ്‌സൈറ്റിൽ പ്രജ്വൽ രേവണ്ണ എന്ന സ്ത്രീയാണ് ബുക്ക് ചെയ്‌തതെന്നും അ‌‌ഡ്രസ് തെറ്റാണെന്നും റിപ്പോർട്ടുണ്ടായിരുന്നു.
മ്യൂണിക്കിൽ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.05 ന് പുറപ്പെടുന്ന ലുഫ്താൻസ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്‌തെന്നാണ് പ്രജ്വൽ അറിയിച്ചിരുന്നത്.

പ്രജ്വൽ ഉടൻ എത്തിയില്ലെങ്കിൽ പാസ്‌പോർട്ട് റദ്ദാക്കുന്നതുൾപ്പെടെ അടുത്ത നടപടി സ്വീകരിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു.

ലൈംഗികാതിക്രമങ്ങളുടെ വീഡിയോകൾ വൻ വിവാദമായതോടെ പ്രജ്വൽ ജർമ്മനിയിലേക്ക് കടക്കുകയായിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചിരുന്നു. ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി കേസ് അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ചു. മേയ് 31നേ പരിഗണിക്കൂ. ഇതോടെ പ്രജ്വലിന് മുൻകൂർ ജാമ്യം ലഭിക്കില്ലെന്നുറപ്പാണ്.

പാസ്‌പോർട്ട് റദ്ദാക്കും

പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ നടപടി തുടങ്ങിയെന്ന് വിദേശ മന്ത്രാലയം അറിയിച്ചു. ഇതിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. 10 ദിവസത്തിനകം വിശദീകരണം നൽകണം.