പാലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാൻ ചലച്ചിത്ര മേളയിൽ തണ്ണിമത്തൻ ആകൃതിയുള്ള ബാഗുമായി നടിയും മോഡലുമായ കനി കുസൃതി എത്തിയത് അന്താരാഷ്ട്രതലത്തിൽവരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കനിയ്‌ക്കൊപ്പം നടി ദിവ്യ പ്രഭയും ചേർന്നഭിനയിച്ച 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രം കാൻ മേളയിലെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായെത്തിയപ്പോഴായിരുന്നു താരം തണ്ണിമത്തൻ ബാഗ് പ്രദർശിപ്പിച്ചത്. ഇക്കാര്യത്തെക്കുറിച്ച് ആരോടും ചർച്ച ചെയ്തിരുന്നില്ലെന്ന് നടി പറഞ്ഞു. സിനിമയുടെ ടീമിനോടുപോലും ബാഗിനെക്കുറിച്ച് പറഞ്ഞിരുന്നില്ലെന്നും താരം വെളിപ്പെടുത്തി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.
'സിനിമയിലെ സഹപ്രവർത്തകർക്ക് ടെൻഷൻ ആകുമോയെന്ന് കരുതിയാണ് തണ്ണിമത്തൻ ബാഗിനെക്കുറിച്ച് അവരോടുപോലും പറയാതിരുന്നത്. എന്റെമാത്രം ഉത്തരവാദിത്തത്തിൽ ഇരിക്കട്ടെ എന്നുവിചാരിച്ചു. ചലച്ചിത്രമേളയിൽ എത്തിയപ്പോൾ എന്റെ സിനിമയുടെ ഫ്രഞ്ച് നിർമാതാക്കൾ പാലസ്‌തീൻ പതാകയുടെ സ്റ്റിക്കർ നൽകിയിരുന്നു. സഹപ്രവർത്തകരിൽ ചിലർ സ്റ്റിക്കറുകൾ ഫോണിന്റെ പുറത്തുവശത്ത് ഒട്ടിക്കുകയും ചെയ്തിരുന്നു'-കനി വ്യക്തമാക്കി.
'കാനിൽ നിന്ന് മടങ്ങിയെത്തിയതിനുശേഷം സിനിമയിലുള്ളവരും പാട്ടുകാരും ഉൾപ്പെടെ നിരവധി പേർ അഭിനന്ദിച്ചിരുന്നു. ഇതിൽ ഏറ്റവും സന്തോഷം നൽകിയത് ഗായികയായ ബോംബെ ജയശ്രീ അഭിനന്ദിച്ചതാണ്. അവർക്ക് ബിരിയാണി എന്ന സിനിമയും എന്റെ അഭിനയവും ഇഷ്ടമാണ്.
ബിരിയാണി എന്ന സിനിമയോട് ആശയപരമായി എതിർപ്പുണ്ടായിരുന്നു. ഞാൻ ഇതുവരെ ചെയ്ത സിനിമകളിൽ രണ്ടോ മൂന്നോ ഒഴികെ മറ്റെല്ലാ സിനിമകളോടും ആശയപരമായി എതിർപ്പ് തോന്നിയിരുന്നു. ചെയ്തുള്ള നാടകങ്ങളിലും എതിർപ്പുള്ളവ ഉണ്ടായിരുന്നു. നാടകത്തിൽ നിന്ന് മാത്രം ജീവിക്കാൻ പറ്റാത്തതുകൊണ്ടാണ് സിനിമയിൽ വന്നത്. സിനിമയോട് വലിയ പാഷനായതുകൊണ്ട് മാത്രം എത്തിയതല്ല. രണ്ടോ മൂന്നോ സിനിമകളിലൊഴികെ മറ്റെല്ലാ സിനിമയോടും എന്തിനാണ് ഇത് ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്.
ആവേശം വളരെ ഇഷ്ടമായ സിനിമയോട്. അതിൽ നല്ലൊരു സ്ത്രീ കഥാപാത്രം ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു. ഞാൻ ആ ജെൻഡറിൽ നിന്നുള്ള ആളായതുകൊണ്ടാവാം. എന്നാൽ ട്രാൻസ്‌ജൻഡർ, ട്രാൻസ്‌മെൻ, ട്രാൻസ്‌വുമൺ എന്നിങ്ങനെ പല ജൻഡറുകളുമുണ്ട്. അവർക്കൊന്നും ഒരു കഥാപാത്രവും എഴുതിയിട്ടില്ല. സ്ത്രീകൾക്ക് വല്ലപ്പോഴുമെങ്കിലും ഒരു കഥാപാത്രം കിട്ടുന്നുണ്ടല്ലോ. പുരുഷന്റമാരേക്കാൾ സ്ത്രീകൾക്ക് കഥാപാത്രങ്ങൾ കുറവാണ് കിട്ടുന്നതെന്ന് തോന്നിയിട്ടുണ്ട്. സ്ത്രീകളുടെ ലോകം, അവരുടെ തമാശ ഇതൊന്നും എഴുത്തുകാർ എഴുതുന്നില്ലേ എന്ന് തോന്നിയിട്ടുണ്ട്. എന്നാൽ ചിലർക്കൊന്നും സിനിമയിലേയ്ക്ക് എത്താൻ പോലും കഴിയുന്നില്ല. സിനിമയിലേയ്ക്ക് വിളിക്കുന്നില്ല എന്ന് പറയുന്നതുപോലും പ്രിവിലേജ് ആണ്'- കനി കുസൃതി വ്യക്തമാക്കി.
മാത്തമാറ്റിക്‌സും ഫിസിക്‌സുമാണ് ലോകത്ത് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളെന്നും നടി പറഞ്ഞു. 'ഡാൻസിന് അപ്പുറമുള്ള പാഷൻ ഇവ രണ്ടുമാണ്. സയൻസ് കഴിഞ്ഞേ ലോകത്ത് എന്തുമുള്ളൂ. മാത്‌സ് തിയറികൾ ഒരാൾ പറയുമ്പോൾ രോമാഞ്ചം കൊള്ളാറുണ്ട്. മാത്‌സ്, ഫിസിക്‌സ്, ബയോളജി ഒക്കെ കഴിഞ്ഞേ സിനിമ പോലും ഉള്ളൂ. ഞാൻ ഒരു അവറേജ് ആക്‌ടറാണ്. എനിക്ക് വലിയ കഴിവൊന്നുമില്ല. ഉള്ളതുവച്ച് പണിയെടുത്ത് ചെയ്യുന്നതാണ്, ഹാർഡ് വർക്കിംഗ് ആണ്'- താരം മനസുതുറന്നു.