modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും. കഴിഞ്ഞ ദിവസം, മോദി എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിലെ ഗാന്ധിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിന് മറുപടിയുമായാണ് കോൺഗ്രസ് മുതിർന്ന നേതാക്കൾ രംഗത്തെത്തിയത്.

പൊതു സംവാദത്തിന്റെ അന്തസ് ഇല്ലാതാക്കിയ ആദ്യ പ്രധാനമന്ത്രിയാണ് മോദിയെന്ന് മൻമോഹൻ സിംഗ് കുറ്റപ്പെടുത്തി. ഒരു പ്രധാനമന്ത്രിയും ഇത്രയും വിദ്വേഷജനകവും പാര്‍ലമെന്‍ററി വിരുദ്ധവുമായ പരാർമ‍ർശങ്ങള്‍ നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിഭാഗീയത നിറഞ്ഞ തീവ്ര വിദ്വേഷ പ്രസംഗം നടത്തി. പഞ്ചാബിലെ വോട്ടർമാർക്കെഴുതിയ കത്തിലാണ് മന്‍മോഹൻ സിംഗിന്റെ വിമർശനം.

തിരഞ്ഞെടുപ്പ് ഫലം വന്നുകഴിയുമ്പോൾ മഹാത്മാഗാന്ധിയുടെ ആത്മകഥ മോദി വായിക്കണമെന്നാണ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടത്. 'റിച്ചാർഡ് ആറ്റൻബറോയുടെ സിനിമ കണ്ടതിന് ശേഷമാണ് മഹാത്മാഗാന്ധിയെക്കുറിച്ച് ലോകം അറിഞ്ഞതെന്ന് മോദി പറഞ്ഞത് രസകരമായാണ് തോന്നുന്നത്. ഒരു പ്രധാനമന്ത്രിയുടെ അറിവില്ലായ്‌മയാണത്. അതോ ഗാന്ധിജിയെക്കുറിച്ച് അദ്ദേഹം പഠിച്ചിട്ടില്ല? ഞങ്ങളുടെ കാലത്ത് സ്‌കൂളിലെ ബുക്കുകളിലുണ്ടായിരുന്നു. അത് വായിച്ചിരുന്നെങ്കിൽ ഇങ്ങനെയൊന്നും പറയില്ലായിരുന്നു.'

'മഹാത്മാഗാന്ധിയെ ലോകം മുഴുവൻ അറിയാം. യുഎൻഒയുടെ (യുണൈറ്റഡ് നേഷൻ ഓഫീസ്) മുന്നിൽ അദ്ദേഹത്തിന്റെ പ്രതിമയുണ്ട്. പല നേതാക്കളും മഹാത്മാഗാന്ധിയെ ആരാധിക്കുന്നവരാണ്. കുറഞ്ഞത് 70-80 രാജ്യങ്ങളിൽ അദ്ദേഹത്തിന്റെ പ്രതിമകളുണ്ട്. അഹിംസയിലൂടെ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾക്കെല്ലാം മഹാത്മാഗാന്ധിയെക്കുറിച്ച് അറിയാം' , - ഖാർഗെ പറഞ്ഞു.

ഇന്നലെ വാർത്താ ചാനലായ എബിപിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മോദിയുടെ ഗാന്ധി പരാമർശം. ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ ലോകമറിഞ്ഞത് 1982 ൽ റിച്ചാർഡ‌് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന സിനിമയിലൂടെയെന്നാണ് മോദി പറഞ്ഞത്. മഹാത്മാഗാന്ധി ലോകത്തിലെ വലിയ നേതാവായിരുന്നു. ഈ 75 വര്‍ഷത്തിനിടയില്‍, മഹാത്മാഗാന്ധിയെക്കുറിച്ച് ലോകത്തെ അറിയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമല്ലേ?. സിനിമ വന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ ലോകമറിഞ്ഞത്. മാർട്ടിൻ ലുഥർ കിംഗിനെയും നെൽസൺ മണ്ടേലയെയും പോലുള്ള മറ്റ് നേതാക്കളെക്കുറിച്ച് എല്ലാവർക്കും അറിയാമായിരുന്നു. അവർക്ക് സമാനനായ ലോകനേതാവായിട്ടും ഗാന്ധിയെ ആർക്കും അറിയില്ലായിരുന്നുവെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസ് ഗാന്ധിയെ പ്രമോട്ട് ചെയ്തില്ലെന്നും മോദി ആരോപിച്ചു.


മോദിയുടെ വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. നിരവധി നേതാക്കൾ മോദിക്കെതിരെ പ്രതികരിച്ചു. ഗാന്ധിയൻ പൈതൃകം തകർക്കുന്ന വാക്കുകളാണ് മോദിയുടേതെന്ന് ജയറാം രമേശ് പറഞ്ഞു. ഗാന്ധിയൻ സ്ഥാപനങ്ങൾ തകർത്തത് മോദി സർക്കാരാണ്. മഹാത്മാഗാന്ധിയുടെ ദേശീയത മനസിലാക്കാൻ ആർ.എസ്.എസുകാർക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.