ഹൈദരാബാദ്: എൻ.എസ്.യു.ഐ (നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഒഫ് ഇന്ത്യ) ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ കൊല്ലപ്പെട്ടു.
അഭിഭാഷകൻ കൂടിയായ രാജ് സമ്പത്ത് കുമാറിന്റെ മൃതദേഹം ആന്ധ്രാപ്രദേശിലെ ധർമ്മാവരത്ത് കൃഷിയിടത്തിൽ കണ്ടെത്തുകയായിരുന്നു. സംഘടനയിൽ കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിയാണ് രാജ് സമ്പത്ത് കുമാർ. റോഡിന് സമീപം കൃഷിയിടത്തിൽ നഗ്നമായി കാണപ്പെട്ട മൃതദേഹത്തിൽ നിരവധി മുറിവുകളുണ്ട്.
നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. ഭൂമിസംബന്ധമായ കേസിൽ ഒരു അഭിഭാഷകനുമായി തർക്കമുണ്ടായിരുന്നു. ഇതടക്കം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. രാജ് സമ്പത്തിന്റെ വിയോഗത്തിൽ എൻ.എസ്.യു.ഐ അനുശോചനം അറിയിച്ചു.
രാഹുൽ ഗാന്ധിക്കൊപ്പം ജോഡോ യാത്രയിൽ പങ്കെടുത്തിരുന്നു.
സഹയാത്രികന്റെ വേർപാടിൽ നീറി
അലോഷ്യസ് സേവ്യർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടൽ മാറാതെ കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ അലോഷ്യസ് സേവ്യർ. കഴിഞ്ഞരാത്രി ദീർഘനേരം സംസാരിച്ച സുഹൃത്ത് നേരം പുലർന്നപ്പോൾ വിട്ടുപിരിഞ്ഞെന്നത് ഹൃദയഭേദകമായ വാർത്തയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ആന്ധ്രയിൽ നിന്നുള്ള ഭാരവാഹിയാണ് വിയോഗവിവരം വിളിച്ചറിയിച്ചത്. ആദ്യം വിശ്വസിക്കാനായില്ല. പിന്നീട് രാജ് സമ്പത്തിന്റെ ഒരു ബന്ധുവിനെ വിളിച്ചാണ് കാര്യങ്ങൾ സ്ഥിരീകരിച്ചതെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് കാലത്താണ് തങ്ങൾ ഇരുവരും സുഹൃത്തുക്കളാകുന്നത്. കെ.എസ്.യുവിന്റെ സ്ഥാപകദിന പരിപാടികളിൽ പങ്കെടുക്കുന്നതിന് ഇന്നലെ കേരളത്തിലേക്ക് വരാനിരുന്നതാണ് രാജ് സമ്പത്ത്. ചില പ്രശ്നങ്ങൾ കാരണം ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് വൈകിട്ട് ഏഴ് മണിയോടെ വിളിച്ചറിയിച്ചു.
ഇക്കഴിഞ്ഞ ദിവസത്തെ കെ.എസ്.യു ക്യാമ്പിലും അദ്ദേഹം പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് സംഘടനയെ ശക്തിപ്പെടുത്തുന്നതിന് ഒട്ടേറെ പരിപാടികൾ കൂടിയാലോചിച്ചിരുന്നു. സഹോദരന്റെ ആത്മഹത്യയടക്കമുള്ള വ്യക്തിപരമായ നഷ്ടങ്ങൾ അതിജീവിച്ചു വരുമ്പോഴാണ് അദ്ദേഹത്തിന്റെ ജീവൻ നഷ്ടമായത്.
വ്യക്തിപരമായി വലിയ പ്രതിസന്ധികളെയും ദുരന്തങ്ങളെയും മറികടക്കാൻ സാധിച്ചത് കേരളത്തിൽ എത്തിയശേഷമാണെന്ന് രാജ് സമ്പത്ത് പലപ്പോഴും പറയുമായിരുന്നു. രാജിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ താനും മറ്റ് സംസ്ഥാന ഭാരവാഹികളും ഇന്ന് രാവിലെ 8.30നുള്ള വിമാനത്തിൽ ബംഗളൂരുവിലേക്ക് തിരിക്കുമെന്നും അലോഷ്യസ് അറിയിച്ചു.