jayakumar

കഴക്കൂട്ടം: പരിസ്ഥിതിപ്രവർത്തനങ്ങളിലൂടെ പൊതുവിദ്യാലയസംരക്ഷണം സാധ്യമാക്കിയ ഇടവിളാകം യു. പി. സ്കൂളിലെ അധ്യാപകൻ പള്ളിപ്പുറം ജയകുമാർ നാളെ വിരമിക്കും. പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ജില്ലയിലെ കുട്ടികളെ ബോധവത്ക്കരിക്കുന്നതിനായി നടത്തിയ ആയിരത്തിലധികം ബോധവത്കരണ ക്ലാസുകളിലൂടെയാണ് ജയകുമാർ ശ്രദ്ധേയനായത്.

2006 ൽ ജയകുമാർ അദ്ധ്യാപകനായി എത്തുമ്പോൾ കുട്ടികളുടെ കുറവ് മൂലം പ്രശ്നങ്ങൾ നേരിട്ടിരുന്ന സ്കൂളിൽ നടത്തിയ പരിസ്ഥിതിസൗഹൃദ പ്രവർത്തനങ്ങൾ വിദ്യാലയത്തെ മികവിലേക്കുയർത്തി. കഠിനംകുളം കായൽ സംരക്ഷണത്തിനായി കുട്ടികളെ പങ്കെടുപ്പിച്ച് തയ്യാറാക്കിയ കരുതി വയ്ക്കാം എന്ന ഡോക്യുമെൻ്ററി സംസ്ഥാന പുരസ്ക്കാരം നേടി. ഭിന്നശേഷി കുട്ടികളുടെ വികസനത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ സ്കൂളിൽ നടപ്പിലാക്കിയ ഹോർട്ടി കൾച്ചർ ഉദ്യാന ചികിത്സാപദ്ധതിയും ശ്രദ്ധനേടി. 2015 ൽ സർക്കാരിൻ്റെ മെരിറ്റ് അവാർഡ് നേടിയ ഇടവിളാകം സ്കൂളിൻ്റെ പ്രകൃതിസൗഹൃദ പ്രവർത്തനങ്ങൾക്ക് പ്രമുഖ സോഫ്റ്റ് വെയർ കമ്പനിയുടെ 60 ലക്ഷം രൂപ വികസനഫണ്ട് കൂടി ലഭ്യമാക്കിയ സന്തോഷത്തിലാണ് ജയകുമാർ വിരമിക്കുന്നത്.


ദൂരദർശന് വേണ്ടി നൂറിൽപരം ഡോക്യുമെൻ്ററികൾ മൊഴിമാറ്റി അവതരിപ്പിച്ചിട്ടുള്ള ജയകുമാർ പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രഭാഷണ പരമ്പരയുടെ പരിഭാഷകനാണ്. വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനദിനം തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം പരിഭാഷപ്പെടുത്തിയത് ജയകുമാറായിരുന്നു. വനം വകുപ്പിൻ്റെ പ്രകൃതി മിത്ര, സിറ്റിസൺ കൺസർവേറ്റർ പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.