ശ്രീനഗർ: ജമ്മു കാശ്‌മീരിൽ തീർത്ഥാടകരുമായി സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേർക്ക് ദാരുണാന്ത്യം. 40 പേർക്ക് പരിക്കേറ്റു. അഖ്നൂർ നഗരത്തിലെ തണ്ട മേഖലയ്ക്ക് സമീപം തംഗ്ലി മോർ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. റോഡിൽ നിന്ന് തെന്നി മലയിടുക്കിലേക്ക് വീഴുകയായിരുന്നു.150 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ഹരിയാനയിലെ കുരുക്ഷേത്രയിൽനിന്ന് ജമ്മു-കാശ്മീരിലെ റിയാസി ജില്ലയിലെ ശിവ് ഖോരിയിലേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്നു ബസ്. അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. ഹൃദയം തകർക്കുന്ന അപകടമാണെന്ന് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എക്സിൽ കുറിച്ചു. അനുശോചനം രേഖപ്പെടുത്തുന്നു. ദുഃഖിതരായ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുനെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
വാഹനത്തിലുണ്ടായിരുന്നവരിൽ ഏറെയും യു.പി, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരായിരുന്നു.