തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ ജില്ലാ തല സ്‌കൂൾ പ്രവേശനോത്സവം മീനാങ്കൽ ഗവൺമെന്റ് ട്രൈബൽ ഹൈസ്‌കൂളിൽ നടക്കും. ജൂൺ മൂന്ന് രാവിലെ 9.30ന് പ്രവേശനോത്സവം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി .സുരേഷ്‌കുമാർ, വൈസ്പ്രസിഡന്റ് എ.ഷൈലജ ബീഗം, വിദ്യാഭ്യാസ ഉപഡയറക്ടർ ദീപാ മാർട്ടിൻ എന്നിവരും പങ്കെടുക്കും. മലയോരമേഖലയുടെ സംസ്‌കാരം വിളിച്ചോതുന്ന നിരവധി പരിപാടികൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. പഠനോപകരണങ്ങളുടെ വിതരണം, ഭിന്നശേഷി സൗഹൃദ പ്രോജക്ട് പ്രകാശനം, അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം, ഇൻക്ലൂസീവ് സ്‌പോർട്‌സ് ഉപകരണങ്ങളുടെ വിതരണം എന്നിവയും നടക്കും.
സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തേ പറഞ്ഞിരുന്നു. എറണാകുളം എളമക്കര സ്‌കൂളിൽ മുഖ്യമന്ത്രി പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്യും. അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
ഭിന്നശേഷി കുട്ടികളെ പ്രവേശിപ്പിക്കാൻ സ്‌കൂൾ അധികൃതർ വിമുഖത കാണിക്കുന്ന രീതി ഉണ്ടെന്ന് ചില പരാതികൾ ലഭിച്ചതായും മന്ത്രി പറഞ്ഞു. പരാതികൾ ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്, കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ചില എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. ഇത് ഗുണകരമായ രീതി അല്ലെന്നും മന്ത്രി വ്യക്തമാക്കി.