എഴുത്തുഭാഷ, സംസാരഭാഷ, പ്രാദേശിക ഭാഷ എന്നൊക്കെ ഭാഷയിൽ ഭേദരൂപങ്ങൾ പലതുള്ളതുപോലെ, നിഘണ്ടുവായി അച്ചടിക്കപ്പെട്ടിട്ടില്ലെങ്കിലും കേരളത്തിൽ 'പൊലീസ് ഭാഷ" എന്നൊന്നുണ്ട്. 'പൊലീസ് മുറ" പോലെതന്നെ അത് നന്നേ പരുക്കനും, പലപ്പോഴും പുറത്തുപറയാൻ കൊള്ളാത്തത്ര മലീമസവും ആണുതാനും! അഥവാ, പൊലീസ് മുറയുടെ ഒരു ഭാഗംതന്നെയാണ് അത്. കള്ളന്മാരോടും കുറ്റവാളികളോടും തട്ടിപ്പുകാരോടും മറ്റും ഇത്തരം ചില മുറപ്രയോഗങ്ങൾ ആകുന്നതിൽ തെറ്റില്ലെന്നാണ് സേനയ്ക്കു പുറത്തുമുള്ള പൊതുവികാരമെന്ന് സമ്മതിക്കാം. പക്ഷേ, ന്യായമായ പരാതിയുമായി സ്റ്രേഷനിലേക്ക് പേടിച്ചും വിറച്ചും ചെല്ലുന്ന പൊതുജനത്തോടു പോലും ഈ മുറയും വികട സരസ്വതിയുമൊക്കെ ഇപ്പോഴും ഉണ്ടെന്നു വന്നാലോ? അതുകൊണ്ടാണ്, പാലക്കാട് ജില്ലയിലെ ആലത്തൂരിൽ നിന്നുള്ള അഭിഭാഷകൻ, സ്ഥലം എസ്.ഐയ്ക്കെതിരെ നല്കിയ ഹർജി പരിഗണിക്കവേ ഹൈക്കോടതിക്ക് മുഴുവൻ പൊലീസ് സേനയെയും ഇക്കാര്യം കടുത്ത ശബ്ദത്തിൽത്തന്നെ ഓർമ്മിപ്പിക്കേണ്ടിവന്നത്: പൊലീസ് ജനങ്ങൾക്കും മുകളിലല്ല! ഭയം കാരണം ജനം എന്തും സഹിക്കുമെന്ന് കരുതരുത്!
അപകടത്തിൽപ്പെട്ട വാഹനം വിട്ടുകിട്ടാനുള്ള കോടതി ഉത്തരവുമായി ആലത്തൂർ സ്റ്രേഷനിലെത്തിയ അഡ്വ. അക്വിബ് സുഹൈലിനോട് ആലത്തൂർ എസ്.ഐ റിനീഷ് അപമര്യാദയായി പെരുമാറി എന്നതാണ് കേസ്. സ്റ്റേഷനിൽ അരങ്ങേറിയ രംഗങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും സേനയ്ക്കു തന്നെ നാണക്കേടുണ്ടാക്കുകയും ചെയ്തിരുന്നു. ജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന മുൻ ഉത്തരവിന്റെ ലംഘനമാണ് എസ്.ഐയുടെ പെരുമാറ്റമെന്ന് ചൂണ്ടിക്കാണിച്ചുള്ള കോടതിയലക്ഷ്യ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് പരിഗണിച്ചത്. കേസ് ജൂൺ 11 ന് വീണ്ടും പരിഗണിക്കാൻ മാറ്റിയ കോടതി, കേരളത്തിലെ പൊലീസ് സേന രാജ്യത്തെ ഏറ്റവും മികച്ചതാണെന്ന് സമ്മതിക്കുന്നുണ്ട്. അത് അന്വേഷണ മികവിന്റെ കാര്യം. അതേസമയം, സാധാരണക്കാരോട് മനുഷ്യപ്പറ്റോടെ പെരുമാറുന്ന കാര്യത്തിലാണ് ചില ഉദ്യോഗസ്ഥർ സേനയ്ക്കാകെ കളങ്കമുണ്ടാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊമ്പൻ മീശയും കൂർത്ത തൊപ്പിയും ദേഹം തൊടാത്ത നിക്കറുമൊക്കെയായി കോമാളി വേഷത്തിൽ പൊലീസ് അവതരിച്ചിരുന്ന കാലം പഴയ സിനിമകളിലേ പുതിയ തലമുറകണ്ടിട്ടുണ്ടാകൂ. അതു മാറ്റി, പരന്ന തൊപ്പിയും പാന്റ്സുമൊക്കെയായി യൂണിഫോം പരിഷ്കരിച്ചത് വെറുമൊരു വസ്ത്രപരിഷ്കാരം മാത്രമായല്ല, പൊലീസിനെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കുന്നതിനു വേണ്ടിക്കൂടിയായിരുന്നു. എന്നാൽ, വേഷം മാറിയിട്ടും ഭാഷ മാറിയില്ലെന്ന് വ്യക്തമാക്കുന്നതാണ് കേട്ടാൽ അറയ്ക്കുന്ന പൊലീസ് ഭാഷയെക്കുറിച്ച് പലപ്പോഴും ഉയരുന്ന പരാതികൾ. സ്ത്രീകൾ ഉൾപ്പെടെ സാധാരണജനം ഒരു പരാതിയുമായി പൊലീസ് സ്റ്രേഷിലേക്ക് കാലെടുത്തു കുത്തുന്നതിനെക്കുറിച്ച് ഓർക്കുമ്പോൾത്തന്നെ വിറച്ചുതുടങ്ങുന്നത് അതുകൊണ്ടാണ്.
വിദ്യാഭ്യാസംകൊണ്ട് സാംസ്കാരികമായി ഒരാൾ ഉന്നതി നേടുന്നു എന്നാണ് വയ്പ്. അങ്ങനെയെങ്കിൽ ഇക്കഴിഞ്ഞ ദിവസം എസ്.എ.പി, കെ.എ.പി മൂന്നാം ബറ്റാലിയൻ എന്നിവിടങ്ങളിൽ പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായി മാറിയ 461 പൊലീസ് ഉദ്യോഗസ്ഥരിൽ എം.ടെക് ബിരുദമുള്ളവർ അഞ്ചുപേരുണ്ട്! എൻജിനിയറിംഗ് ബിരുദധാരികൾ 65. പി.ജി യോഗ്യതക്കാർ 38 പേർ. ഏഴു പേർ എം.ബി.എക്കാരാണ്. പല വിഷയങ്ങളിലായി മറ്റു ബിരുദങ്ങളുള്ളവർ 224 പേരുണ്ട്. ഉന്നതവിദ്യാഭ്യാസ യോഗ്യതയുമായി സേനയിലെത്തുന്ന ചെറുപ്പക്കാരുടെ സംസ്കാര സമ്പന്നതയ്ക്ക് പിന്നെ എപ്പോഴാണ് ശോഷണം സംഭവിക്കുന്നതെന്ന് അന്വേഷിക്കേണ്ടതല്ലേ? കാർക്കശ്യം സേനയുടെ അച്ചടക്കത്തിന് നിർബന്ധം തന്നെ. അതിന് അർത്ഥം സാധാരണക്കാരോട് മനുഷ്യത്വപരമായ പെരുമാറ്റം പാടില്ലെന്നല്ലല്ലോ! സംസ്കാരസമ്പന്നമാകണം, നമ്മുടെ പൊലീസ് സേനയും. അതിന് പരിഷ്കരിക്കേണ്ടത് പരിശീലന രീതിയാണെങ്കിൽ അത് അടിയന്തരമായി വേണം. അതല്ല, അധികാരത്തിന്റെ ധാർഷ്‌ട്യമാണ് കാര്യമെങ്കിൽ കർശന നടപടിയും ഉണ്ടാകണം.