c

കൈതിയിൽ കാർത്തിയെ വിറപ്പിച്ച വില്ലൻ

മോഹൻലാൽ, പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ തമിഴ് നടൻ അ‌ർജുൻ ദാസും .ചിത്രത്തിൽ പ്രധാന വേഷത്തിലാണ് അർജുൻദാസ് എത്തുന്നത്. കൈതി, വിക്രം എന്നീ ലോകേഷ് കനകരാജ് ചിത്രങ്ങളിലൂടെയാണ് അർജുൻദാസ് തമിഴ് സിനിമയിൽ ശ്രദ്ധേയനാകുന്നത്. കൈദിയിൽ കാർത്തിയെ വിറപ്പിച്ച മെലിഞ്ഞുണങ്ങിയ പയ്യന്റെ ശബ്ദം പ്രേക്ഷകരെയും ഞെട്ടിച്ചു. ആർ ജെ ജോലിയിൽ നിന്ന് സിനിമയിൽ എത്തിയ അർജുൻ ദാസിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു കൈദി, പ്രഭുസോളമന്റെ കുംകി 2 ആണ് മറ്റൊരു പ്രധാന ചിത്രം. എമ്പുരാനിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി അബ്രാമിന്റെ പ്രതിനായകനായാണോ അർജുൻ ദാസ് എത്തുന്നതെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മമ്മൂട്ടിയുടെ ടർബോ, ദുൽഖർ സൽമാന്റെ കിംഗ് ഒഫ് കൊത്ത എന്നീ ചിത്രങ്ങളിൽ അർജുൻ ദാസ് എത്തുമെന്ന പ്രചാരണമുണ്ടായിരുന്നു. ജൂൺ, മധുരം എന്നീ ചിത്രങ്ങളുടെ സംവിധായകനായ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി അഭിനയിക്കാനും ഒരുങ്ങുന്നുണ്ട്. എന്നാൽ ഇതിനിടെ അപ്രതീക്ഷിതമായി എമ്പുരാനിലൂടെ എത്തുന്നു. എമ്പുരാൻ ലൊക്കേഷനിൽ അർജുൻ ദാസ് ജോയിൻ ചെയ്തു. കൊച്ചിയിലും ഗുജറാത്തിലും ഗൾഫിലും ഇനി എമ്പുരാന്റെ ചിത്രീകരണമുണ്ട്. ആഗസ്റ്റിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് തീരുമാനം. ലൂസിഫറിന്റെ തുടർച്ചയായ എമ്പുരാനിൽ സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, ഷൈൻ, ടോം ചാക്കോ എന്നിവരും താരനിരയിലുണ്ട്. ഇവർ ലൂസിഫറിന്റെ ഭാഗമായിരുന്നില്ല.