2024 ജനുവരിന് ഒന്നിന് ശ്രീഹരിക്കോട്ടയിലെ സതീശ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് പി.എസ്.എൽ.വി- സി 58 കുതിച്ചുയർന്നപ്പോൾ അതിനുള്ളിൽ ഒരു സംഘം സ്ത്രീകളുടെ, വിദ്യാർത്ഥിനികളുടെ സ്വപ്നവും കൂടി ഉണ്ടായിരുന്നു,. വുമൺ എൻജിനീയർ സാറ്റലൈറ്റ് ( WESAT) എന്ന 1.5 കിലോഗ്രാം ഭാരമുള്ള സാറ്റലൈറ്റ് പേലോഡാണ് ഐ.എസ്.ആർ.ഒയുടെ എക്സ്പോ സാറ്റ് മിഷനിൽ മറ്റ് 9 സാറ്റലൈറ്റുകൾക്കൊപ്പം വിക്ഷേപിച്ചത്. തലസ്ഥാനത്തെ വനിതാ എൻജിനീയറിംഗ് കോളേജായ പൂജപ്പുര എൽ.ബി.എസിലെ അദ്ധ്യാപകരും വിദ്യാർത്ഥിനികളും ചേർന്ന സ്പേസ് ക്ലബ് കൂട്ടായ്മയാണ് വിസാറ്റിന് പിന്നിൽ പ്രയത്നിച്ചത്.
കേരളത്തിലെ കാലാവസ്ഥ വ്യതിയാനത്തിൽ അൾട്രാവയലറ്റ് റേഡിയേഷനുകളുടെ സ്വാധീനം നിരീക്ഷിക്കലാണ് വിസാറ്റിന്റെ ലക്ഷ്യം.. ബഹിരാകാശത്തെയും ഭൗമോപരിതലത്തിലെയും അൾട്രാവയലറ്റ് വികിരണങ്ങളുടെ തോത് അളക്കുന്നതിനും ഇതുമൂലം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും മറ്റും പഠിക്കുകയെന്നതും പദ്ധതിക്ക് പിന്നിലുണ്ട്. സാറ്റലൈറ്റ് നിർമ്മാണത്തിൽ വിദ്യാർത്ഥിനികൾക്ക് നേതൃത്വം നൽകിയത് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും വിസാറ്റ് പ്രോജക്ടിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ ഡോ. ലിസി എബ്രാഹം ആയിരുന്നു. ഏകദേശം നാല് വർഷത്തോളം നീണ്ട പ്രോജക്ടിനാണ് ശ്രീഹരിക്കാോട്ടയിൽ സാക്ഷാത്കാരമായത്.
2018 ൽ വിസാറ്റ് എന്ന ,സ്വപ്ന പദ്ധതിയുടെ ആശയം രൂപീകരിക്കുന്നത് മുതൽ വിക്ഷേപണം വരെ പ്രോ
ജക്ടിന് ഒപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് എൽ.ബി.എസിലെ 2018 - 2022 ബാച്ച് ഇലക്ട്രോണിക്സ് ആൻഡ് എൻജിനീയറിംഗ് വിദ്യാർത്ഥിയും യു.എസ് .ടിയിലെ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ അസോസിയേറ്റുമായ ശ്രുതി എസ് നായർ. വിസാറ്റിന്റെ മുൻ സ്റ്റുഡന്റ് കോർഡിനേറ്റർ കൂടിയാണ് ശ്രുതി. ദേവിക, സൂര്യ, ഷെറിൽ, ഗോപിക, രേഷ്മ , ഐശ്വര്യ എന്നിവരായിരുന്നു മറ്റു കോർഡിനേറ്റർമാർ.
വിസാറ്റ് എന്ന സീക്രട്ട് മിഷൻ സതീഷ് ധവാൻ സെന്ററിൽ വിജയം കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നായിരുന്നു എന്ന് ശ്രുതി പറയുന്നു. ഒന്നാവർഷ വിദ്യാർത്ഥിയായിരിക്കെയാണ് എൽ.ബി.എസിലെ സ്പേസ് ക്ലബിൽ അംഗമാകുന്നത്. സ്പേസ് ക്ലബിനായി ഒരു പ്രോജക്ട് ചെയ്യാനുള്ള ആലോചനയിലാണ് വിസാറ്റ് എന്ന ആശയം ഉരുത്തിരിഞ്ഞത്. മുൻപ് ഏതൊക്കെ സ്റ്റുഡന്റ് സാറ്റലൈറ്റുകൾ അയച്ചിട്ടുണ്ട്, അവയുടെ ലക്ഷ്യം എന്തൊക്കെയായിരുന്നു എന്നിവയെക്കുറിച്ച് പഠിച്ചതിന് ശേഷമാണ് അൾട്രാ വയലറ്റ് വികിരണങ്ങളിലേക്ക് എത്തിയത്. ക്ലബിലെ അംഗങ്ങളെല്ലാവരും കൂടി ചേർന്നായിരുന്നു അന്തിമ തീരുമാനം എടുത്തതും.
2018-19ൽ സ്പേസ് ക്ലബിൽ 40 പേരോളം ഉണ്ടായിരുന്നു. ഒന്നാം വർഷ വിദ്യാർത്ഥികൾ മുതൽ അവസാന വർഷ വിദ്യാർത്ഥികൾ വരെ ക്ലബിൽ അംഗങ്ങളായിരുന്നു. ഡോ. ലിസി എബ്രഹാമാണ് അഡ‌്വൈസറായും മെന്ററായും തങ്ങൾക്ക് മാർഗനിർദ്ദേശം നൽകിയതെന്ന് ശ്രുതി വ്യക്തമാക്കി.
തുടക്കത്തിലെ വെല്ലുവിളികൾ
ആദ്യം ഐഡിയ കണ്ടെത്താൻ കുറച്ച് ബുദ്ധിമുട്ടി. ഇതുവരെ ആരും ചെയ്തിട്ടില്ലാത്തത് ആയിരിക്കണം എന്ന് നിർബന്ധം ഉണ്ടായിരുന്നു. എന്തെങ്കിലും യൂണിക് ഫാക്ടർ വേണം. ആളുകൾക്ക് എന്തെങ്കിലും ഉപയോഗപ്പെടണം എന്നുള്ള രീതിയിലായിരുന്നു ചർച്ചകൾ നടന്നത്. ഒടുവിൽ ആശയം കിട്ടിയെങ്കിലും അത് എങ്ങനെ ഇംപ്ലിമെന്റ് ചെയ്യും എന്നതായിരുന്നു അടുത്ത ഘട്ടം.
ഇതൊരു സീക്രട്ട് മിഷൻ ആയതിനാൽ പ്രോജക്ട് ടീമിന് പുറത്ത് കോളേജിലോ വീട്ടിലോ മറ്റാർക്കും ഇതറിയില്ലായിരുന്നു. അതിനാൽ മറ്റാരോടും ചോദിക്കാൻ കഴിഞ്ഞിരുന്നില്ല.. ഗൂഗിളിൽ നിന്നും ലിസി മാഡത്തിൽ നിന്നുമാണ് പ്രോജക്ടിന് വേണ്ടിയുള്ള വിവരങ്ങൾ കണ്ടെത്തിയത്
കോളേജിലെ വെള്ളിയാഴ്ച ദിവസങ്ങളിലെ രണ്ട് മണിക്കൂർ ബ്രേക്ക് ടൈമിലാണ് മീറ്റിംഗും ചർച്ചകളും വർക്കും എല്ലാം നടന്നത്. പിന്നീട് കൊവിഡും ലോക്ക‌്ഡൗണും വന്നത് ഒരു തരത്തിൽ അനുഗ്രഹമായി. ലോക്ക്‌ഡൗൺ സമയത്ത് പ്രോജക്ടിനായി ഒരുപാട് സമയം കിട്ടി. 2022ൽ പാസൗട്ട് ആയതിന് ശേഷവും 2023 വരെ ഈ പ്രോജക്ടിന്റെ ഭാഗമായിരുന്നു,. പ്രൊപ്പോസൽ, , എംഒ.യു ,ഡിസൈൻ വരെ എല്ലാ പ്രവർത്തനങ്ങളിലും സഹകരിച്ചു. ജൂനിയേഴ്സ് വന്നപ്പോൾ ഇതെല്ലാം അവർക്ക് കൈമാറി. അവർ ആ സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തു.
വിവരശേഖരണം
തുടങ്ങിയ സമയത്തൊക്കെ കുറേ സംശയങ്ങൾ ഉണ്ടായിരുന്നു. ഫ്രഷ് ആയി തുടങ്ങുന്ന സംഭവം ആണ്. വലിയ ഐഡിയ ഇല്ല. അത് പഠിച്ച് ചെയ്യുക എന്നത് വലിയ ടാസ്ക് ആയിരുന്നു. കിട്ടുന്ന പരിമിതമായ അറിവുകൾ വച്ച് കാര്യങ്ങൾ കണ്ടുപിടിച്ച് ചെയ്തപ്പോൾ കുറേ സമയം പോയി.
പ്രൊജക്ടിലുള്ള വിശ്വാസം
പ്രൊജക്ട് വിജയിക്കുമെന്ന് നൂറു ശതമാനം ഉറപ്പായിരുന്നു. .2022ൽ ഐ.എസ്. ആർ.ഒയുമായുള്ള ആദ്യ മീറ്റിംഗ് കഴിഞ്ഞപ്പോൾ തന്നെ കിട്ടിയത് പോസിറ്റീവായ പ്രതികരണമായിരുന്നു. എന്നാൽ സമയം മാത്രമായിരുന്നു മുന്നിലെ വെല്ലുവിളി. പ്രധാനമായും ഓരോ വർഷം കഴിയുമ്പോഴും ഓരോ ബാച്ചിലെ വിദ്യാർത്ഥികൾ പോയ്‌ക്കൊണ്ടിരുന്നു. 2022 ആയപ്പോൾ ആദ്യം ഈ പ്രോജക്ടിൽ ഉണ്ടായിരുന്ന പത്തോ 15ഓ പേരെേ ഉണ്ടായിരുന്നുള്ളൂ. ഇവരെ വച്ചാണ് പ്രോപ്പോസലും ഡിസൈനും ഒക്കെ
തയ്യാറാക്കിയെടുത്തത്.
2023ൽ ഫണ്ടിംഗ് കിട്ടുന്നതിന് ഒരാഴ്ച മുമ്പാണ് പ്രോജക്ടിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. വിസാറ്റ് ലോഞ്ച് സമയത്ത് യുഎസ്.ടിയിൽ വർക്ക് ചെയ്യുകയായിരുന്നു. വിസാറ്റിൽ പങ്കാളിയാകാൻ യു.എസ്.ടിയും നല്ല പിന്തുണയാണ് നൽകിയത്. അവർക്കും ഇത് അഭിമാനനിമിഷം എന്നാണ് യു.എസ്.ടി ഇക്കാര്യത്തിൽ അഭിപ്രായപ്പെട്ടത്. മൂന്നുദിവസം ലീവെടുത്താണ് ശ്രീഹരിക്കോട്ടയിൽ പോയത്. നാലുവർഷം പാത്തുംപതുങ്ങിയും ഒരു പൂപോലെ കൊണ്ടുനടന്ന സ്വപ്നം സാക്ഷാത്കരിച്ചപ്പോൾ ഉണ്ടായ ഹാപ്പിനസ് വേറൊരു അനുഭവമായിരുന്നു.
ങ്ങങ്ങളുടെ സാറ്റലൈറ്റിന്റ സ്പെഷ്യാലിറ്റി എന്നു പറയുന്നത് അത് സെൽഫ് പവേർഡ് ആണ് എന്നതാണ്. ലോഞ്ച് കഴിഞ്ഞ് 30 മിനിട്ട് ആയപ്പോൾ തന്നെ ഡാറ്റ കിട്ടിത്തുടങ്ങി. അത് ഇരട്ടി സന്തോഷമായിരുന്നു.
തിരവവന്തപുരം തച്ചോട്ട് കാവ് പെരുകാവ് സ്വദേശിയായ സന്തോഷിന്റെയും അനുവിന്റെയും മകളാണ് ശ്രുതി.. കമ്മ്യൂണിറ്റി മാനേജ്‌മെന്റ് ഇഷ്ടപ്പെടുന്ന ശ്രുതി എൽ.ബി.എസിൽ ഗൂഗിൾ ഡെവലപ്പേഴ്‌സ്, സ്റ്റുഡന്റ് ക്ലബിന്റെ ഫൗണ്ടർ ആയിരുന്നു. ഇപ്പോൾ ഇതിന്റെ മെന്റർ ആയും പ്രവർത്തിക്കുന്നു. ഗൂഗിളിന്റെ വുമൻ ടെക്ക് മേക്കേഴ്‌സിന്റെ അംബാസഡർ ആണ്. നേരത്തെ മൈക്രോസോഫ്‌ട് ലേണേഴ്‌സ് സ്റ്റുഡന്റ് അംബാസഡർ ആയിരുന്നു. .ഗൂഗിളിന്റെ ഐ ഐആം റിമാർക്കബിൾ സിൽവർ ഗ്രേഡ് ഫെസിലിറ്റേറ്ററാണ്.