കണ്ണൂർ: മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസിൽ എയർ ഇന്ത്യ എക്സ്പ്രസിലെ എയർഹോസ്റ്റസായ കൊൽക്കത്ത സ്വദേശി പിടിയിലായി. മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസിലെ എയർ ഹോസ്റ്റസ് സുർഭി ഖാത്തൂണാണ് വിമാനത്താവളത്തിൽ വച്ച് പിടിയിലായത്. ഇവരിൽ നിന്ന് 960 ഗ്രാം സ്വർണം പിടികൂടി. മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ എയർഹോസ്റ്റസ് പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമാണിതെന്ന് ഡി.ആർ.ഐ അറിയിച്ചു.
അതേസമയം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 20 ലക്ഷത്തോളം രൂപയുടെ അനധികൃത സ്വർണവുമായെത്തിയ സ്ത്രീ കസ്റ്റംസിന്റെ പിടിയിലായി. ചൊവ്വാഴ്ച്ച രാവിലെ എയർ ഇന്ത്യ എക്സ്പ്രസിൽ ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ കോട്ടയം സ്വദേശിനിയാണ് പിടിയിലായത്. പരിശോധനകൾക്ക് ശേഷം വിമാനത്താവളത്തിൽ നിന്ന് പ്രീ പെയ്ഡ് ടാക്സിയിൽ എറണാകുളത്തെ ഹോട്ടലിലേക്ക് പോകുന്നതിനിടെ മറ്റൊരു വാഹനം പിന്തുടരുന്നതായി ഡ്രൈവർക്ക് സംശയം തോന്നി വിമാനത്താവളത്തിലെ ടെർമിനൽ മാനേജരെ രഹസ്യമായി വിളിച്ചറിയിച്ച ശേഷം തിരികെ വിമാനത്താവളത്തിലെ ടെർമിനൽ ടി 3യിൽ യാത്രക്കാരിയെ എത്തിച്ചു. പുറത്ത് കാത്തുനിന്ന കസ്റ്റംസ് അധികൃതർ യുവതിയെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ സോക്സിനുള്ളിൽ ഒളിപ്പിച്ചിരുന്ന 261 ഗ്രാം തൂക്കമുള്ള സ്വർണ ബിസ്ക്കറ്റുകൾ കണ്ടെത്തുകയായിരുന്നു.